കോഴിക്കോട്: ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവത്തിൽ പൊലീസിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ. സംഘർഷത്തിൽ വലിയ വീഴ്ചയുണ്ടായതായി പൊലീസ് തന്നെ സമ്മതിക്കുന്നു. ഇത്തരത്തിലുള്ള അക്രമങ്ങൾക്കെതിരെ പൊലീസിൽ തന്നെ പൊട്ടിത്തെറി നടക്കുന്നു. പൊലീസ് സേന തകർന്നു കൊണ്ടിരിക്കുകയാണ് എന്നും വി.പി. ദുൽഖിഫിൽ പറഞ്ഞു.
"മനുഷ്യത്വഹീനമായ പ്രവർത്തനത്തോട് പൊലീസിൽ നിന്നും അതിശക്തമായ പ്രതിഷേധം വരുന്നു. അതിന്റെ ഉദാഹരണമാണ് റൂറൽ എസ്പിയുടെ പുറത്തുവന്ന വീഡിയോ. മുഖ്യമന്ത്രി പ്രതിരോധത്തിൽ ആയപ്പോഴാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ശബരിമല വിഷയത്തിൽ സർക്കാർ ഇപ്പോൾ പ്രതിരോധത്തിലാണ്. അത് മറക്കാനാണ് പൊലീസിനെ ഇറക്കി കളിക്കുന്നത്. പേരാമ്പ്രയിലെ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നിയമപരമായി മുന്നോട്ടുപോകും," വി.പി. ദുൽഖിഫിൽ പറഞ്ഞു.
കേരളത്തിലെ സർക്കാർ എപ്പോഴൊക്കെ പ്രതിസന്ധിയിൽ ആയാലും പൊലീസിനെ ഉപയോഗിച്ച് സംരക്ഷണം ഒരുക്കുമെന്ന് യൂത്ത് കോൺഗ്രസ് ഓൾ ഇന്ത്യ സെക്രട്ടറി ബിനു ചുള്ളിയിലും പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞു കൊണ്ട് നടത്തിയ ഗൂഢാലോചനയാണ് ഷാഫി പറമ്പിലിന് എതിരായ ആക്രമണം. ശബരിമലയുമായി ബന്ധപ്പെട്ട് സർക്കാർ വലിയ പ്രതിസന്ധിയിൽ ആണ്. ആ പ്രതിസന്ധി മറികടക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എംപിയെ തിരഞ്ഞുപിടിച്ച് തലയ്ക്ക് അടിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. കോഴിക്കോട് എസ്പിക്കും ഈ ഗൂഢാലോചനയിൽ പങ്കുണ്ട്. അദ്ദേഹത്തെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നും ബിനു ചുള്ളിയിൽ പറഞ്ഞു.