കോഴിക്കോട്: വയനാടിനെയും കോഴിക്കോടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത നിർമാണത്തിൻ്റെ സുപ്രധാന ഘട്ടമായ പാറ തുരക്കൽ ഇന്ന് ആരംഭിക്കും. പകൽ 11ന് പദ്ധതി പ്രദേശമായ ആനക്കാംപൊയിൽ മറിപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്യും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷനാകും.
സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാൽ നിയന്ത്രിത രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ ഉൾപ്പെടെ കുറച്ച് ആളുകൾക്ക് മാത്രമാണ് സ്ഥലത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഓസ്ട്രേലിയൻ സാങ്കേതിക വിദ്യയിൽ കട്ട് ആൻഡ് കവർ രീതിയിലാണ് പാറ തുരക്കുക. റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ചാണ് തുരങ്കനിർമാണം. 2,043 കോടി രൂപയാണ് പദ്ധതി ചിലവ്.
2025 ആഗസ്റ്റ് 31നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. കഴിഞ്ഞ ദിവസമാണ് വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ സ്റ്റേജ് 2 ക്ലിയറൻസ് കൂടി ലഭിച്ചത്. ആനയ്ക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട ഫൈനൽ ക്ലിയറൻസാണ് ലഭിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു.
താമരശേരി ചുരത്തിന് ബദലായി കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്നതാണ് ആനയ്ക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത. ബ്ലാസ്റ്റിംഗിൻ്റെ അപകട സാധ്യത മുൻനിർത്തി കനത്തസുരക്ഷയിലാണ് ഉദ്ഘാടനം സംഘടിപ്പിക്കുന്നത്. പാറതുളയ്ക്കുന്നതിനുള്ള ഭീമൻയന്ത്രം നേരത്തെ മേപ്പാടിയിലെത്തിയിരുന്നു. സാൻഡ് വിക് കമ്പനിയുടെ സർഫസ് ടോപ്പ് ഹാമർ ഡ്രിൽ റിഗ്ഗർ എന്ന ഭീമൻ യന്ത്രമാണ് ഋഷികേശിൽനിന്ന് റോഡുമാർഗം വയനാട്ടിലെത്തിച്ചത്. തുരങ്കപാത നിർമിക്കുമ്പോൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറപൊട്ടിക്കുന്നതിന് കൃത്യമായ ദ്വാരങ്ങളുണ്ടാക്കുകയാണ് യന്ത്രങ്ങളുടെ ദൗത്യം.
പദ്ധതി യാഥാർഥ്യമാകുന്നത്തോടെ ആനക്കാംപൊയിലിൽ നിന്നും കേവലം 22 കിലോമീറ്റർകൊണ്ട് മേപ്പാടിയിലെത്താനാകും. കോഴിക്കോട്, വയനാട് ജില്ലകളിലെ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി സമീപ പാത ഉൾപ്പെടെ 8.73 കിലോമീറ്റർ നീളമുള്ള നാലുവരി തുരങ്കപാതയാണ് പദ്ധതി. വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല റോഡുമായാണ് തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. മറിപ്പുഴ-മുത്തപ്പൻപുഴ-ആനക്കാംപൊയിൽ റോഡുമായാണ് കോഴിക്കോട് ജില്ലയിൽ ബന്ധിപ്പിക്കുന്നത്.
തുരങ്കപാത ആരംഭിക്കുന്ന മറിപ്പുഴയിലേക്ക് മലയോര ഹൈവേയിൽനിന്ന് പത്തുകിലോമീറ്റർ മാത്രമാണ് ദൂരം. കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്. തുരങ്കപാതയുടെ നിർമാണക്കരാർ ഭോപ്പാൽ ആസ്ഥാനമായിപ്രവർത്തിക്കുന്ന ദിലിപ് ബിൽഡ്കോൺ കമ്പനിക്കും മറിപ്പുഴയിൽ ഇരുവഞ്ഞിപ്പുഴയ്ക്ക് കുറുകെ നിർമിക്കുന്ന നാലുവരി ആർച്ച് സ്റ്റീൽ പാലത്തിൻ്റെ കരാർ പുനിയ കൺസ്ട്രക്‌ഷൻ കമ്പനിക്കുമാണ്.