
തൃശൂർ: വോട്ടർ പട്ടിക ക്രമക്കേടുകളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റേത് രാഷ്ട്രീയ പ്രസ്താവന മാത്രമാണെന്ന് വി.എസ്. സുനിൽകുമാർ. ഒരു ഭരണഘടനാ സ്ഥാപനത്തിൻ്റെ ഭാഗത്തുനിന്ന് വരേണ്ട മറുപടിയല്ല ഉണ്ടായതെന്നും രാഹുൽ ഗാന്ധി ഉയർത്തിയ വിഷയങ്ങളിലെ മെറിറ്റിലേക്ക് ഇലക്ഷൻ കമ്മീഷൻ പോയില്ലെന്നും സിപിഐ നേതാവ് ആരോപിച്ചു.
രാജ്യത്ത് ഉയർന്നുവന്ന പരാതികളെ കുറിച്ചുള്ള വിഷയത്തിൽ ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയേണ്ടിയിരുന്നത്. തൃശൂർ മണ്ഡലത്തിൽ അല്ലാത്ത ആളുകൾ തൃശൂർ മണ്ഡലത്തിലെ ജനപ്രതിനിധിയെ തെരഞ്ഞെടുത്തു. എന്നാൽ അതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഇലക്ഷൻ കമ്മീഷൻ സർക്കാരിന്റെ വകുപ്പല്ല. പ്രതിപക്ഷ നേതാവ് രാഷ്ട്രീയം കളിക്കുന്നുവെന്ന പ്രസ്താവന കേട്ടാൽ ഭരണകക്ഷിയിലെ ഒരു മന്ത്രി നൽകിയ മറുപടി പോലെയുണ്ടെന്നും സുനില്‍കുമാർ വിമർശിച്ചു.
തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണങ്ങളില്‍ എംപി സ്ഥാനത്തിന് യോജിച്ച പ്രതികരണമല്ല സുരേഷ് ഗോപിയിൽ നിന്ന് ഉണ്ടായതെന്നും സുനിൽകുമാർ പറഞ്ഞു. 'വാനരന്മാർ' എന്ന വാക്കൊക്കെ കേന്ദ്രമന്ത്രിമാർ വിളിക്കുന്നത് ശരിയല്ല. ഇരിക്കുന്ന സ്ഥാനത്തെപ്പറ്റി നന്നായി ചിന്തിക്കണം. സുരേഷ് ഗോപിയുടേത് കേട്ടാൽ അറയ്ക്കുന്ന പ്രസ്താവന. രാത്രി കിടക്കുമ്പോൾ പറയുന്നത് ശരിയാണോ എന്ന് ചിന്തിക്കണം. സുരേഷ് ഗോപിക്ക് എതിരെ ഉയരുന്ന ആരോപണങ്ങളിൽ കൃത്യമായ മറുപടി പറയാൻ കഴിയുന്നില്ലെങ്കിൽ തെറിവാക്ക് പറയുകയല്ല വേണ്ടതെന്നും മുന്‍ മന്ത്രി കൂട്ടിച്ചേർത്തു.
തൃശൂരിലെ വോട്ട് ക്രമക്കേട് വിവാദത്തിൽ ആരോപണം ഉന്നയിക്കുന്ന വാനരൻമാരാണെന്നും അവർ സുപ്രീം കോടതിയിലേക്ക് പോകട്ടെ എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. വിവാദങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ മറുപടി നല്‍കുമെന്നും തൃശൂർ എംപി അറിയിച്ചിരുന്നു. ഇലക്ഷൻ കമ്മീഷൻ എന്താണ് പറയാൻ പോകുന്നതെന്നുള്ള മുൻകൂട്ടിയുള്ള ആത്മവിശ്വാസ പ്രകടനമാണ് സുരേഷ് ഗോപി നടത്തിയതെന്നാണ് സുനില്‍ കുമാറിന്റെ ആരോപണം.
തൃശൂരിലെ 'വോട്ടു കൊള്ള' ആരോപണത്തില്‍ ഉൾപ്പെടെ അന്വേഷണമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചത്. കേരളത്തിലടക്കം ഉയർന്നത് അടിസ്ഥാനരഹിത ആരോപണങ്ങളാണ്. സമയപരിധി കഴിഞ്ഞുള്ള പരാതികൾ അന്വേഷിക്കാൻ കഴിയില്ല. സ്വകാര്യതാ പ്രശ്നം ഉള്ളത് കൊണ്ട് മെഷിൻ റീഡബിൾ ഡാറ്റ രാഹുല്‍ ഗാന്ധിക്ക് നൽകാൻ പറ്റില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വ്യക്തമാക്കി.