
അറബിക്കടലിൽ വാൻ ഹായി കപ്പലിലുണ്ടായ തീ അണയ്ക്കാനുള്ള ശ്രമം തുടർന്ന് ഇന്ത്യൻ നാവിക സേനയും തീര സംരക്ഷണ സേനയും. പുക രൂക്ഷമാണെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ പൊട്ടിത്തെറിയോടെ കടലിലേയ്ക്ക് വീഴുന്നുണ്ട്. കണ്ടെയ്നറുകളിലെ ചരക്കുകളിലേക്കും തീപടരാൻ തുടങ്ങി. അതേ സമയം പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു.
കോഴിക്കോട് ബേപ്പൂരിനു 44 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. കടലിലേക്ക് വീഴുന്ന ഈ കണ്ടെയ്നറുകൾ ഒഴുകി എത്താൻ സാധ്യത കൂടുതൽ വടകര മുതൽ ചെട്ടിപ്പടി വരെയെന്നാണ് നിഗമനം. അഞ്ചു ദിവസം വരെ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ഇന്ത്യൻ നാഷണൽ സെൻട്രൽ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിൻ്റെ കണക്കുകൂട്ടൽ. എന്നാൽ ഈ മാസം 16ന് ശേഷം കൂട്ടത്തോടെ കണ്ടെയ്നറുകൾ തീരത്ത് അടിയാൻ സാധ്യത ഉണ്ടെന്നും ഇൻകോയിസ് വിലയിരുത്തുന്നു.
നിലവിൽ ഇവ കടലിനു സമാന്തരമായി ഒഴുകുകയാണ്. അടുത്ത ദിവസങ്ങളിൽ കടലിന്റെ ഒഴുക്കിനെ ആശ്രയിച്ചായിരിക്കും കണ്ടെയ്നറുകളുടെ ഗതി മാറുക. കോഴിക്കോട് മുതൽ കൊച്ചി വരെ കണ്ടെയ്നറുകൾ തീരത്ത് അടിയാൻ സാധ്യത ഉണ്ടെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇത് ഇപ്പോഴും ആവർത്തിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലെ കണ്ണപുരം മുതൽ ചാവക്കാട് വരെ കണ്ടെയ്നറുകൾ എത്താൻ സാധ്യത ഗ്രാഫിൽ കാണിക്കുന്നുണ്ടെങ്കിലും സാധ്യത വളരെ കുറവാണെന്നും വിലയിരുത്തുന്നു. കോസ്റ്റലിൽ നിന്നും വളരെ ദൂരത്തായാണ് ഈ സ്ഥലങ്ങൾ എന്നതിനാലാണ് ഇവിടേക്ക് എത്താൻ സാധ്യത കുറവെന്ന് വിലയിരുത്തുന്നത്. അതേ സമയം ഒഴുക്കിന്റെ ഗതി അനുസരിച്ച് വീണ്ടും മാറ്റങ്ങൾ സംഭവിക്കാമെന്നും ഇൻകോയിസ് മുന്നറിയിപ്പ് നൽകുന്നു. രണ്ടു ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതീവ ഗുരുതര രാസവസ്തുക്കൾ ഉള്ള 157 കണ്ടെയ്നറുകൾ കപ്പലിൽ ഉണ്ട്. ഇതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്.