സി.സി. മുകുന്ദൻ എംഎൽഎക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹായ വാഗ്ദാനം. എംഎൽഎ നേരിടുന്ന ജപ്തി ഭീഷണി മറികടക്കാൻ സഹായം നൽകും. യൂസഫലിയുടെ പിഎ വിളിച്ച് സാമ്പത്തിക കാര്യങ്ങൾ സംസാരിച്ചതായി സിസി മുകുന്ദൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
അതേസമയം സി.സി. മുകുന്ദനെ പാർട്ടി കൈവിടില്ലെന്നും സംരക്ഷണം ഒരുക്കുമെന്നും സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. സ്വകാര്യ ദുഃഖങ്ങൾ മറ്റുള്ളവരോട് പങ്കുവയ്ക്കാതിരുന്നതിനാലാണ് മുകുന്ദന്റെ പ്രതിസന്ധികൾ പാർട്ടി അറിയാൻ വൈകിയത്. സ്വത്ത് വിവരങ്ങൾ സംബന്ധിച്ച പ്രതിവർഷ കണക്ക് ഗവർണർക്ക് കൈമാറിയപ്പോഴാണ് കടബാധ്യതയുടെ കാര്യം മുകുന്ദൻ അറിഞ്ഞത്. കടബാധ്യത അടക്കമുള്ള കാര്യങ്ങളിൽ മുകുന്ദന് പാർട്ടി സംരക്ഷണം നൽകും. ഏത് വിധത്തിലാണ് സഹായം നൽകേണ്ടത് എന്നത് സംബന്ധിച്ച് പാർട്ടി ആലോചന നടത്തി ഉടൻ തീരുമാനമെടുക്കും. ഇന്നലെയും ഇന്നും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറാൻ അദ്ദേഹത്തെ നിർബന്ധിച്ചതായും ശിവാനന്ദൻ അറിയിച്ചു.
ചോർന്നൊലിക്കുന്ന വീട്ടിൽ കെട്ടിനിന്ന മഴവെള്ളത്തിൽ തെന്നി വീണാണ് സിപിഐ നേതാവും എംഎൽഎയുമായ സി.സി. മുകുന്ദന് പരിക്കേറ്റത്. ജപ്തി ഭീഷണിയും പാർട്ടിയിലെ പ്രശ്നങ്ങളും പ്രതിസന്ധിയുണ്ടാക്കുന്ന ഘട്ടത്തിലാണ് പരിക്കുകൾ സമ്മാനിച്ച അപകടവും മുകുന്ദന് തിരിച്ചടി ആയത്. വീഴ്ചയിൽ കാലിന് ഗുരുതരമായി പരിക്കേറ്റ എം.എൽ.എക്ക് രണ്ടാഴ്ചത്തെ പരിപൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
ഓല മേഞ്ഞ കൊച്ചു കുടിലിൽ നിന്നും ഓട് മേഞ്ഞ വീട് നിർമ്മിച്ചെങ്കിലും കാലത്തിനൊത്ത് അത് പുതുക്കി പണിയാൻ മുകുന്ദന് കഴിഞ്ഞിരുന്നില്ല. മകളുടെ വിവാഹത്തിനായി സഹകരണ ബാങ്കിൽ നിന്നും ആറ് ലക്ഷം രൂപ ലോൺ എടുത്തു. ലോണിന്റെ കുടിശ്ശിക പെരുകി 18 ലക്ഷം രൂപയായതോടെയാണ് ജപ്തി നോട്ടീസെത്തിയത്. എംഎൽഎ ആയപ്പോൾ വാങ്ങിയ കാറിന്റെ തിരിച്ചടവിനായി സർക്കാരിൽ നിന്ന് ലഭിക്കുന്ന അലവൻസിൽ നിന്നും മാസം 28000 രൂപ ആവശ്യമുണ്ട്. മുൻ പഞ്ചായത്തംഗമായ ഭാര്യക്ക് വരുമാനമില്ല. താത്കാലിക ജോലിക്കാരായ പെൺമക്കൾ നൽകുന്ന വിഹിതം കൊണ്ടോ തന്റെ അലവൻസിലെ ശേഷിക്കുന്ന തുക കൊണ്ടോ സാമ്പത്തിക പ്രശ്നങ്ങൾ പരിഹാരിക്കാനാവില്ല. വീട് വിറ്റിട്ടാണെങ്കിലും ജപ്തി ഒഴിവാക്കുക തന്നെയാണ് ലക്ഷ്യമെന്ന് മുകുന്ദൻ നേരത്തെ പറഞ്ഞിരുന്നു.