കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കും, ശസ്ത്രക്രിയ മുടക്കിയെന്ന ആരോപണം കള്ളം: ഡോ. ഹാരിസ്

ആരോഗ്യവകുപ്പിൻ്റെ കുറ്റാരോപണങ്ങൾ തള്ളിക്കൊണ്ടായിരുന്നു ഡോക്ടർ ഹാരിസ് ചിറയ്ക്കലിൻ്റെ പ്രതികരണം.
ഡോ. ഹാരിസ്
ഡോ. ഹാരിസ്Source: News Malayalam 24x7
Published on

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ദുരവസ്ഥ തുറന്നു പറഞ്ഞതിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയ സംഭവത്തിൽ പ്രതികരിച്ച് ഡോക്ടർ ഹാരിസ്. ആരോഗ്യ വകുപ്പിൻ്റെ കുറ്റാരോപണങ്ങൾ ഡോക്ടർ ഹാരിസ് തള്ളി. സംഭവത്തിൽ വിശദീകരണം നൽകും, താൻ പറഞ്ഞത് എല്ലാം കള്ളമെന്നാണ് എഴുതിയിട്ടുള്ളതെന്നും ഡോക്ടർ ഹാരിസ് പ്രതികരിച്ചു.

താൻ കൃത്യമായ മറുപടി നൽകിയിരുന്നു. രേഖകൾ സഹിതമാണ് നൽകിയത്. റിപ്പോർട്ട് കിട്ടിയിട്ടില്ല. എങ്ങനെയാണ് അവർക്ക് വിവരം കിട്ടിയത് എന്ന് അറിയില്ല. ശസ്ത്രക്രിയ മുടക്കി എന്ന ആരോപണം കള്ളമാണ്. തനിക്കെതിരെ പ്രതികാര നടപടി എടുക്കുന്നു. ഒന്നുകിൽ റിപ്പോർട്ട് വ്യാജമാണ്. അല്ലെങ്കിൽ വിലയിരുത്തൽ വ്യാജമാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത് ചട്ടലംഘനം എന്ന് അംഗീകരിക്കുന്നു. ഇപ്പോൾ പുറത്ത് വന്നതിൽ എന്തൊക്കെയാണ് ഫിൽട്ടർ ചെയ്തതെന്ന് അറിയില്ല. പലർക്കും പല താൽപര്യങ്ങളാണ്. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണം. എന്തൊക്കെയാണ് എഴുതിയതെന്ന് അറിയണം. നടപടി എന്താണെങ്കിലും സ്വീകരിക്കും. തൻ്റെ ജോലി ഫൈറ്റ് ചെയ്യാനുള്ളതല്ല. ശസ്ത്രക്രിയ മുടക്കി എന്നത് തന്നെ അവഹേളിക്കുന്നതാണെന്നും ഡോക്ടർ ഹാരിസ് പ്രതികരിച്ചു.

ഡോ. ഹാരിസ്
"സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു"; ഡോ. ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസ്

മെഡിക്കൽ കൊളേജിലെ ഉപകരണ ക്ഷാമവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിരുന്നു. ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് വിശദീകരണം നൽകേണ്ടത്. ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഡോ. ഹാരിസിനെതിരെ ഗുരുതര ആരോപണങ്ങളാണ് കാരണം കാണിക്കല്‍ നോട്ടീസിലുള്ളത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. 1960ലെ സർക്കാർ ജീവനക്കാരുടെ ചട്ടം ലംഘിച്ചു. ഈ നിയമത്തിലെ 56, 62 വകുപ്പുകളിലെ ലംഘനം നടന്നു. സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ പരിധി വിട്ടു. ഉപകരണം ഇല്ലെന്ന കാരണത്താൽ ശസ്ത്രക്രിയ മുടക്കിയെന്നും തൊട്ടടുത്ത ദിവസം ഇതേ ഉപകരണം ഉപയോഗിച്ച് ശസ്ത്രക്രിയ നടന്നെന്നും നോട്ടീസിൽ പറയുന്നു. ഉപകരണക്ഷാമം ഉണ്ടായെങ്കിൽ അത് വേണ്ടപ്പെട്ടവരെ അറിയിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

സർക്കാർ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ വീഴ്ച പറ്റിയെന്ന് പറയുമ്പോഴും ഡോക്ടർ ഹാരിസിന് എതിരെ നടപടിക്ക് ശുപാർശ ചെയ്യാതെ ആയിരുന്നു വിദഗ്ധ സമിതി റിപ്പോർട്ട്. എന്നാല്‍, ഔദ്യോഗിക വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത് ചട്ട ലംഘനമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. മെഡിക്കല്‍ കോളേജിലേക്ക് ഉപകരണങ്ങൾ വാങ്ങാനുള്ള ഫയൽ വൈകിയത് ജില്ലാ കളക്ടർ കാലതാമസം വരുത്തിയത് മൂലമാണെന്നായിരുന്നു വിദഗ്ധസമിതിയുടെ കണ്ടെത്തല്‍. സൂപ്രണ്ട് ഇടപെട്ട് ഉപകരണങ്ങൾ വാങ്ങാനുള്ള നടപടി വേഗത്തിലാക്കി. രണ്ടാം യൂണിറ്റിൽ ഉപകരണങ്ങൾ ഉള്ളപ്പോഴാണ് ഡോ. ഹാരിസ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ഈ ഉപകരണങ്ങൾ ഡോക്ടർ ഹാരിസിന് ഉപയോഗിക്കാൻ കഴിയുമായിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മെഡിക്കൽ കോളേജിൽ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലെന്നുള്ള ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ. പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴും ഹാരിസ് ചിറയ്ക്കൽ നിലപാടിൽ ഉറച്ചുനിന്നു. ആരോഗ്യ സംവിധാനത്തിനാകെ നാണക്കേടുണ്ടാക്കും വിധം പെരുമാറിയതിനാൽ നടപടി ഉണ്ടാകുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടും ഡോക്ടർ പിന്നോട്ട് പോയിരുന്നില്ല. വിശദീകരണം ചോദിച്ചാൽ മറുപടി നൽകാനായിരുന്നു ഡോക്ടറുടെ നിലപാട്. ഇതിനു പിന്നാലെയാണ് ഡോ. ഹാരിസിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com