നദ്‌വി പറഞ്ഞത് ചരിത്രപരമായ വസ്തുത, പണ്ഡിതന്മാർക്കെതിരെ അസഭ്യം പറഞ്ഞാൽ കൈയും കെട്ടി നോക്കി നിൽക്കില്ല; സിപിഐഎമ്മിന് മുന്നറിയിപ്പുമായി നാസർ ഫൈസി കൂടത്തായി

"മുഹമ്മദ് നബിയുടെ പത്നി ആയിഷയുമായിട്ടാണ് കമ്മ്യൂണിസ്റ്റ് ആചാര്യന്റെ അമ്മയെ നദ്‌വി താരതമ്യപ്പെടുത്തിയത്"
നാസർ ഫൈസി കൂടത്തായി
നാസർ ഫൈസി കൂടത്തായിSource: News Malayalam 24x7
Published on

സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വിയുടെ വിവാദപ്രസ്താവനയിലുണ്ടായ പ്രതികരണങ്ങളിൽ സിപിഐഎമ്മിന് മുന്നറിയിപ്പുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാവ് നാസർ ഫൈസി കൂടത്തായി. പണ്ഡിതന്മാർക്കെതിരെ അസഭ്യം പറഞ്ഞാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ല. ബഹാവുദ്ദീൻ നദ്‌വി പറഞ്ഞത് ചരിത്രപരമായ വസ്തുതയെന്നും നാസർ ഫൈസി കൂടത്തായി പ്രതികരിച്ചു. സുന്നി മഹല്ല് ഫെഡറേഷൻ കോഴിക്കോട് മടവൂരിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ ആയിരുന്നു നാസർ ഫൈസിയുടെ പരാമർശം.

മുഹമ്മദ് നബിയുടെ പത്നി ആയിഷയുമായിട്ടാണ് കമ്മ്യൂണിസ്റ്റ് ആചാര്യന്റെ അമ്മയെ നദ്‌വി താരതമ്യപ്പെടുത്തിയത്. ഇഎംഎസിനെ നദ്‌വി അധിക്ഷേപിച്ചിട്ടില്ല. മാന്യമായ വിമർശനമാണ് നദ്‌വി നടത്തിയത്. നദ്‌വിയുടെ മറുപടി യുക്തിവാദികൾക്കും, എക്സ് മുസ്ലിങ്ങൾക്കും എതിരാണ്. നദ്‌വിയുടെ പരാമർശത്തിനു ശേഷം ഹൈന്ദവ സംഘടനകൾ പ്രതിഷേധിച്ചോ, എന്തെങ്കിലും സ്വാമിമാർ പത്രസമ്മേളനം നടത്തിയോയെന്നും നാസർ ഫൈസി കൂടത്തായി ചോദിച്ചു.

നാസർ ഫൈസി കൂടത്തായി
വൈഫ് ഇൻ ചാർജ് പരാമർശം: ബഹാവുദ്ദീൻ നദ്‌വിക്ക് പിന്തുണയുമായി ലീഗ് റാലി

അതേസമയം, വൈഫ് ഇൻ ചാർജ് പരാമർശത്തിൽ സമസ്തയിൽ ഭിന്നത രൂക്ഷമാകുന്നതിനിടയിൽ ന്യായീകരണവുമായി ബഹാവുദ്ദീൻ നദ്‌വി രംഗത്തെത്തിയിരുന്നു. ആരെയും ഇകഴ്ത്താൻ വേണ്ടി താൻ ഒന്നും പറഞ്ഞിട്ടില്ല. ബഹുഭാര്യത്വം സംബന്ധിച്ച ഇസ്ലാമിക നിയമത്തെ കുറിച്ചാണ് പറഞ്ഞതെന്നും നദ്‌വി വ്യക്തമാക്കി. വൈഫ് ഇൻ ചാർജ് പരാമർശത്തിനുശേഷം ആദ്യമായാണ് ബഹാവുദ്ദീൻ നദ്‌വി വിവാദത്തിൽ പ്രതികരിക്കുന്നത്. ഇന്നലെ നടന്ന മുശാവറ യോഗത്തിന് മുമ്പ് മാധ്യമങ്ങൾ പ്രതികരണം ചോദിച്ചെങ്കിലും നദ്‌വി ഒഴിഞ്ഞുമാറിയിരുന്നു. വൈഫ് ഇൻ ചാർജ് പൊതു സമൂഹത്തിൽ നിലനിൽക്കുന്നു എന്നാണ് ഉദ്ദേശിച്ചത് എന്നും വാർത്തയാക്കി കുളം കലക്കാൻ ആഗ്രഹിക്കുന്നവരാണ് പ്രചരിപ്പിച്ചതെന്നും നദ്‌വി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com