വധശിക്ഷ റദ്ദാക്കി; നിമിഷ പ്രിയക്ക് മാപ്പ് നൽകാൻ ധാരണ, ആശ്വാസത്തോടെ കേരളം

നിമിഷപ്രിയയുടെ വധ ശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായിട്ടുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർക്ക് അറിയിപ്പ് ലഭിച്ചു.
nimisha priya
നിമിഷ പ്രിയയുടെ മോചനംSource: News Malayalam 24x7
Published on

വധശിക്ഷ റദ്ദാക്കിയതിന് പിന്നാലെ കൊലപാതക കേസിൽ യെമനിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന നിമിഷ പ്രിയക്ക് മാപ്പ് നൽകാൻ ധാരണയായി. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായിട്ടുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർക്ക് അറിയിപ്പ് ലഭിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദിയാധനം സ്വീകരിക്കാൻ തയ്യാറായെന്നും, മോചനം സാധ്യമാകുന്നുവെന്നും സ്ഥിരീകരിച്ചതായാണ് വിദേശകാര്യ വൃത്തങ്ങൾ അറിയിക്കുന്നത്.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങൾ തീരുമാനിക്കുക.

കൊല്ലപ്പെട്ട തലാലിന്റെ നീതിക്ക് വേണ്ടിയുള്ള ആക്ഷൻ കൗൺസിലിന്റെ പ്രതിനിധിയും യെമൻ ആക്ടിവിസ്റ്റും ആയ സർഹാൻ ഷംസാൻ അൽ വിസ്വാബി ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. മതപണ്ഡിതന്മാരുടെ ശക്തമായ ഇടപെടലിലൂടെ വധശിക്ഷ പൂർണമായി ഒഴിവാക്കിയിട്ടുണ്ട് എന്നും ജയിൽ മോചനമോ ജീവപര്യന്തമോ മാത്രമേ ഇനി ഉണ്ടാവുകയുള്ളൂ എന്നുമാണ് സർഹാൻ ഷംസാൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

nimisha priya
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി; കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർക്ക് അറിയിപ്പ് ലഭിച്ചു

നേരത്തെ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് നിമിഷ പ്രിയയുടെ കേസിൽ അടിയന്തര യോഗം ചേർന്നിരുന്നു. വധശിക്ഷ രണ്ട് ദിവസത്തിനുള്ളില്‍ നടക്കാനിരിക്കേ, യെമനിലെ പ്രധാന സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളുമായി കാന്തപുരം സംസാരിക്കുകയായിരുന്നു. പിന്നീട് വധശിക്ഷ താൽക്കാലികമായി മാറ്റിവെച്ചിരുന്നു.

സാധാരണ ഗതിയിൽ നയതന്ത്ര ചർച്ചകൾക്കൊന്നും വലിയ പ്രാധാന്യം നൽകാത്ത യെമൻ പോലൊരു രാജ്യത്ത് ഇത്തരത്തിൽ ഒരു ചർച്ച ഫലം കാണുകയും, വധശിക്ഷ റദ്ദാക്കി മാപ്പു നൽകുകയും ചെയ്തത് വലിയ ആശ്വാസമാണ്. എംഎൽഎമാരായ ചാണ്ടി ഉമ്മൻ, കെ ബാബു, സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹിയായ കുഞ്ഞഹമ്മദ് കൂരാചൂണ്ട്, തുടങ്ങി നിരവധിപ്പേർ ഈ വാർത്തയിൽ ആശ്വാസവും സന്തോഷവും കാന്തപുരത്തിനും യെമനിലെ പ്രധാന സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിനും, മോചനത്തിനായി പ്രവർത്തിച്ച ഏവർക്കും നന്ദി അറിയിച്ചു.

2017 ജൂലൈ 25നാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്.

തുടര്‍ന്ന് മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണ് എന്നതിന് യെമനില്‍ രേഖകളുണ്ടായിരുന്നു. എന്നാല്‍ ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിന് ഉണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷ പ്രിയയുടെ വാദം. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com