ബെംഗളൂരു: 34കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ മരണത്തിൽ 18കാരൻ പിടിയിൽ. കഴിഞ്ഞ ആഴ്ചയാണ് 34 കാരിയായ ഷർമിള ഡികെയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച ഷർമിളയെ യുവാവ് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
ജനുവരി 3നാണ് ഷർമിള ഡികെയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നേ ദിവസം രാമമൂർത്തി നഗറിലെ സുബ്രഹ്മണി ലേഔട്ടിലുള്ള അപ്പാർട്ട്മെന്റിൽ തീപിടുത്തമുണ്ടായിരുന്നു. ആക്സെഞ്ചറിൽ ജോലി ചെയ്തിരുന്ന ഇവർ ശ്വാസംമുട്ടി മരിച്ചതാണെന്നായിരുന്നു പൊലീസ് ആദ്യം സംശയിച്ചിരുന്നത്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കവെയാണ് അയൽവാസിയായ 18കാരനിലേക്ക് പൊലീസ് എത്തിചേരുന്നത്.ഷർമിളയുടെ വീടിനോട് ചേർന്നുള്ള വീട്ടിൽ താമസിച്ചിരുന്ന കർണാൽ കുറൈ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ കർണാൽ കുറ്റം സമ്മതിച്ചു.
ജനുവരി 3ന് ഷർമിളയുടെ വീടിൻ്റെ സ്ലൈഡിങ് വിൻഡോയിലൂടെ യുവാവ് അകത്തുകയറുകയായിരുന്നു. ലൈംഗികാതിക്രമത്തിന് ശ്രമിച്ചപ്പോൾ, ഷർമിള എതിർത്തു. ഇതോടെ പ്രതി യുവതിയുടെ വായും മൂക്കും മൂടിക്കെട്ടി. തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമത്തിൽ പ്രതി ഇരയുടെ വസ്ത്രങ്ങളും മറ്റും കിടപ്പുമുറിയിലെ മെത്തയിൽ വച്ച ശേഷം തീകൊളുത്തി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെടുന്നതിനിടെ ഷർമിളയുടെ മൊബൈൽ ഫോണും മോഷ്ടിച്ചതായി ആരോപണമുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.