മലപ്പുറം: ഭാര്യ പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മൈത്ര സ്വദേശി അബ്ദുൾ സമദിനെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ തന്റെ വീട്ടിൽ വന്നുനിൽക്കാത്തതിന് കാരണം ഭാര്യാ പിതാവാണെന്ന് അബ്ദുൽ സമദിന് പരാതിയുണ്ടായിരുന്നു.
ശനിയാഴ്ച വൈകീട്ട് 3.45ഓടെ ചേനാംപാറയിലാണ് സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്. കല്ലിങ്ങൽപൊയിൽ ഇടറോഡിലൂടെ ബൈക്കിൽ വരുകയായിരുന്ന ഭാര്യ പിതാവിനെ മുൻ വിരോധം വെച്ച് അബ്ദുൾ സമദ് ഓടിച്ച കാർ കൊണ്ട് ഇടിക്കുകയായിരുന്നു. കൃത്യമായി ആസൂത്രണം ചെയ്ത കുറ്റകൃത്യമായിരുന്നു.
ഭാര്യാ പിതാവ് ബൈക്കിൽ നിന്ന് തെറിച്ച് വീണപ്പോഴും പ്രതി തന്റെ ക്രൂരത അവസാനിപ്പിച്ചില്ല. വീണുകിടന്ന ഭാര്യാ പിതാവിനെ റോഡ് സൈഡിലുള്ള മതിലിനിടയിലാക്കി കാർ ഉപയോഗിച്ച് വീണ്ടും ഇടിക്കാൻ പ്രതി ശ്രമിച്ചു. സംഭവം കണ്ട നാട്ടുകാരാണ് പ്രതിയെ ക്രൂര കൃത്യത്തിൽ നിന്ന് ഇയാളെ പിന്തിരിപ്പിച്ചത്.
കൊലപാതക ശ്രമത്തിൽ ഭാര്യാ പിതാവിന്റെ കാലുകൾക്ക് ചതവും മുറിവുകളുമടക്കം പരിക്കേറ്റിട്ടുണ്ട്. അബ്ദുൾ സമദിന്റെ ഭാര്യ തന്റെ വീട്ടിൽ വന്നു നിൽക്കാത്തത് പിതാവ് പറഞ്ഞിട്ടാണെന്ന മുൻ വിരോധത്തിലായിരുന്നു പ്രതിയുടെ കൊലപാതക ശ്രമം. പൂക്കോട്ടുംപാടം എസ്.ഐമാരായ ദിനേശ് കുമാർ, അബ്ദുൾ നാസർ, എ.എസ്.ഐ അനൂപ് മാത്യു, സി.പി.ഒമാരായ സനൂപ്, എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.