കഴിഞ്ഞ അഞ്ച് വർഷത്തിനിടെ , നടപ്പിലാക്കിയ പദ്ധതികളിൽ ഭൂരിഭാഗവും സംസ്ഥാനത്തിനാകെ മാതൃകയാക്കി മാറ്റിയ ഗ്രാമപഞ്ചായത്താണ് കണ്ണൂരിലെ കണ്ണപുരം. പ്രതിപക്ഷമില്ലാതെ എൽ ഡി എഫ് ഭരിക്കുന്ന പഞ്ചായത്ത് ഏറ്റവുമൊടുവിൽ കാൻസർ വിമുക്ത ഗ്രാമം പദ്ധതിയിലൂടെ ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ടിലും പരാമർശിക്കപ്പെട്ടു.
കഴിഞ്ഞ അഞ്ചു വർഷക്കാലം നടപ്പാക്കിയ പദ്ധതികളുടെ വിജയത്തിളക്കവുമായാണ് കണ്ണൂരിലെ കണ്ണപുരം ഗ്രാമപഞ്ചായത്ത് മറ്റൊരു തദ്ദേശ പോരിനൊരുങ്ങുന്നത് . എൽ ഡി എഫിന്റെ കുത്തകയായ പഞ്ചായത്തിൽ പോരെന്നത് പേരിനുമാത്രം. 14 വാർഡുകളിലും എൽ ഡി എഫ് അംഗങ്ങളാണ്. 14.39 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ചെറുകുന്ന്, പട്ടുവം, കല്ല്യാശ്ശേരി,മാട്ടൂൽ പഞ്ചായത്തുകളും തളിപ്പറമ്പ് നഗരസഭയുമായി അതിര് പങ്കിട്ടു സ്ഥിതിചെയ്യുന്ന കണ്ണപുരം , വിവിധ പദ്ധതികളിലൂടെ ശ്രദ്ധനേടിയ ഭരണകാലമാണ് കഴിഞ്ഞ് പോകുന്നത് .
പേരുകേട്ട കണ്ണപുരം മാങ്ങ ഉൾപ്പെടെ 150 ഓളം മാവിനങ്ങളെ സംരക്ഷിക്കാൻ നടപ്പിലാക്കിയ മാമ്പഴ ഗ്രാമം പദ്ധതി സംസ്ഥാനത്തെ തന്നെ വേറിട്ട പ്രവർത്തനമായിരുന്നു. ഹരിതകർമ്മ സേനയുടെ അനുബന്ധ പദ്ധതികൾ വർഷങ്ങൾക്ക് മുന്നേ നടപ്പിലാക്കി കേരളത്തിന് വഴികാട്ടിയിട്ടുണ്ട് കണ്ണപുരം. ഇത്തരത്തിൽ 7 യൂണിറ്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു. സംസ്ഥാനത്തെ ആദ്യ ഹരിത റെയിൽവേ സ്റ്റേഷനായി കണ്ണപുരം സ്റ്റേഷനെ മാറ്റിയ പദ്ധതിയും ഏറെ പ്രശംസ നേടി.
ഏറ്റവുമൊടുവിൽ ലോകാരോഗ്യ സംഘടനയുടെ പ്രശംസ നേടിയ ക്യാൻസർ വിമുക്ത ഗ്രാമം പദ്ധതിയിലൂടെ വീണ്ടും തിളക്കം കൂട്ടുകയാണ് പഞ്ചായത്ത് . സ്ത്രീകളിലെ സ്തനാർബുധ സാധ്യത നേരത്തെ കണ്ടെത്തി ചികിത്സ നൽകാനുള്ളതായിരുന്നു 2016 ൽ ആരംഭിച്ച പദ്ധതി. മറ്റ് വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തി പുതിയ ഭരണ സമിതി പദ്ധതിക്ക് തുടർച്ച നൽകി. ഭിന്നശേഷിക്കാർക്കായി ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കുന്ന ബഡ്സ് സ്‌കൂളാണ് മറ്റൊരു മാതൃക. 30 ലേറെ കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിന് സ്വന്തമായി ബാൻഡ് സംഘമുൾപ്പെടെ ഉണ്ട്.
അയ്യോത്ത് വയൽ ഉൾപ്പെടെ കാർഷിക മേഖലകൾ നിരവധിയുള്ള പഞ്ചായത്തിൽ 35 ലേറെ പദ്ധതികളാണ് നടപ്പിലാക്കിയത്. കാലാവസ്ഥ വ്യതിയാനം കർഷകർക്ക് പ്രതിസന്ധിയായതോടെ സമീപ പഞ്ചായത്തുകളിൽ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് കർഷക സഭയും വിളിച്ചുചേർത്തു. 10 ഏക്കർ സ്ഥലത്ത് കുറുന്തോട്ടി കൃഷി ചെയ്യുന്ന ഔഷധ ഗ്രാമം പദ്ധതിയും സൂര്യകാന്തി പാടവുമുൾപ്പെടെ കണ്ണപുരം മോഡൽ ഇനിയുമെറെയുണ്ട്