
നമ്മുടെ ഓരത്തുകൂടിയുള്ള കപ്പല്‍ച്ചാലില്‍ ഒരു കപ്പലിന് തീ പിടിച്ചാല്‍ എന്തു സംഭവിക്കും? ഭയപ്പെടുത്തരുത് എന്ന സാമാന്യമര്യാദ പാലിക്കുമ്പോഴും ചിലതൊക്കെ പറയാതെ വയ്യ. ആ കത്തിയ കപ്പലിലുള്ള 134 കണ്ടെയ്‌നറുകളില്‍ അതീവ ഗുരുതര രാസവസ്തുക്കളുണ്ട്. അതില്‍ 17 കണ്ടെയ്‌നറുകളില്‍ ബൈപൈരിഡീലിയം എന്ന കൊടുംകീടനാശിനിയാണ്. ചെറുചൂടേറ്റാല്‍ തന്നെ നിന്നു കത്തും. മറ്റൊരു കണ്ടെയ്‌നറില്‍ അതീവ മാരകമായ ഈതൈല്‍ കാര്‍ബൊണോക്ലോറിഡേറ്റ്. ഇതിനെ ഈതൈല്‍ ക്ലോറോഫോര്‍മേറ്റ് എന്നും പറയും. ദ്രാവക രൂപത്തിലുള്ള ഇവ എണ്ണപോലെ കത്തിപ്പടരും. കുറച്ചൊന്നുമല്ല, 27 ടണ്‍ ഈതൈല്‍ ക്ലോറോ ഫോര്‍മേറ്റാണ് ആ കപ്പലില്‍ ഉള്ളത്. മറ്റു രണ്ടു കണ്ടെയ്‌നറുകളില്‍ ഉള്ളത് ഡൈമീതൈല്‍ സള്‍ഫേറ്റ് ആണ്. മെത്തനോളും സള്‍ഫ്യൂരിക്ക് ആസിഡും ചേര്‍ന്ന രാസവസ്തു. എന്‍വയോണ്‍മെന്റലി ഹസാഡസ് ആന്‍ഡ് ഹൈലി പോയ്‌സണസ് എന്നാണ് വിശേഷണം തന്നെ. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നതും കൊടിയ വിഷവും എന്നര്‍ത്ഥം.
ഇപ്പോള്‍ തീപിടിച്ച വാന്‍ ഹയി കപ്പല്‍ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ഫ്‌ലീറ്റിന്റെ ഭാഗം. 143 കണ്ടെയ്‌നര്‍ കപ്പലുകളാണ് ഈ കമ്പനിക്കുള്ളത്
കടലില്‍ വിഷം കലക്കുന്ന കൊടിയ അനാസ്ഥ
ഒരാഴ്ച മുന്‍പാണ് അമേരിക്കയിലെ അലാസ്‌കയ്ക്ക് സമീപം ചരക്കു കപ്പലിന് തീപിടിച്ചത്. അതില്‍ ഒന്നും രണ്ടുമല്ല, മൂവായിരം കാറുകളാണ് ഉണ്ടായിരുന്നത്. അതില്‍ 400 എണ്ണം തീകണ്ടാല്‍ കത്തുന്ന ബാറ്ററികളുള്ള ഇലക്ട്രിക് കാറുകള്‍. 20 കപ്പല്‍ ജീവനക്കാരെ രക്ഷിച്ച് ആ കപ്പല്‍ ഉപേക്ഷിച്ചു. അതിലുള്ള മറ്റൊന്നും രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞില്ല. കണ്ണൂര്‍ അഴീക്കലില്‍ നിന്ന് 81 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ കണ്ടെയ്‌നര്‍ കപ്പലിന് തീപിടിച്ചത്. ആദ്യം ഒരു സ്‌ഫോടനം ഉണ്ടായി. പിന്നെ തീ ആളിപ്പടര്‍ന്നു. ഇത് എങ്ങനെ സംഭവിക്കും? ഇത്തരം സംഭവങ്ങളിലെല്ലാം കാരണമാകുന്നത് അണ്‍ഡിസ്‌ക്ലോസ്ഡ് കാര്‍ഗോ ആണ്. എന്നുപറഞ്ഞാല്‍ ഒളിച്ചുകടത്തുന്ന ചരക്ക്. അതീവ ഗുരുതരമായ സ്‌ഫോടനശേഷിയുള്ള നിരവധി ചരക്കുകള്‍ കണ്ടെയ്‌നറുകളില്‍ നിറയ്ക്കുന്നതിന് വിലക്കുണ്ട്. അന്തരീക്ഷ താപനിലയില്‍ വ്യത്യാസം ഉണ്ടായാല്‍ തന്നെ കത്തും എന്നതാണ് കാരണം. ഇത്തരം വസ്തുക്കള്‍ മറ്റ് അനുവദനീയമായ രാസവസ്തുക്കളുടെ ലേബലില്‍ കണ്ടെയ്‌നറുകളില്‍ കയറ്റും. മിക്ക ചരക്കുകമ്പനികളും അങ്ങനെ ചെയ്യാറുണ്ട്. നമ്മുടെ തീരക്കടലില്‍ സ്‌ഫോടനമുണ്ടായ കപ്പലില്‍ അത്തരം എന്തെങ്കിലും ഉണ്ടോ എന്ന് ഇനിയും കണ്ടെത്തേണ്ടതുണ്ട്. രണ്ടാമത്തെ കാരണം കപ്പലിലുണ്ടാകാവുന്ന അനാസ്ഥയാണ്. സ്‌ഫോടനങ്ങളുണ്ടാക്കാവുന്ന രാസവസ്തുക്കള്‍ കയറ്റിയ കണ്ടെയ്‌നറിന് സമീപം ഗ്യാസ് വെല്‍ഡിങ് നടത്തിയിരിക്കാം. വെല്‍ഡിങ്ങിനിടെ ഉയരുന്ന തീപ്പൊരി കൊണ്ടുതന്നെ കത്താവുന്നവയാണ് ഈഥൈല്‍ ക്ലോറോഫോര്‍മേറ്റ് പോലുള്ള രാസവസ്തുക്കള്‍.
ചരക്കുനീക്കത്തിലെ കള്ളത്തരങ്ങള്‍
കപ്പലിലെ ഇലക്ട്രിക് സംവിധാനത്തിലെ തകരാറും തീപിടിത്തത്തിന് കാരണമാകാം. അല്ലെങ്കില്‍ ഇന്ധനടാങ്കിലെ ചോര്‍ച്ച. ഇതിനെല്ലാം അപ്പുറമുള്ള മറ്റൊരു സാധ്യതകൂടിയുണ്ട്. കണ്ടെയ്‌നറുകളില്‍ വേണ്ടത്ര ശ്രദ്ധയില്ലാതെ രാസവസ്തുക്കള്‍ പായ്ക്ക് ചെയ്തത്. തമ്മില്‍ കലര്‍ന്നാല്‍ സ്‌ഫോടനം നടക്കാവുന്ന നിരവധി രാസവസ്തുക്കളുണ്ട്. ഇവ അലസമായും അലക്ഷ്യമായും കുത്തി നിറയ്ക്കുന്ന കണ്ടെയ്‌നറിന് പെട്ടെന്ന് തീപിടിക്കാം. ഇതില്‍ ഏതു കാരണമാണെങ്കിലും അതു സംഭവിക്കുന്നത് അനാസ്ഥ കൊണ്ടാണ്. കൊച്ചിതീരത്ത് ചരിഞ്ഞ കപ്പലിലും ഇതു തന്നെയായിരുന്നു കാരണം. ആ കപ്പലിന് നിരവധി കുഴപ്പങ്ങളുണ്ടായിരുന്നെന്ന് പല തുറമുഖങ്ങളിലും മുന്നറിയിപ്പു നല്‍കിയതാണ്. അവയൊന്നും പരിഹരിക്കാതെ നടത്തിയ സര്‍വീസാണ് അപകടത്തിനു കാരണമായത്. എന്നിട്ടും ലോകത്തെ ഏറ്റവും വലിയ ചരക്കു നീക്ക കമ്പനിയായ എംഎസ്സിക്കെതിരേ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. എംഎസ്സി ലോകമെങ്ങും പടര്‍ന്ന കമ്പനിയാണ്. ഇപ്പോള്‍ തീപിടിച്ച വാന്‍ ഹയി കപ്പല്‍ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ഫ്‌ലീറ്റിന്റെ ഭാഗം. 143 കണ്ടെയ്‌നര്‍ കപ്പലുകളാണ് ഈ കമ്പനിക്കുള്ളത്. ഇത്രവലിയ പ്രസ്ഥാനം പോലും അലക്ഷ്യമായാണ് ചരക്ക് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണ് കപ്പല്‍ച്ചാലില്‍ കണ്ടത്.
വല്ലാര്‍പാടം, വിഴിഞ്ഞം എന്നീ രണ്ടു ട്രാന്‍സ്ഷിപ്പ് ടെര്‍മിനലുകള്‍. ബേപ്പൂരും കൊല്ലവും പോലെ വികസിച്ചുവരുന്ന ചെറുകിട തുറമുഖങ്ങള്‍. ഇത്രയും സംവിധാനങ്ങളുള്ള കേരളം അടിയന്തരമായി സ്ഥിരം വിദഗ്ധ സമിതി ഉണ്ടാക്കുക തന്നെ വേണം
നമ്മുടെ കടലില്‍ എത്രമാത്രം അപകടം
കോഴിക്കോട് നിന്ന് 162 കിലോമീറ്ററും കണ്ണൂരു നിന്ന് 81 കിലോമീറ്ററും അകലെയാണ് തീപിടിച്ച കപ്പല്‍. അന്തരീക്ഷത്തിലൂടെ അപകടങ്ങളൊന്നും വരില്ല എന്ന് ആശ്വസിക്കാം. എന്നാല്‍ അപകടത്തിനു പിന്നാലെ 22 കണ്ടെയ്‌നറുകള്‍ കടലില്‍ വീണു. അവ തൃശൂര്‍ മുതല്‍ മംഗലാപുരം വരെ ഏതു തീരത്തും എത്താം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചറിയാകുന്നത് ആവര്‍ത്തിക്കുന്ന സ്‌ഫോടനങ്ങളാണ്. തീ പടരുന്നതിനൊപ്പം കൂടുതല്‍ കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിക്കുന്നുണ്ട്. ഈ സ്‌ഫോടനങ്ങളില്‍ നിരവധി കണ്ടെയ്‌നറുകള്‍ തെറിച്ചു കടലില്‍ വീഴാം. ഇപ്പോള്‍ ഭയപ്പെടേണ്ട കാര്യമില്ലെങ്കിലും കരുതി ഇരിക്കേണ്ടതുണ്ട്. രാജ്യാന്തര കപ്പല്‍ച്ചാലില്‍ ഇത്ര കൊടിയ രാസവസ്തുക്കള്‍ കലര്‍ന്നാലുള്ള അപകടമുണ്ട്. കപ്പലുകള്‍ക്ക് മാറി സഞ്ചരിക്കേണ്ടി വരും. എന്നാല്‍ അതിനും അപ്പുറം കടലിലെ ആവാസ വ്യവസ്ഥയെ ബാധിക്കാം. രാസസാന്നിധ്യമുള്ള കടലില്‍ നിന്ന് മല്‍സ്യങ്ങളും മറ്റും കടല്‍ജീവികളും കൂട്ടത്തോടെ മാറും. ഇതു മീന്‍പിടിത്തത്തെ ഉലയ്ക്കും. ബേപ്പൂര്‍ മുതല്‍ മംഗലാപുരം വരെയുള്ള തീരങ്ങളില്‍ നിന്ന് മീന്‍പിടിത്ത ബോട്ടുകള്‍ പോകുന്ന ഇടത്താണ് അപകടം. ഇപ്പോള്‍ ട്രോളിങ് നിരോധനം ഉള്ള സമയമാണ്. വലിയ ബോട്ടുകള്‍ക്ക് കടലില്‍ പോകാന്‍ വിലക്കുണ്ട്. ചെറിയ വള്ളങ്ങളില്‍ തീരക്കടലില്‍ മാത്രമാണ് മീന്‍പിടിത്തം നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ രണ്ട് അപകടവും ഉടനെ തൊഴിലിനെ ബാധിക്കില്ല. ഭാവിയില്‍ മത്സ്യസമ്പത്തിനെ ബാധിക്കുമോ എന്ന് പരിശോധനകളിലൂടെ മാത്രമേ വ്യക്തമാകൂ.
കപ്പല്‍കമ്പനികള്‍ വിചാരണ ചെയ്യപ്പെടണം
ഇന്ത്യയിലെ മാരിടൈം നിയമങ്ങള്‍ വേണ്ടത്ര ശക്തമല്ലെന്ന് മുന്‍പു തന്നെ പരാതികളുണ്ട്. ഇപ്പോഴത്തെ അപകടത്തെ സംസ്ഥാനത്തിന് നിയമപരമായി നേരിടാന്‍ കഴിയില്ല. സംസ്ഥാന അതിര്‍ത്തി 22 നോട്ടിക്കല്‍ മൈല്‍ വരെ മാത്രമാണ്. രാജ്യാന്തര കപ്പല്‍ച്ചാലിലാണ് അപകടം എന്നതിനാല്‍ കപ്പല്‍ കമ്പനി സംസ്ഥാനത്തോട് മറുപടി പറയാന്‍ ബാധ്യസ്ഥരല്ല. ആത്യന്തിക നഷ്ടം സംസ്ഥാനത്തിനാണ് ഉണ്ടാകുന്നതെങ്കിലും സംസ്ഥാനം ഏറെക്കുറെ നിസ്സഹായരാണ്. പക്ഷേ, ഇവിടെ സ്ഥിരമായി താമസിക്കുന്ന ജനതയുണ്ട്. അവരുടെ ആരോഗ്യത്തെ ഇത് എങ്ങനെ ബാധിക്കും എന്ന് അറിയേണ്ടതുണ്ട്. മേല്‍കീഴ് നോട്ടമില്ലാതെ അമിതലാഭം മാത്രം ലക്ഷ്യമിട്ടുള്ള ചരക്കുനീക്കമാണ് എങ്ങും നടക്കുന്നത്. 550 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള കേരളം കരുതി ഇരിക്കുക തന്നെ വേണം. വാന്‍ ഹയിയും എംഎസ് സിയും പോലുള്ള കമ്പനികള്‍ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ബന്ധിതരാകുന്ന കര്‍ശന നിയമങ്ങള്‍ ഉണ്ടാകണം. അതനുസരിച്ച് ചര്‍ച്ച നടത്താനുള്ള മാരിടൈം ബോര്‍ഡ് ഉണ്ടാകണം. വല്ലാര്‍പാടം, വിഴിഞ്ഞം എന്നീ രണ്ടു ട്രാന്‍സ്ഷിപ്പ് ടെര്‍മിനലുകള്‍. ബേപ്പൂരും കൊല്ലവും പോലെ വികസിച്ചുവരുന്ന ചെറുകിട തുറമുഖങ്ങള്‍. ഇത്രയും സംവിധാനങ്ങളുള്ള കേരളം അടിയന്തരമായി സ്ഥിരം വിദഗ്ധ സമിതി ഉണ്ടാക്കുക തന്നെ വേണം. അതിനു മുന്‍പ് ഈ കടലില്‍ കലങ്ങിയേക്കാവുന്ന രാസവസ്തുക്കള്‍ ഉണ്ടാക്കാവുന്ന അപകടം പഠിക്കണം.