തൃശൂർ: ബെംഗളൂരുവിൽ ലൈംഗിക അതിക്രമം ചെറുക്കുന്നതിനിടെ ആക്രമണത്തിന് ഇരയായ യുവതി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വാടാനപ്പള്ളി സ്വദേശി സുനിത(47) മരിച്ചത്.
സുനിതക്ക് നേരെ ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ആക്രമണം ഉണ്ടായത്. മലയാളിയായ ദീപക് കൃഷ്ണനാണ് ആക്രമിച്ചത്. ദീപക് യുവതിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയും, ചെറുത്ത് നിന്ന സുനിതയെ ദീപക് ക്രൂരമായി ആക്രമിക്കുകയായിരുന്നു. പ്രതി ദീപക്കിനായി പൊലീസ് തിരച്ചിൽ തുടരുന്നുണ്ട്.
നായകളെ പരിചരിക്കാനാണ് യുവതി ബെംഗളൂരുവിലേക്ക് പോയത്. നായകളെ പരിചരിക്കുന്നതിനായി ഇവർക്ക് സ്വന്തം വീട്ടിലും പ്രത്യേക സംവിധാനങ്ങളുണ്ടായിരുന്നു. ഇങ്ങനെയാണ് ദീപക് സുനിതയുമായി പരിചയത്തിലാകുന്നത്. നായകളെ പരിചരിക്കാൻ വരണം എന്ന ആവശ്യം ദീപക് സുനിതയെ അറിയിക്കുകയായിരുന്നു.
ബെംഗളൂരുവിലെത്തിയ സുനിതയെ ദീപക് ഉപദ്രവിക്കുകയും, തല ഭിത്തിയിൽ പിടിച്ച് അടിച്ചെന്നും ഭർത്താവ് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.