

മുണ്ടത്തിക്കോട്: മൂന്ന് ദിവസത്തിനപ്പുറം നടക്കാനിരിക്കുന്ന തൃശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കങ്ങൾ നിർമിക്കുന്ന തിരക്കിലായിരുന്നു മുണ്ടത്തിക്കോടുള്ള സതീശൻ്റെ വെടിക്കെട്ട് പുരകൾ. തിരുവമ്പാടി ദേവസ്വത്തിൻ്റെ വെടിപ്പുരയായിരുന്നു ഇത്.
കടുത്ത വേനലിൻ്റെ ഭാഗമായി പുറത്ത് പൊള്ളുന്ന ചൂടായിരുന്നു. ഷെഡ്ഡിന് അകത്ത് ഉച്ചഭക്ഷണത്തിന് ശേഷം 40ഓളം ജീവനക്കാർ തെല്ല് ആലസ്യത്തിൽ ഇരിക്കുമ്പോഴാണ് മൂന്നരയോടെ ആദ്യ സ്ഫോടനം ഉണ്ടായത്. വേനലിൽ ഉണക്കാൻ വച്ചിരുന്ന പടക്കത്തിൻ്റെ തിരിക്കാണ് ആദ്യം തീപിടിച്ചതെന്നാണ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിൽസൺ ന്യൂസ് മലയാളത്തോട് പ്രതികരിച്ചത്.
"എല്ലാവരും മലയാളികളാണ്. പുറമെ നിന്ന് ആരുമില്ല. ഏറ്റവും വലിയ വിഷമം എന്താണെന്ന് വച്ചാൽ നിയമവിരുദ്ധമായ ഒരു കെമിക്കലുകളും ഉപയോഗിച്ചിട്ടില്ല. 99 ശതമാനവും തീ പോലുള്ള വെയില് ചൂടായിട്ട് കളത്തിലെ കരിമരുന്നിൻ്റെ തിരികളിൽ തീപിടിച്ചു കാണണം... എത്ര വേനലായാലും ഈ തിരി വെയിലത്ത് കിടന്ന് ഉണങ്ങണം. തൃശൂർ പൂരത്തിൻ്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കങ്ങളാണ് കത്തിപ്പോയത്.. ഇനി ഒന്നും ബാക്കിയില്ല," വിൽസൺ നടുക്കത്തോടെ പറഞ്ഞു.
സമയം 2.40 ഒക്കെ ആയപ്പോൾ നല്ല ചൂടായിരുന്നു. ആദ്യം കത്തിയത് കൊടും വെയിലിൽ ഉണക്കാനിട്ട തിരികളാണ്. നിമിഷങ്ങൾക്കുള്ളിൽ മൂന്ന് പടക്കപ്പുരകൾ അങ്ങ് കത്തി. പിന്നെ ഞാൻ നിന്നില്ല, ഓടി... " അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിൽസൺ നടുക്കത്തോടെ പറഞ്ഞു നിർത്തി.