
അമ്മ സംഘടനയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പുതിയ ടീമിന് വിജയാശംസകള്‍ അറിയിച്ച് മന്ത്രി സജി ചെറിയാന്‍. അമ്മയിലെ സ്ത്രീ ഭരണം മലയാള സിനിമയ്ക്ക് നല്ല കാലം കൊണ്ടുവരുമെന്നാണ് മന്ത്രി പറഞ്ഞത്.
"അമ്മയുടെ ഭാരവാഹികളായി വനിതകള്‍ വരണമെന്ന് നേരത്തെ പറഞ്ഞതാണ്. സിനിമയെ സ്‌നേഹിക്കുന്നവര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചു. കഴിവുള്ള കരുത്തുറ്റ സ്ത്രീയാണ് ശ്വേത മേനോന്‍. അവര്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും. ശ്വേതക്ക് എതിരെ വളരെ മോശമായ നീക്കമുണ്ടായി. എല്ലാ പിന്തുണയും നല്‍കിയിരുന്നു. ഭാരവാഹികളായി വനിതകള്‍ വരുമ്പോള്‍ സിനിമ രംഗത്ത് വനിതകള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. സ്ത്രീ ഭരണം മലയാള സിനിമയ്ക്ക് നല്ല കാലം കൊണ്ടുവരും. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായതില്‍ സന്തോഷം", സജി ചെറിയാന്‍ പറഞ്ഞു.
അമ്മ ചരിത്രത്തില്‍ ആദ്യമായാണ് നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ എത്തുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി നേരത്തെ തന്നെ എതിരാളികള്‍ ഇല്ലാതെ അന്‍സിബ ഹസന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വൈസ് പ്രസിഡന്റായി ലക്ഷ്മി പ്രിയയും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷറര്‍ സ്ഥാനത്തേക്ക് മാത്രമാണ് ഇത്തവ ഒരു പുരുഷന്‍ തെരഞ്ഞെടുക്കപ്പെട്ടത്. നടന്‍ ഉണ്ണി ശിവപാലാണ് ട്രഷററായി വിജയിച്ചത്.
സരയു, ആശ അരവിന്ദ്, അഞ്ജലി നായര്‍, നീന കുറുപ്പ്, കൈലാഷ്, ടിനി ടോം, വിനു മോഹന്‍, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂര്‍, സിജോയ് വര്‍ഗീസ്, ഡോ. റോണി ഡേവിഡ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം ഉണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മോഹന്‍ലാല്‍ നേതൃത്വം നല്‍കിയ ഭരണസമിതി കഴിഞ്ഞ ഓഗസ്റ്റില്‍ രാജിവെച്ചിരുന്നു. പിന്നാലെ അഡ്‌ഹോക് കമ്മിറ്റിയാണ് അമ്മയെ നയിച്ചത്. അഡ്‌ഹോക് കമ്മിറ്റി ഭരണത്തിലേറി ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് പുതിയ ഭരണസമിതിക്കായുള്ള തെരഞ്ഞെടുപ്പ് നടന്നത്.