സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങി വന്ന 32 പേരിൽ അവസാനത്തെ കണ്ണിയും ഇതാ മൺമറയുന്നു. സിപിഐഎം എന്ന പ്രസ്ഥാനത്തിന് ആദ്യാവസാനം വരെ ജീവിതം സമർപ്പിച്ച നേതാവ്. 102 മത്തെ വയസിൽ വിഎസ് വിടപറയുമ്പോൾ ആ ചരിത്ര നിമഷത്തിന്റെ കൂടി ഓർമപ്പെടുത്തൽ അനിവാര്യമാണ്.
സിപിഐഎം നിലവിൽ വന്നിട്ട് 61 വർഷം പൂർത്തിയാകുമ്പോഴാണ് സ്ഥാപക നേതാക്കളിലെ അവസാന കണ്ണിയും വിടപറയുന്നത്. 1964 ഏപ്രിൽ 11ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ പിളർന്നു. കോൺഗ്രസ് ഗവൺമെൻ്റിനോട് സ്വീകരിക്കേണ്ട സമീപനം, സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള പ്രത്യയശാസ്ത്ര ഭിന്നതകൾ എന്നിവയെല്ലാം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയെയും സ്വാധീനിച്ചു.
സിപിഐയിൽ അന്ന് 32 പേർ പടിയിറങ്ങി. പാർട്ടി രണ്ടായി. ആ 32 പേരിൽ കേരളത്തിൽ നിന്നുള്ള ഏഴ് നേതാക്കൾ. ഇഎംഎസ്, എകെജി, എ.വി. കുഞ്ഞമ്പു, സി.എച്ച്. കണാരൻ, ഇ.കെ. നായനാർ, ഇ.കെ. ഇമ്പിച്ചിബാവ, വി.എസ്. അച്യുതാനന്ദൻ. ആറ് മാസങ്ങൾക്ക് ശേഷം 1964 ഒക്‌ടോബർ 31 മുതൽ നവംബർ 7 വരെ കൊൽക്കത്തയിൽ ചേർന്ന ഏഴാം പാർട്ടി കോൺഗ്രസിൽ സിപിഐഎം രൂപീകരിച്ചു. 1965ലെ തെഞ്ഞെടുപ്പോടെ അരിവാൾ ചുറ്റിക നക്ഷത്രം പാർട്ടി തെരഞ്ഞെടുപ്പ് ചിഹ്നമായി.
പി. സുന്ദരയ്യ ജനറൽ സെകട്ടറി. ഇഎംഎസും എകെജിയും അടങ്ങുന്ന 9 അംഗ പോളിറ്റ് ബ്യൂറോ. കേരളത്തിൽ നിന്ന് എകെജി, ഇഎംഎസ്, നായനാർ, വിഎസ് എന്നിവർ കേന്ദ്ര കമ്മിറ്റിയിൽ. കേരളത്തിൽ പാർട്ടി പുനഃസംഘടന യാഥാർത്ഥ്യമായപ്പോൾ കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിൽ സംഘടന ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ വിഎസ് സക്രിയമായി.
1980 മുതൽ 1991 വരെ മൂന്ന് തവണ സിപിഐഎം സംസ്ഥാന സെക്രട്ടറി. 1986 മുതൽ 2009 വരെ 23 വർഷം പൊളിറ്റ് ബ്യൂറോ അംഗം. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. 2016- ലെ തെരഞ്ഞെടുപ്പിലടക്കം ഏഴു തവണ വിജയം. മാരാരിക്കുളത്ത് പരാജയവും. 2006 മെയ് 18-ന് കേരളത്തിൻ്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി വിഎസ് ചുമതലയേൽക്കുമ്പോൾ 83 വയസ് പ്രായം.
മുഖ്യമന്ത്രി പദവിയിലിരുന്ന ഏറ്റവും പ്രായം കൂടിയ നേതാവ് കൂടിയാണ് വിഎസ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ. ശേഷം സജീവ രാഷ്ട്രീയം വിട്ട് വിശ്രമം ജീവിതം. കേരളത്തിലും രാജ്യത്തുടനീളവും കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്ക് ആവേശമായിരുന്നു വിഎസ്. നായനാര്‍ക്ക് ശേഷം കഴിഞ്ഞ 20 വര്‍ഷത്തോളം കാലം കേരളത്തില്‍ ഇടതുപക്ഷത്തെ താര പ്രചാരകന്‍ ആരെന്നതിന്‍റെ ഉത്തരമാണ് വിഎസ്. ലെഫ്റ്റിന്റെ ക്രൗഡ് പുള്ളര്‍. വിഎസിലെ സമരനായകൻ തെളിച്ച നൂറു വർഷങ്ങൾക്ക് ഫുൾസ്റ്റോപ്പ്.