
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി വിഎന്‍ വാസവന്‍. വെള്ളാപ്പള്ളി എസ്എന്‍ഡിപിയുടെ പകരക്കാരനില്ലാത്ത അമരക്കാരനായി തുടരുന്നുവെന്നാണ് വി.എന്‍. വാസവന്‍ പറഞ്ഞത്. കുത്തഴിഞ്ഞ ഒരു പുസ്തകം കുത്തിക്കെട്ടി എല്ലാവര്‍ക്കും വായിക്കാന്‍ പറ്റുന്ന പുസ്തമാക്കി മാറ്റിയെന്നും വാസവന്‍ പറഞ്ഞു.
എസ്എന്‍ഡിപി ശിവഗിരി യൂണിയന്‍ മന്ദിരം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നേടശന് നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമാനകരവും ആഹ്ലാദപരവുമായ ചടങ്ങ്. വര്‍ക്കല യൂണിയന് സ്വന്തമായ ഒരു ആസ്ഥാനമന്ദിരമുണ്ടായി. ഭാവി പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ടു പോകട്ടെയെന്നും വി.എന്‍. വാസവന്‍ ആശംസിച്ചു.
'വെള്ളാപള്ളി നടേശന്‍ പകരക്കാരന്‍ ഇല്ലാത്ത അമരക്കാരന്‍ ആയി തുടരുന്നു. വിശ്രമ ജീവിതത്തിലേക്ക് എല്ലാവരും പോകുന്ന കാലഘട്ടത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ ധീരമായി ഉത്തരവാദിത്തം ഏറ്റെടുത്തത്. തുടര്‍ച്ചയായി ഒരു സംഘത്തിന്റെ തലപ്പത്തിരുന്ന് നയിക്കുന്ന വെറുതെ ഇരുന്നാല്‍ പോരാ എന്ന് നമുക്കറിയാം. പ്രസ്ഥാനത്തോട് പ്രകടിപ്പിക്കുന്ന കൂറ് വലുതാണ്. കുത്തഴിഞ്ഞ പുസ്തകം ചിട്ടയായി മാറ്റിയെടുത്തു. എല്ലായിപ്പോഴും യൗവനമായി നിന്നുകൊണ്ട് സംഘടനയെ നയിക്കുന്നു. ഇങ്ങനെ ഒരു ജനറല്‍ സെക്രട്ടറിയെ മറ്റൊരു സംഘടനയ്ക്കും കാണിക്കാനില്ല. ശ്രീനാരായണഗുരു ദര്‍ശനങ്ങള്‍ക്ക് വളരെ പ്രാധാന്യമുള്ള കാലഘട്ടമാണ്. എത്ര ദീര്‍ഘ വീക്ഷണത്തിലാണ് ഗുരുവിന്റെ ദര്‍ശങ്ങള്‍ ഉണ്ടായത്. സംഘടനയെ നയിക്കാന്‍ ഭാവിയിലും വെള്ളാപ്പള്ളി നടേശന്‍ വരട്ടെ എന്ന് ആശംസിക്കുന്നു,' വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
വി.എന്‍. വാസവന് പിന്നാലെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും സംസാരിച്ചു. ഇതിന് ശേഷം വെള്ളാപ്പള്ളി നടേശന്‍ മറുപടിയും നല്‍കി. തന്നെപ്പറ്റി ഇന്ന് ഒരുപാട് നല്ല വാക്കുകള്‍ കേട്ടു. ഒരുപാട് മോശം വാക്കുകള്‍ പറഞ്ഞ ഇടമാണ് വര്‍ക്കല. ഇവിടെ ഒരു ഓഫീസില്ല എന്നത് എപ്പോഴും ചിന്തിച്ചിരുന്നു. അത് ഇന്ന് ഉണ്ടായെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തില്‍ സ്വിമ്മിങ് പൂള്‍ ഉള്ള ഏക യൂണിയന്‍ ഓഫീസ് വര്‍ക്കലയായി മാറി. കുറ്റം മാത്രം പറയുന്ന കുറെ ആള്‍ക്കാര്‍ വര്‍ക്കലയിലുണ്ട്. ഇന്നും അത് പറയുന്നവരുണ്ട്. അത് നമ്മുടെ വളര്‍ച്ചക്കോ ഉന്നമനത്തിന് ഒന്നിനും നല്ലതല്ല. മണ്ടന്‍, കള്ളന്‍, കള്ളു വച്ചവടക്കാരന്‍, വിദ്യാഭ്യാസമില്ലാത്തവന്‍ ഉള്‍പ്പെടെ എന്നെ പറഞ്ഞിട്ടുണ്ട്. താന്‍ പൊതുപ്രവര്‍ത്തനം തുടങ്ങുമ്പോള്‍ എന്റെ സമുദായം എവിടെ കിടക്കുന്നു എന്ന് തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
'ഇപ്പോള്‍ ഇത് കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. ചിക്ക് പായയില്‍ നിന്ന് പണി തുടങ്ങിയവയാണ് ഞാന്‍. ജാതി ഭേദമില്ലാതെ ജീവിക്കണമെന്ന് ഗുരു പറഞ്ഞത് സമൂഹത്തോടാണ്. ഈഴവനോട് മാത്രമായി പറഞ്ഞതല്ല. ഗുരുവിനെ ഈഴവനിലേക്ക് മാത്രം ഒതുക്കപ്പെടുന്നു. ജാതി വ്യവസ്ഥ നിയമപ്രകാരം ഇവിടെ നില നില്‍ക്കുമ്പോള്‍ ഞാന്‍ അതിനെക്കുറിച്ച് സംസാരിക്കും. ചില വിഭാഗം എല്ലാം പിടിച്ചെടുത്ത് ബാക്കിയുള്ളവരെ കുറ്റം പറയും,' വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.