

പാലക്കാട്: വാളയാറില്‍ അതിഥി തൊഴിലാളിയായ രാംനാരായണന്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്ത്രീകള്‍ക്കും പങ്കെന്ന് പൊലീസ് നിഗമനം. രണ്ട് മണിക്കൂറാണ് രാം നാരായണനെ ആള്‍ക്കൂട്ടം മര്‍ദിച്ചത്. ഇതില്‍ സ്ത്രീകളുമുണ്ടായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം.
അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇക്കാര്യവും അന്വേഷിക്കും. പതിനഞ്ചോളം പേര്‍ ചേര്‍ന്നാണ് രാംനാരായണനെ മര്‍ദിച്ചതെന്നാണ് കരുതുന്നത്. ഇതില്‍ ചിലര്‍ ഇതിനകം നാടുവിട്ടതായും പൊലീസ് പറയുന്നു.
ബുധനാഴ്ച വൈകിട്ടാണ് വാളയാര്‍ അട്ടപ്പള്ളം മതാളികാട് ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണിനെ അതിക്രൂരമായി നാട്ടുകാര്‍ തല്ലിക്കൊന്നത്. കള്ളന്‍ എന്നാരോപിച്ചായിരുന്നു ആള്‍കൂട്ട മര്‍ദനം. ഒരാഴ്ച മുമ്പായിരുന്നു രാംനാരായണന്‍ ജോലി തേടി കേരളത്തിലെത്തിയത്.
സംശയാസ്പദമായ രീതിയില്‍ കണ്ടുവെന്ന് പറഞ്ഞ് തൊഴിലുറപ്പ് തൊഴിലാളികളാണ് പ്രദേശത്തെ യുവാക്കളെ ആദ്യം വിവരം അറിയിച്ചത്. പിന്നാലെ, ഒരു കൂട്ടം യുവാക്കളെത്തി ആള്‍ക്കൂട്ട വിചാരണ നടത്തി. മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മര്‍ദിച്ചു. ചോരവാര്‍ന്നു കിടന്ന രാംനാരായണനെ പിന്നീട് പൊലീസാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. പക്ഷേ, ജീവന്‍ രക്ഷിക്കാനായില്ല.
മണിക്കൂറുകള്‍ നീണ്ട ആള്‍ക്കൂട്ട വിചാരണയാണ് രാംനാരായണന്‍ നേരിട്ടത്. പാലക്കാട് കിന്‍ഫ്രയില്‍ ജോലി തേടി എത്തിയ രാംനാരായണ്‍ വഴിതെറ്റി അട്ടപ്പള്ളത്ത് എത്തുകയായിരുന്നു. കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.
ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാം നാരാണയന്റെ ദേഹം മുഴുവന്‍ അടികൊണ്ട പാടുകളാണ്. പുറം മുഴുവന്‍ വടികൊണ്ട് അടിച്ച പാടുകള്‍, കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരിക്ക്. ഒരാളെ മര്‍ദിച്ച് കൊല്ലാനുള്ള കാരണമായി നാട്ടുകാര്‍ പറഞ്ഞത്, അയാളെ കണ്ടപ്പോള്‍ കള്ളനാണെന്ന് തോന്നി എന്നാണ്. കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും.