വിതുരയിലെ ആദിവാസി യുവാവിൻ്റെ മരണം: പ്രവർത്തകർ വാഹനം തടഞ്ഞിട്ടില്ല, ഉന്നയിച്ചത് ആംബുലൻസിൻ്റെ പോരായ്മകളെന്ന് യൂത്ത് കോൺഗ്രസ്

ആശുപത്രിയിൽ വൈകി എത്തിയതാണ് മരണകാരണമെങ്കിൽ അതിന് ഉത്തരവാദി സർക്കാരാണെന്നും യൂത്ത് കോൺഗ്രസ്
ആംബുലൻസ് തടഞ്ഞ കോൺഗ്രസ് പ്രവർത്തകർ
ആംബുലൻസ് തടഞ്ഞ കോൺഗ്രസ് പ്രവർത്തകർSource: News Malayalam 24x7
Published on

തിരുവനന്തപുരം: വിതുരയിൽ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗിയായ ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ വിശദീകരണവുമായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് നേമം ഷജീർ. കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞിട്ടില്ല. ആംബുലൻസിൻ്റെ പോരായ്മകളാണ് പ്രതിഷേധ രൂപത്തിൽ പ്രവർത്തകർ ഉന്നയിച്ചതെന്നും നേമം ഷജീർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം.

"കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞിട്ടില്ല എന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. രോഗിയെ ആംബുലൻസിൽ കയറ്റിവിട്ടത് കോൺഗ്രസ് പ്രവർത്തകരാണ്. ആംബുലൻസിൻ്റെ പോരായ്മകളാണ് പ്രതിഷേധ രൂപത്തിൽ പ്രവർത്തകർ ഉന്നയിച്ചത്. ആവശ്യത്തിന് വേഗതയിൽ ആംബുലൻസിന് പോകാൻ കഴിയില്ലെന്നാണ് പ്രവർത്തകർ ചൂണ്ടിക്കാണിച്ചത്. ആശുപത്രിയിൽ വൈകി എത്തിയതാണ് മരണകാരണമെങ്കിൽ അതിന് ഉത്തരവാദി സർക്കാരാണ്", നേമം ഷജീർ.

ആംബുലൻസ് തടഞ്ഞ കോൺഗ്രസ് പ്രവർത്തകർ
സമരത്തിനിടെ ആംബുലൻസുകൾ തടയാറില്ല, വിതുരയിലെ ബിനുവിൻ്റെ മരണത്തിൽ നടപടി സ്വീകരിക്കും: മന്ത്രി ഒ.ആർ. കേളു

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

ആംബുലൻസ് തടഞ്ഞ് കോൺഗ്രസിൻ്റെ സമരം രോഗി മരിച്ചു എന്ന തലകെട്ടോടെ 24 ചാനൽ നൽകിയ വാർത്ത തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. രോഗിയുമായി പോയ അംബുലൻസ് തടഞ്ഞു എന്ന തരത്തിലുമാണ് അവതാരക വാർത്ത വായിക്കുന്നതും. എന്നാൽ താഴത്തെ വീഡിയോയിൽ എവിടെയും രോഗിയേയും ആംബുലൻസിനേയും എവിടെയും തടയുന്നില്ല പക്ഷേ അവർ ആ ആംബുലൻസിൻ്റെ പോരായ്മകൾ പ്രതിഷേധ രൂപത്തിൽ അവിടെ ഉച്ചത്തിൽ പറഞ്ഞു എന്നത് സത്യമാണ്. രോഗിയെ ആംബുലൻസിൽ കയറ്റി വിടുന്നതും കോൺഗ്രസ്സ് പ്രവർത്തകരാണ്. അവിടെ കോൺഗ്രസ്സ് പ്രവർത്തകർ എത്തി ആംബുലൻസിൻ്റെ ടയർ തേഞ്ഞ് തീർന്നെന്നും ഇൻഷുറൻസ് മുടങ്ങിയിട്ടുണ്ടെന്നും അതിൻ്റെ ഫിറ്റ്നസിൽ ആകുലത ഉണ്ടെന്നും മെഡിക്കൽ ഓഫീസറേ കണ്ട് ബോധ്യപ്പെടുത്താനാണ് എത്തിയത്. രോഗിയെ ആംബുലൻസിൽ കയറ്റുമ്പോഴും പ്രവർത്തകർ ആവർത്തിച്ച് പറയുന്നണ്ടായിരുന്നു ഈ വാഹനം സുരക്ഷിതമല്ലെന്ന്. പ്രവർത്തകർ തടഞ്ഞത് കാരണമാണ് മരണം സംഭവിച്ചതെങ്കിൽ പോലീസ് കേസ് എടുക്കേണ്ടതല്ലേ. ഇന്നലെ വൈകുന്നേരം നടന്ന സംഭവത്തിൽ പോലീസ് അത്തരത്തിൽ ഒരു കേസും എടുത്തിട്ടില്ലാ. മരണ കാരണം വൈകി എത്തിയതാണെങ്കിൽ അതിൻ്റെ ഉത്തരവാദിത്വം സർക്കാരിനല്ലേ. കാരണം മേൽ പറയുന്ന ആംബുലൻസിൻ്റെ അവസ്ഥയിൽ ആവശ്യത്തിന് വേഗതയിൽ പോകാൻ കഴിയില്ലാ എന്ന് ഞങ്ങൾ ചൂണ്ടികാട്ടിയതാണ്. അതിനേക്കാൽ മറ്റ് ആംബുലൻസ് വിളിക്കുകയാണ് നല്ലത് എന്നായിരുന്നു അവർ ആവശ്യപ്പെട്ടത്. ഒരു കാര്യം ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു. സിസ്റ്റം പരാജയപ്പെട്ടത് കൊണ്ടാണ് കെട്ടിടം തകർന്ന് ബിന്ധു മരിച്ചതും വൈദ്യുതി ലൈൻ മാറ്റാൻ വീഴ്ച വരുത്തിയത് കാരണം നമ്മുക്ക് മിഥുനെ നഷ്‌ടപ്പെട്ടതും. ആംബുലൻസ് അപകടത്തിൽ പെട്ട് ഇന്നി ഒരാൾക്ക് ജീവൻ പോകാതിരിക്കായിരുന്നു ഇവിടെ കോൺഗ്രസ് പ്രവർത്തകർ ഇടപ്പെട്ടത്. എല്ലാം കഴിഞ്ഞിട്ടാണോ നിങ്ങൾ വരുന്നത് എവിടെ ആയിരുന്നു ഇതുവരെ എന്ന ചോദ്യം സമൂഹത്തിൽ ആവർത്തിക്കാതിരിക്കാനായിരുന്നു ഈ ഇടപെടൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com