
നിലയ്ക്കാത്ത മുദ്രാവാക്യം വിളികളോടെ പ്രിയ വിഎസിനെ യാത്രയാക്കാന്‍ വൈകിയ നേരത്തും മഴ പോലും വകവെക്കാതെ ജനം വിലാപയാത്രയ്‌ക്കൊപ്പം അണിചേര്‍ന്നു നടക്കുന്നു. നിരവധി പേരാണ് ആലപ്പുഴയിലേക്ക് വരുന്ന വിലാപയാത്രയ്ക്ക് ഇരുവശവും നിന്ന് കണ്ണീര്‍ വാര്‍ത്തും മുദ്രാവാക്യം വിളിച്ചും ഒരു നോക്കു കാണാന്‍ കാത്തിരിക്കുന്നത്. കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ ആ കൂട്ടത്തിലുണ്ട്.
വിലാപ യാത്ര ഇപ്പോഴും തിരുവനന്തപുരം ജില്ല കടക്കാനായിട്ടില്ല. ആറ്റിങ്ങലും കല്ലമ്പലവുമെല്ലാം ജനസാഗരമാണ് വിഎസിനെ കാത്തിരുന്നത്. എട്ട് മണിക്കൂറോളം സമയമെടുത്താണ് 24 കിലോമീറ്റര്‍ പിന്നിട്ടത്. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ പുന്നപ്രയിലേക്ക് 151 കിലോമീറ്ററാണ് ദൂരം.
പുന്നപ്രയിലെ വീട്ടിലെത്തിയ ശേഷം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടു പോകുന്ന മൃതദേഹം അവിടെ പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകിട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കും.