തിരുവനന്തപുരം: ആർഎസ്എസിന് എതിരെ കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കിയ അനന്തുവിൻ്റെ മരണത്തിന് ഉത്തരവാദികളായ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിന്‍ വര്‍ക്കി.
ആർഎസ്എസ് ക്യാമ്പിൽ നടക്കുന്ന അതിക്രമങ്ങളിൽ അന്വേഷണം നടത്തണമെന്നും, ആർഎസ്എസുകാരെ അറസ്റ്റ് ചെയ്യാൻ പിണറായി വിജയന് ഭയമാണോ എന്നും അബിൻ വർക്കി ചോദിച്ചു. പ്രതിയുടെ പേര് ഉണ്ടായിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. കേരളത്തിൽ എൻഡിഎ മുഖ്യമന്ത്രി ആണോ ഭരിക്കുന്നതെന്നും അബിൻ വർക്കി ചൂണ്ടിക്കാട്ടി.
കേരളാ പൊലീസിനുള്ളിൽ കമ്മ്യൂണിസ്റ്റ് ക്രിമിനൽ സംഘമാണ്. അവരെ കൊടി സുനിയാണ് ട്രെയിൻ ചെയ്തത് എന്നും യൂത്ത് കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി. പൊലീസ് നോക്കി നിൽക്കെയാണ് കാലിക്കറ്റ് സർവകലാശാലയിൽ പ്രശ്നങ്ങൾ ഉണ്ടായത്. മോൾക്ക് ഇഡി യുടെ നോട്ടീസ് കിട്ടി, മോനും ഇഡി യുടെ നോട്ടീസ് കിട്ടി, മരുമോന് ഇഡി യുടെ നോട്ടീസ് കിട്ടുന്ന ദിവസം ജില്ലാ സെക്രട്ടറയേറ്റ് മെമ്പർ ഇതിലെ എങ്ങനെ നടക്കും എന്ന് ഞങ്ങൾക്ക് അറിയാമെന്നും അബിൻ വക്കി പറഞ്ഞു.
സിപിഐഎം ജില്ലാ സെക്രട്ടറിയുടേത് രാഷ്ട്രീയ വാദഗതിയാണ്. അതിന് മറുപടി പറയേണ്ട ആവശ്യം ഇല്ല. സ്ഫോടക വസ്തു എറിഞ്ഞു എന്നൊരു പരാതി എസ്‌പിക്കോ പൊലീസിനോ ഇല്ല. അങ്ങനൊരു സംഭവം ഉണ്ടെങ്കിൽ വധശ്രമത്തിന് കേസ് എടുക്കാമായിരുന്നുവെന്നും അബിൻ വർക്കി വ്യക്തമാക്കി.