പത്തനംതിട്ട: കനത്ത മഴയിൽ അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നു. കോന്നി അച്ചൻകോവിൽ ആവണിപ്പാറ ഉന്നതി നിവാസികൾ ഒറ്റപ്പെട്ടു. 35 ഓളം കുടുംബങ്ങളാണിവിടെ താമസിക്കുന്നത്. സാഹസിക തോണി യാത്രയിലൂടെ മാത്രമാണ് ഉന്നതിയിൽ നിന്ന് പുറത്തേക്ക് എത്താനാകുക. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അച്ചൻകോവിൽ (കല്ലേലി, കോന്നി GD സ്റ്റേഷൻ), മണിമല (തോണ്ട്ര സ്റ്റേഷൻ) എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്നും ശക്തമാഴ മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചുട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ 27 വരെ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് പ്രവചനം.
കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. കന്യാകുമാരി തീരത്തും കടലാക്രമണത്തിന് സാധ്യതയുണ്ട്. കടൽ ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.