

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. മഴ സാധ്യത കണക്കിലെടുത്ത് ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റു ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്. കണ്ണൂര്‍–കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ അതിശക്തമായ മഴയാണ് കിട്ടുന്നത്.
നിലവിൽ ജാർഖണ്ഡിന് മുകളിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും, തീരദേശവാസികളും ജാഗ്രത പുലർത്തണം. കേരള, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെക്കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ഇന്നും നാളെയും കേരളതീരത്തു നിന്ന് കടലില്‍പോകരുതെന്ന മുന്നറിയിപ്പുമുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും സമീപത്ത് ക്യാംപുകള്‍ തുറന്നോ എന്ന് ഉറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി റവന്യൂ– തദ്ദേശ സ്വയംഭരണവകുപ്പ് അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് ഭാഗമായി മാറി താമസിക്കണം.