വയനാട്: താമരശേരി ചുരത്തില്‍ ഗതാഗതകുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബദല്‍പാതകള്‍ ചർച്ചയാകുകയാണ്. 1994ൽ തറക്കല്ലിടുകയും, 70 ശതമാനത്തിലധികം നിർമാണം പൂർത്തീകരിച്ചതുമായ ഒരു ബദൽ പാതയുണ്ട് വയനാട്ടിൽ. തുരങ്കപാത എന്നപോലെ പടിഞ്ഞാറത്തറ- പൂഴിത്തോട് റോഡ് പൂർത്തിയായാൽ വയനാട്ടുകാർ അഭിമുഖീകരിക്കുന്ന യാത്ര പ്രശ്‌നങ്ങൾക്കും പരിഹാരമാകും. പാത യാഥാർഥ്യമാക്കുവാൻ ജനകീയ കർമസമിതി മൂന്ന് വർഷമായി നടത്തുന്ന റിലേസത്യാഗ്രഹം ഇപ്പോഴും തുടരുകയാണ്.
നാലു പതിറ്റാണ്ടു മുൻപ് സർക്കാർ തുടക്കമിട്ട വയനാട് ബദൽപാതയായ പൂഴിത്തോട്- പടിഞ്ഞാറത്തറ റോഡ് ഇന്നും സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ബദൽപാതയുടെ സർവേ നടപടികൾ പൂർത്തീകരിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് പ്രൊജക്ട് സമർപ്പിക്കാത്തതാണ് പ്രധാന തടസമെന്ന് ടി. സിദ്ധിഖ് എംഎൽഎ പറയുന്നു.
പൂഴിത്തോട്ട് നിന്നു പടിഞ്ഞാറത്തറവരെ 27.225 കിലോമീറ്റർ റോഡിൽ 9 കിലോമീറ്റർ വനഭൂമിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചിട്ടുമില്ല. 2024 മാർച്ചിൽ ഈ ബദൽ പാതയുടെ സാധ്യത പഠിക്കാൻ സംസ്ഥാന സർക്കാർ 1.50 കോടി അനുവദിച്ചിരുന്നു. വയനാട് ജില്ലയിൽ ജിപിഎസ് സർവേ മാസങ്ങൾക്ക് മുൻപ് പൂർത്തിയായെങ്കിലും കോഴിക്കോട് ജില്ലയിൽ സർവേക്ക് കാലതാമസം എടുക്കുകയാണ്. അനുവദിച്ച കാലാവധി സെപ്റ്റംബർ 18ന് അവസാനിച്ചാൽ വീണ്ടും അനുമതി ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്ന് പ്രദേശവാസികൾ പറയുന്നു.
ഈ പാതക്കായി വർഷങ്ങൾക്ക് മുൻപ് ഏക്കറുകണക്കിനു ഭൂമി സൗജന്യമായി വിട്ടു നൽകിയത് നിരവധി പേരാണ്. വയനാട്ടിൽ 150 കുടുംബങ്ങളും കോഴിക്കോട് ജില്ലയിൽ 33 കുടുംബങ്ങളും ഭൂമി വിട്ടുനൽകി. പടിഞ്ഞാറത്തറ-പൂഴിത്തോട് പാത യാഥാർഥ്യമാക്കുവാൻ ജനകീയ കർമസമിതി മൂന്ന് വർഷമായി നടത്തുന്ന റിലേസത്യാഗ്രഹം ഇപ്പോഴും തുടരുകയാണ്. ബദൽപാതയിൽ ഏറ്റവും ചെലവ് കുറവെന്നും കരുതപ്പെടുന്ന ഈ പാത നിർമാണം യാഥാർഥ്യമായാൽ വയനാട്ടിലേക്കുള്ള യാത്രാ ക്ലേശം വലിയ തോതിൽ പരിഹരിക്കപ്പെടും.