

തിരുവനന്തപുരം: സെപ്റ്റംബർ മാസത്തെ സാമൂഹിക സുരക്ഷാ-ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ തുക ഗുണഭോക്താക്കളിലേക്ക് പൂർണമായും എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ 1,068.79 കോടി രൂപ അനുവദിച്ചു.
ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 957.93 കോടി രൂപയും വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചത്.
ഓരോ മാസത്തെയും പെൻഷൻ കുടിശ്ശികയില്ലാതെ അതാത് മാസങ്ങളിൽ തന്നെ വിതരണം ചെയ്യുക എന്ന നയത്തിൻ്റെ ഭാഗമായാണ് ധനവകുപ്പ് തുക അടിയന്തരമായി അനുവദിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. അർഹരായ വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷിക്കാർ, കർഷകത്തൊഴിലാളികൾ എന്നിവർക്കായി 957.93 കോടി രൂപയാണ് സർക്കാർ മാറ്റി വെച്ചിരിക്കുന്നത്.
വിവിധ അസംഘടിത മേഖലകളിലെ തൊഴിലാളികൾ ഉൾപ്പെടുന്ന ക്ഷേമനിധി ബോർഡുകൾ വഴിയുള്ള വിതരണത്തിനായാണ് 110.86 കോടി രൂപ അനുവദിച്ചത്. സർക്കാർ ഫണ്ട് ലഭ്യമാക്കിയതോടെ പ്രാഥമിക കാർഷിക സഹകരണ ബാങ്കുകൾ വഴിയും വാണിജ്യ ബാങ്ക് അക്കൗണ്ടുകൾ വഴിയുമുള്ള വിതരണ പ്രക്രിയകൾ ധനകാര്യ വകുപ്പ് ഉടൻ ആരംഭിച്ചു.