പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിലേക്ക് മാർച്ച് നടത്തി ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി. ഇത് സ്വർണമല്ല ദയവായി കക്കരുത് എന്ന് എഴുതിയ പ്രതീകാത്മക സ്വർണപ്പാളിയുമായാണ് പ്രതിഷേധം നടത്തിയത്. കല്ലും മുള്ളും അയ്യപ്പന്, സ്വർണമെല്ലാം പിണറായി വിജയന് എന്ന മുദ്രാവാക്യം ഉയർത്തിയാണ് മാർച്ച് നടത്തിയത്. പത്തനംതിട്ട ടൗണിൽ നിന്ന് ആരംഭിച്ച മാർച്ച് ദേവസ്വം ബോർഡ് ഓഫീസിനു മുന്നിൽ പൊലീസ് ബാരിക്കേട് ഉപയോഗിച്ചു തടഞ്ഞു.
സന്ദീപ് വാര്യർ ആണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ദേവസ്വം മന്ത്രി വി.എൻ. വാസവനും രാജിവയ്ക്കണമെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം. അതേസമയം, വിഷയത്തിൽ അതിശക്തമായ പ്രക്ഷോഭം തുടരുമെന്നും വി.ഡി. സതീശനും അറിയിച്ചിരുന്നു.