

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്ന ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ രാം നാരായണനെ മര്‍ദിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്രൂരമായ മര്‍ദനത്തിനാണ് രാം നാരായണ്‍ ഇരയായതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികള്‍ വടി ഉപയോഗിച്ച് റാം നാരായണിന്റെ മുതുകിലും തലയ്ക്കും അടിച്ചു. മുഖത്തും വയറിനും മര്‍ദനമേറ്റു.
കേസില്‍ അറസ്റ്റിലായ ഒന്നും രണ്ടും പ്രതികളാണ് വടി കൊണ്ട് മര്‍ദിച്ചത്. മൂന്നാം പ്രതി മുഖത്തടിക്കുകയും നാലാം പ്രതി വയറ്റില്‍ ചവിട്ടുകയും ചെയ്തു. ആറാം പ്രതി തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച രാം നാരയണ്‍ ചികിത്സയിലിരിക്കേയാണ് മരിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അനു, പ്രസാദ്, മുരളി, ആനന്തന്‍, വിപിന്‍ എന്നിവരാണ് ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍.
അതേസമയം, രാം നാരായണന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ച ഇന്ന് തൃശൂര്‍ കളക്ടറേറ്റില്‍ നടക്കും. മന്ത്രി കെ. രാജന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. രാം നാരായണന്റെ കുടുംബവും സമരസമിതി പ്രവര്‍ത്തകരും ചര്‍ച്ചയില്‍ പങ്കെടുക്കും. കുടുംബത്തിന് 10 ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ് നല്‍കിയിട്ടുണ്ട്.
കുടുംബത്തിന് ലഭിക്കേണ്ട നീതി ലഭ്യമാക്കാന്‍ ഭരണകൂടത്തിന് സാധിച്ചിട്ടില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. കേരളത്തില്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ലാത്ത കേസ് എന്ന നിലയില്‍ വേണം സര്‍ക്കാര്‍ ഇതിനെ കൈകാര്യം ചെയ്യേണ്ടതെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ബുധനാഴ്ച വൈകിട്ടാണ് വാളയാര്‍ അട്ടപ്പള്ളം മതാളികാട് ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണിനെ അതിക്രൂരമായി നാട്ടുകാര്‍ തല്ലിക്കൊന്നത്. കള്ളന്‍ എന്നാരോപിച്ചായിരുന്നു ആള്‍കൂട്ട മര്‍ദനം. ഒരാഴ്ച മുമ്പായിരുന്നു രാംനാരായണന്‍ ജോലി തേടി കേരളത്തിലെത്തിയത്.
മണിക്കൂറുകള്‍ നീണ്ട ആള്‍ക്കൂട്ട വിചാരണയാണ് രാംനാരായണന്‍ നേരിട്ടത്. പാലക്കാട് കിന്‍ഫ്രയില്‍ ജോലി തേടി എത്തിയ രാംനാരായണ്‍ വഴിതെറ്റി അട്ടപ്പള്ളത്ത് എത്തുകയായിരുന്നു. കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. സ്ത്രീകളടങ്ങുന്ന പതിനഞ്ചോളം വരുന്ന സംഘമാണ് യുവാവിനെ ആക്രമിച്ചതെന്നാണ് കണ്ടെത്തല്‍.