വയനാട് ഡെപ്യൂട്ടി കലക്ടർ സി. ഗീതയ്ക്ക് സസ്പെൻഷൻ. ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന പരാതിക്ക് പിന്നാലെയാണ് സസ്പെൻഷൻ. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യയുടെ പരാതിയിലാണ് നടപടി. അന്വേഷണ വിധേയമായാണ് ഗീതയെ സസ്പെന്‍ഡ് ചെയ്തത്.
ഭൂമി തരം മാറ്റുന്നതിന് അനാവശ്യ തടസങ്ങൾ ഉന്നയിച്ച് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നതുൾപ്പെടെയാണ് പരാതി. വയനാട് ജില്ലയിലെ നൂൽപ്പുഴ വില്ലേജ്, ബ്ലോക്ക് 33ൽ ഉള്‍പ്പെട്ട പത്ത് സെന്‍റ് ഭൂമി ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡാറ്റാബാങ്കിൽ നിന്ന് ഒഴിവാക്കി 2025 ഫെബ്രുവരി 27ന് ഉത്തരവായിട്ടുള്ളതാണ്. ഫോം ആറ് പ്രകാരം ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷയിൽ നടപടി സ്വീകരിക്കേണ്ട സി. ഗീത അനാവശ്യ തടസങ്ങള്‍ ഉന്നയിച്ച് അത് നിരസിക്കുകയായിരുന്നുവെന്നാണ് കെ.ജെ. ദേവസ്യയുടെ പരാതി.
പതിനായിരം രൂപ തരാമെങ്കിൽ ഡെപ്യൂട്ടി കളക്ടറെകൊണ്ട് ഭൂമി തരം മാറ്റി തരാമെന്ന് തനിക്ക് പരിചയമില്ലാത്ത ഒരാള്‍ ആവശ്യപ്പെട്ടുവെന്നും കെ.ജെ. ദേവസ്യയുടെ പരാതിയിൽ പറയുന്നു. ടപടിയിൽ ഗുരുതരമായ ചട്ടലംഘനവും കൃത്യവിലോപവും ഉണ്ടായെന്ന് വ്യക്തമാക്കിയാണ് സസ്പെന്‍ഷൻ.