

കുന്നംകുളം: പൊലീസ് മർദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാൻ രണ്ടു വർഷമായി തീവ്രമായ പോരാട്ടമാണ് നടത്തിയതെന്നും അവ പുറത്തുവന്നതോടെയാണ് പൊതുജനങ്ങൾക്കും മറ്റുള്ളവർക്കും കാര്യങ്ങൾ വ്യക്തമായതെന്നും മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത്. ഓരോ തവണ വിവരാവകാശം വയ്ക്കുമ്പോഴും ദൃശ്യങ്ങൾ തരാൻ നിർവാഹമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും സുജിത്ത് വിശദീകരിച്ചു.
"രണ്ട് വർഷം മുൻപ് വീടിന് സമീപത്ത് ഇരിക്കുമ്പോഴാണ് പൊലീസുകാർ എത്തുന്നത്. സുഹൃത്തുക്കളോട് പൊലീസുകാർ ചൂടായി സംസാരിക്കുകയും ലാത്തി വീശുകയും ഒക്കെയുണ്ടായി. സുഹൃത്തുക്കൾ ഫോൺ വിളിച്ചത് അറിയിച്ച പ്രകാരമാണ് താൻ അവിടെ എത്തുന്നത്. യൂത്ത് കോൺഗ്രസ് നേതാവാണെന്ന് പറഞ്ഞപ്പോൾ, നീ നേതാവ് കളിക്കേണ്ടെന്ന് പറഞ്ഞ് കോളറിൽ കയറിപ്പിടിക്കുകയായിരുന്നു. പിന്നീട് നടക്കടാ സ്റ്റേഷനിലേക്ക് എന്ന് പറഞ്ഞ് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയാണ് ഉണ്ടായത്," ആ ദിവസം സുജിത്ത് ഓർത്തെടുത്തു.
"എസ്ഐയും ഡ്രൈവറും ചേർന്നാണ് എന്നെ അവിടെ നിന്നും കൊണ്ടുവന്നത്. സ്റ്റേഷനിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ശശിധരൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ തലയ്ക്ക് അടിച്ചു. അതിന് ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. ഒന്നാം നിലയിൽ നടന്ന മർദനത്തേക്കാൾ കൂടുതൽ മർദിച്ചത് മുകൾനിലയിൽ വച്ചാണ്. ആദ്യത്തെ അടിയിൽ തന്നെ കർണ്ണപടം പൊട്ടുകയും തലകറങ്ങുകയും ചെയ്തിരുന്നു. താൻ പറയുന്നതൊന്നും കേൾക്കാൻ തയ്യാറാവാതെ അവർ മർദിക്കുകയായിരുന്നു," സുജിത്ത് നടുക്കുന്ന പൊലീസ് ക്രൂരത വെളിപ്പെടുത്തി.