
എറണാകുളം: മുന്നോട്ട് നീങ്ങാൻ വഴിയില്ലാതെ വന്നതോടെ പിന്നോട്ട് നടന്ന് സമരം ചെയ്ത് വൈപ്പിൻ നിവാസികൾ. നോക്കിയാൽ കാണാവുന്ന ഹൈക്കോർട്ട് ജംഗ്ഷൻ എത്താൻ മണിക്കൂറുകൾ ബ്ലോക്കിൽ ഇഴയേണ്ടി വന്നതോടെ സഹികെട്ട് സമരത്തിനിറങ്ങുകയായിരുന്നു. സ്ത്രീകൾ പാലത്തിലൂടെ പിന്നിലേക്ക് നടന്നും, പുരുഷന്മാർ പാലത്തിൽ ഫുട്ബോൾ കളിച്ചുമായിരുന്നു പ്രതിഷേധം. ദ്വീപിലെ റെസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാഗിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
എറണാകുളത്തെ ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന ഗോശ്രീ പാലങ്ങളിൽ രണ്ടാം പാലത്തിന്റെ സാമാന്തര പാലത്തിൽ അറ്റകുറ്റ പണികൾ നടന്നുവരികയാണ്. ഇതുമൂലം മണിക്കൂറുകളാണ് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. വൈപ്പിനിൽ നിന്നും എറണാകുളം ഹൈക്കോർട്ട് ഭാഗത്തേക്ക് എത്താൻ നേരെത്തെ 20 മിനിറ്റായിരുന്നു വേണ്ടിരുന്നതെങ്കിൽ, ഇപ്പോൾ ഒന്നരമണിക്കൂർ വേണ്ടിവരുന്നതായി പ്രതിഷേധക്കാർ പറഞ്ഞു.
പണി നടക്കുന്ന പാലത്തിലൂടെ പിന്നിലോട്ട് നടന്നും പാലത്തിൽ ഫുട്ബോൾ കളിച്ചുമായിരുന്നു ജനങ്ങളുടെ പ്രതിഷേധം. സാമാന്തര പാലത്തിലെ പണികൾ ആരംഭിച്ചിട്ട് ഒന്നര മാസം പിന്നിടുന്നു. ദേശീയ പാത അതോറിറ്റിയും കരാറുകാരനും മെല്ലെപോക്ക് സമീപനമാണ് തുടരുന്നതെന്നും സമരക്കാർ ആരോപിച്ചു.