
പട്ടാമ്പിയില്‍ കളഞ്ഞ് കിട്ടിയ 15 പവനോളം സ്വര്‍ണ്ണാഭരണവും പണവുമടങ്ങിയ ബാഗ് പൊലീസില്‍ ഏല്‍പ്പിച്ച് യുവാവ് മാതൃകയായി. അന്വേഷണത്തില്‍ ബാഗിന്റെ ഉടമയെയും കണ്ടെത്തി.
രാത്രിയില്‍ പട്ടാമ്പി കല്പക ജംഗ്ഷന് സമീപത്ത് നിന്നാണ് ഓങ്ങല്ലൂര്‍ സ്വദേശി കുന്നംകുളത്തിങ്ങല്‍ അബ്ദുള്‍ ഷബാദിന് ഒരു ബാഗ് ലഭിച്ചത്. നോക്കിയപ്പോള്‍ ഒന്നും രണ്ടുമല്ല 15 പവന്‍ സ്വര്‍ണം, പിന്നെ പണവും രേഖകളും. രണ്ടാമത് ഒന്ന് ആലോചിക്കാതെ ബാഗ് കിട്ടിയ വിവരം പട്ടാമ്പി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാഗ് പട്ടാമ്പി സ്വദേശിനി ബിന്ദുവിന്റേതാണെന്നു കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ പട്ടാമ്പി പൊലീസ് സ്റ്റേഷന്‍ പരിസരത്തുനിന്നും ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ബിന്ദുവിന് ബാഗ് നഷ്ടമായത്.
ബിന്ദുവും സഹോദരി സുജാതയും കുടുംബ സമേതം ജാര്‍ഖണ്ഡിലേക്ക് പോകുന്നതിനിടെയാണ് ബാഗ് നഷ്ടപ്പെട്ടത്. ബാഗില്‍ 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും വസ്ത്രവും, ആധാര്‍, എടിഎം, ക്രഡിറ്റ് കാര്‍ഡ് തുടങ്ങിയ പ്രധാന രേഖകളും ഉണ്ടായിരുന്നു. ബാഗ് നഷ്ടമായ വിവരം സമൂഹമാധ്യങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. മാതൃകാ പ്രവര്‍ത്തനം നടത്തിയ യുവാവിനെ പൊലീസുകാര്‍ അനുമോദിച്ചു.