

തൊണ്ടിമുതലിൽ കൃത്രിമത്വം നടത്തിയതിന് 32 വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ആൻ്റണി രാജു ശിക്ഷിക്കപ്പെടുന്നത്. 3 വർഷത്തേക്കാണ് എംഎൽഎ കൂടിയായ ആൻ്റണി രാജുവിന് ശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാൽ ഈ കേസിന് ആധാരമായ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആൻഡ്രൂസ് സാൽവത്തോർ സെർവല്ലിയെന്ന പ്രതിയ്ക്ക് എന്ത് പറ്റിയെന്ന ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് ഓസ്ട്രേലിയ ആസ്ഥാനമായുള്ള എസ്ബിഎസ് മലയാളം പോഡ്കാസ്റ്റ്.
1990-ൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഓസ്‌ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവറ്റോർ സെർവെല്ലി തൻ്റെ അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത രഹസ്യ പോക്കറ്റിൽ ഒളിപ്പിച്ച 61.5 ഗ്രാം ഹാഷിഷുമായി അറസ്റ്റിലായതോടെയാണ് കേസ് ആരംഭിക്കുന്നത്. സെഷൻസ് കോടതി സെർവെല്ലി കുറ്റക്കാരനാണെന്ന് കണ്ടെത്തി, 10 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും വിധിച്ചു. എന്നാൽ അറസ്റ്റിൻ്റെ സമയത്ത് സെർവല്ലി ധരിച്ചിരുന്ന അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയതോടെ 1991 ഫെബ്രുവരിയിൽ സെർവെല്ലിയെ കുറ്റവിമുക്തനാക്കി.
സെർവല്ലിയെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആൻ്റണി രാജു ഇപ്പോൾ ശിക്ഷിക്കപ്പെട്ടത്. അടിവസ്ത്രത്തിൻ്റെ വലിപ്പം കുറച്ചുവെന്നും അതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി പ്രതിയെ വെറുതെ വിട്ടതെന്നുമാണ് ആൻ്റണി രാജുവിനെതിരായ കണ്ടത്തൽ. ഇതിൻ്റെ വിവരങ്ങൾ പുറത്തു വന്നതാവട്ടെ ഓസ്ട്രേലിയൻ പൊലീസ് ഇൻ്റർപോൾ വഴി സിബിഐയെ വിവരം അറിയിച്ചതോടെയാണ്.
കേരള ഹൈക്കോടതി വിട്ടയച്ച ശേഷം 1991 മാർച്ച് 6ന് ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തിയ സെർവല്ലി ഒരു കൊലപാതക കേസിൽ വിക്ടോറിയ പൊലീസിൻ്റെ പിടിയിലായതോടെയാണ് കേസ് വീണ്ടും പൊങ്ങി വന്നത്. ഈ കേസിൻ്റെ ചോദ്യം ചെയ്യലിനിടെയാണ് സെർവല്ലിയുടെ സഹ തടവുകാരനായ വെസ്ലി ജോൺ പോളിൽ നിന്നും കേരളത്തിലെ മയക്കുമരുന്ന് കേസും അതിൽ നിന്നും രക്ഷപ്പെട്ടതും ഓസ്ട്രേലിയൻ പൊലീസ് അറിയുന്നത്. ജോൺപോളിനോട് തടവിൽ കഴിയുമ്പോൾ സെർവല്ലി വെളിപ്പെടുത്തിയതാണിത്. ഇതേ തുടർന്ന് ഇൻ്റർപോൾ സിബിഐയ്ക്ക് കത്തയച്ചു. അന്നയച്ച കത്തിനെ തുടർന്നുണ്ടായ അന്വേഷണം ആണ് ആൻ്റണി രാജുവിൻ്റെ ശിക്ഷയിലേക്ക് നയിച്ചത്.
കൊലപാതക കേസിൽ പിടിയിലായ വെർസല്ലിയെ വിചാരണ കോടതി 12 വർഷത്തെ തടവിനാണ് ശിക്ഷിച്ചത്. പിന്നീട് അപ്പീൽ കോടതി ഈ കൊലപാതക കുറ്റം റദ്ദാക്കി. മൃതദേഹം ഒളിപ്പിക്കാൻ സഹായിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും കൊലപാതക കുറ്റം നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി 2 വർഷത്തെ ശിക്ഷ മാത്രമേ നിലനിൽക്കുകയുള്ളൂ എന്ന് സുപ്രീം കോടതിയും വിധിച്ചു. അതിനകം തന്നെ 2 വർഷത്തെ ജയിൽ വാസം അനുഭവിച്ചിരുന്നതിനാൽ ഇയാളെ ഉടൻ തന്നെ കുറ്റവിമുക്തനാക്കുകയും ചെയ്തു. അന്ന് കോടതിയിൽ താൻ മുമ്പ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പിന്നീട് ഇതിൽ നിന്നും മുക്തി നേടിയതായും ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു. അതുകൂടി പരിഗണിച്ചായിരുന്നു ശിക്ഷ കുറച്ചു നൽകിയത്. അതിന് ശേഷം പിന്നീട് വെർസല്ലിയുടെ പേരിൽ കുറ്റങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല.