കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ സ്ത്രീയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. മോർക്കോലിൽ ഷേർലി മാത്യു (45) ആണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരിച്ച യുവാവ് കോട്ടയം സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ കുറച്ചു സമയമായി ഷേർലിയെ ഫോണിൽ ബന്ധപ്പെടാൻ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷേർലിയുടെ മൃതദേഹം. യുവാവ് ഇതേ മുറിയിൽ തന്നെ തൂങ്ങിമരിച്ച നിലയിലുമായിരുന്നു.
ഏഴ് മാസം മുൻപാണ് ഷേർളി കൂവപ്പള്ളിയിലെ വീട്ടിൽ താമസിക്കാനെത്തിയത്. ഷേർളിയുടെ ഭർത്താവ് ഏതാനും മാസങ്ങൾക്ക് മുൻപാണ് മരിച്ചത്. ഇതിനുശേഷമാണ് ഇവർ ഇവിടേക്ക് താമസം മാറിയത്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.