തിരുവനന്തപുരം: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്കുള്ള ആദ്യഘട്ട വീടുകൾ അടുത്തമാസം കൈമാറുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടൗൺഷിപ്പ് നിർമാണം ദ്രുതഗതിയിൽ നടക്കുന്നു. ലൈഫിൽ അഞ്ച് ലക്ഷം വീടെന്ന നേട്ടം അടുത്ത മാസം കൈവരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഓരോ വീട്ടിലും ആയിരം ലിറ്റർ കുടിവെള്ള ടാങ്ക് നൽകും. ഓരോ വീട്ടിലും സൗരോർജ പ്ലാൻ്റ് നൽകും. നിലവിൽ 207 വീടുകളുടെ വാർപ്പ് പൂർത്തിയായി. 3.9 കൂടുതൽ നീളത്തിൽ റോഡിൻ്റെ പ്രാരംഭ നിർമാണം പൂർത്തിയായി. കാലവർഷം കനത്തത് ചില പ്രയാസങ്ങൾ ഉണ്ടായി. 20 വർഷം വാറൻ്റിയുള്ള ഏറ്റവും മികച്ച സാധന സാമഗ്രികളാണ് ഉപയോഗിക്കുന്നത്. അഞ്ച് വർഷം കേടുപാടുകളിൽ നിന്ന് കരാറുകാർ സംരക്ഷണം നൽകും. ആദ്യഘട്ടം പൂർത്തിയാക്കി ഫെബ്രുവരിയിൽ വീട് കൈമാറാനാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
രാജ്യത്തെ പല ഭവന പദ്ധതികളും നാമമാത്രമായ തുകയാണ് കൈമാറിയിരുന്നത്. യാഥാർഥ്യ ബോധത്തോടെ തുക കണക്കാക്കി ലൈഫിൽ തുക കൈമാറി. ലൈഫിലെ വീടുകളുടെ എണ്ണം അടുത്ത മാസം അഞ്ച് ലക്ഷം പൂർത്തിയാക്കും. സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം തുടങ്ങി. ഭാവി തലമുറയുടെ ആഗ്രഹത്തിനൊത്ത് പ്രവർത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വികസനത്തിൻ്റെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാകണം. നിർദേശങ്ങളും ആശയങ്ങളും പൊതു ജനങ്ങളിൽ നിന്നും സ്വരൂപിക്കും. അനുയോജ്യമായ വികസനം എത്തിക്കൽ, പുതിയ പദ്ധതികൾ എന്നിവയിൽ അഭിപ്രായം ആരായും. ക്ഷേമ പദ്ധതികൾ ലഭ്യമായോ എന്ന് അഭിപ്രായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.