ബാധ്യതകള്‍ ചൂണ്ടിക്കാട്ടി, സാമ്പത്തിക സ്ഥിരതയ്ക്കും നിക്ഷേപ ആകർഷണത്തിനും ഊന്നൽ നല്‍കി പുതിയ ബജറ്റ്

പ്രതീക്ഷിച്ച വിസ്മയങ്ങളൊന്നും ബജറ്റില്‍ സംഭവിച്ചിട്ടില്ല. നികുതി വര്‍ധന ഉള്‍പ്പെടെ അധികഭാരം അടിച്ചേല്‍പ്പിച്ചിട്ടില്ല എന്നതാണ് പ്ലസ് പോയിന്റ്.
CM V.D. Satheesan
മുഖ്യമന്ത്രി വി.ഡി. സതീശന്‍News Malayalam 24X7
Published on
Updated on

അടുത്ത അഞ്ച് വര്‍ഷംകൊണ്ട് സംസ്ഥാനത്ത് നടപ്പാക്കുന്ന വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ദിശാ സൂചികയെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ യുഡിഎഫ് സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റ് അവതരിപ്പിച്ചത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ധവളപത്രത്തിലെ വിലയിരുത്തലിനൊപ്പം, സര്‍ക്കാരിന്മേലുള്ള ബാധ്യതകളുടെ ഭാരവും ബജറ്റില്‍ അക്കമിട്ടു നിരത്തുന്നുണ്ട്. ശമ്പള-പെന്‍ഷന്‍ പരിഷ്കരണം, ലീവ് സറണ്ടര്‍ ആനുകൂല്യം എന്നിവ നടപ്പാക്കിയാല്‍ ബാധ്യത വര്‍ധിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ജനപ്രിയ പദ്ധതികളും പ്രഖ്യാപനങ്ങളും മുന്നോട്ടുവയ്ക്കുന്നത്. മാറിയ കാലത്തിനനുസരിച്ച്, 'പുതുയുഗ കേരളം' സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബജറ്റ് അടിവരയിടുന്നു. എന്നാല്‍ പ്രതീക്ഷിച്ച വിസ്മയങ്ങളൊന്നും ബജറ്റില്‍ സംഭവിച്ചിട്ടില്ല. നികുതി വര്‍ധന ഉള്‍പ്പെടെ അധികഭാരം അടിച്ചേല്‍പ്പിച്ചിട്ടില്ല എന്നതാണ് പ്ലസ് പോയിന്റ്.

മുന്‍ ബജറ്റിനൊരു തിരുത്ത്

എന്തുകൊണ്ടാണ് പുതുക്കിയ ബജറ്റ് അവതരിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയായിരുന്നു ബജറ്റ് പ്രസംഗത്തിന്റെ തുടക്കം. കഴിഞ്ഞ സര്‍ക്കാര്‍ 2026 ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ തെറ്റായ അനുമാനത്തില്‍ 20,500 കോടി രൂപ അധികമായി പ്രതീക്ഷിത വരുമാനമായി കണക്കാക്കിയിരുന്നു. റെവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് (14,137.69 കോടി രൂപ), മറ്റു ഗ്രാന്റുകള്‍, കേന്ദ്ര നികുതി വിഹിതം എന്നീ ഇനങ്ങളിലായാണ് 20,500 കോടി രൂപ അധികമായാണ് കണക്കാക്കിയിരുന്നത്. പുതുക്കിയ ബജറ്റില്‍ ആ 20,500 കോടി രൂപയുടെ കുറവുണ്ടാകും. പ്രതീക്ഷിത വരുമാനത്തിലെ ഈ ഗണ്യമായ കുറവ് കണക്കിലെടുക്കാതെയാണ് പദ്ധതി അടങ്കല്‍ 35,750 കോടി രൂപയായി മുന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. കണക്ക് തിരുത്തപ്പെടുമ്പോള്‍, യഥാര്‍ഥ പദ്ധതി അടങ്കലില്‍ ആനുപാതിക കുറവുണ്ടാകുമെന്നും മുഖവുരയില്‍ പറയുന്നു.

CM V.D. Satheesan
വാഗ്‌ദാനങ്ങള്‍ക്ക് എന്താണ് ഗ്യാരന്റി? കിഫ്ബിക്ക് പകരം എന്ത്? വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ

ബാധ്യത 87,012 കോടി രൂപ

നിലവില്‍ 87,012 കോടി രൂപയുടെ ബാധ്യത സര്‍ക്കാരിനുണ്ടെന്നാണ് ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി പറയുന്നത്. ക്ഷാമബത്ത കുടിശ്ശിക ഇനത്തില്‍ 21,670 കോടി രൂപ, ക്ഷാമാശ്വാസ കുടിശ്ശിക 14,387 കോടി രൂപ, ബില്‍ ഡിസ്കൗണ്ട് വഴി ബാങ്കുകള്‍ക്കും കരാറുകാര്‍ക്കും 3,431 കോടി രൂപ, ബാറ്റിവയ്ക്കപ്പെട്ട മറ്റു ബാധ്യതകള്‍ 9,245 കോടി, പെന്‍ഷന്‍ കമ്പനിയുടെ 17,279 കോടി രൂപ, കിഫ്ബിയുടെ വായ്പാ തിരിച്ചടവ് 21,000 കോടി രൂപ എന്നിങ്ങനെയാണ് ബാധ്യതകളുടെ പട്ടിക. കൂടാതെ, 35,000 കോടി രൂപ ചെലവ് വരുന്ന കിഫ്ബിയുടെ പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്തേണ്ടതുമുണ്ട്. സര്‍ക്കാര്‍ എടുത്ത വായ്പയുടെ പലിശനിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് കിഫ്ബി ബജറ്റിതര വായ്പ എടുക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ വായ്പയും കടബാധ്യതയും അനുവദനീയമായ പരിധിക്കപ്പുറത്തേക്ക് വര്‍ധിക്കുന്നതിനും സാമ്പത്തിക അസുന്തലിതാവസ്ഥയ്ക്കും കാരണമാകുന്നുണ്ടെന്ന വിമര്‍ശനവും പ്രസംഗത്തിലുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ച്, വിദഗ്ധ സമിതിയെ നിയോഗിച്ച് കിഫ്ബിയുടെ പ്രവര്‍ത്തനരീതി സമഗ്രമായി പരിഷ്കരിക്കാന്‍ നടപടി കൈക്കൊള്ളാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.

അടിസ്ഥാനസൗകര്യ വികസനം, സാമ്പത്തിക നേട്ടം

ബാധ്യതകളുടെ കണക്കുപറച്ചില്‍ കൂടിയപ്പോള്‍, ബജറ്റില്‍ പ്രതീക്ഷിച്ചത്ര വിസ്മയങ്ങള്‍ ഉണ്ടായില്ല. മിഷൻ സമുദ്ര, സതേൺ കേരള ഇക്കണോമിക് കോറിഡോർ എന്നിങ്ങനെ അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക നേട്ടവും സാധ്യമാകുന്ന ചില പദ്ധതികള്‍ ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാതകൾ, ഗ്രീൻഫീൽഡ് സിറ്റി എന്നിവയുമായി ബന്ധിപ്പിച്ച് കേരളത്തെ തുറമുഖ നഗരമാക്കാനുള്ള സമഗ്ര പദ്ധതിയാണ് മിഷൻ സമുദ്ര. പദ്ധതിയുടെ ഭാഗമായുണ്ടാകുന്ന തൊഴിലവസരങ്ങളിൽ തീരദേശ ജനതയ്ക്ക് സംവരണം ഉറപ്പാക്കും. നിക്ഷേപ ആകർഷണത്തിന്റെ ഭാഗമായുള്ള ഇൻവെസ്റ്റ് കേരളം സെൽ, സ്പെഷ്യൽ ഇൻവെസ്റ്റ്‌മെന്റ് സോൺ, വ്യവസായ ഹബ്ബുകൾ എന്നിവയും പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട്, ഗ്ലോബൽ ജോബ് വാച്ച് ടവർ തുടങ്ങി ബഹിരാകാശ ഗവേഷണവും, ടൂറിസത്തിന് വ്യവസായ പദവി നല്‍കുന്നതുമൊക്കെ പ്രഖ്യാപനങ്ങളിലുണ്ട്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചുള്ള ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബും പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങളാണ്. വിലങ്ങാട് പാക്കേജ് ഉള്‍പ്പെടെ പ്രാദേശിക വികസന പാക്കേജുകളും, തിരുവന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോയും ഉള്‍പ്പെടെ പ്രോജക്ടുകളും ഇടം പിടിച്ചിട്ടുണ്ട്.

അതേസമയം, യുഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞ ഗ്യാരന്റികള്‍ പോലും പുതുക്കിയ ബജറ്റില്‍ നടപ്പാകുന്നില്ല. 3000 രൂപ ക്ഷേമപെന്‍ഷന്‍, കോളേജ് വിദ്യാർഥിനികൾക്കുള്ള 1000 രൂപ പ്രതിമാസ സ്‌കോളര്‍ഷിപ്പ്, യുവസംരംഭകർക്കു പലിശരഹിത വായ്പ എന്നിവയൊന്നും പ്രഖ്യാപനങ്ങളില്‍ വന്നില്ല. 25 ലക്ഷം രൂപയുടെ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചെങ്കിലും, 10 കോടി മാത്രമാണ് അതിനായി വകയിരുത്തിയിട്ടുള്ളത്.

CM V.D. Satheesan
ജെന്‍സികള്‍ക്കായി ന്യൂജെന്‍ ടെക്‌നോളജി; സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി നീക്കിവച്ചത് 50 കോടി രൂപ

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിരാശ

സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതീക്ഷിച്ചിരുന്ന ചില പ്രഖ്യാപനങ്ങളും ഉണ്ടായില്ല. ശമ്പള പരിഷ്കരണം, വിരമിക്കല്‍ പ്രായം ഉയര്‍ത്തല്‍, ഡിഎ കുടിശ്ശിക എന്നിങ്ങനെ കാര്യങ്ങള്‍ പരാമര്‍ശിച്ചില്ല. 2024 ജൂലൈ ഒന്നു മുതല്‍ നടപ്പാക്കേണ്ട ജീവനക്കാരുടെ ശമ്പള-പെന്‍ഷന്‍ പരിഷ്കരണം നടപ്പാക്കുകയും, ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിക്കുകയും ചെയ്താല്‍ ബാധ്യത കൂടുമെന്നാണ് ബജറ്റില്‍ പറയുന്നത്. ജീവനക്കാരുടെ ഡിഎ, പെന്‍ഷന്‍കാരുടെ ഡിആര്‍ എന്നിവ മുടക്കം കൂടാതെ നല്‍കും, ലീവ് സറണ്ടറിന്റെ കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളും, സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് സമഗ്രമായി പരിഷ്കരിക്കും എന്നിങ്ങനെ മാത്രമായി പരാമര്‍ശം. മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതിയില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നാണ് ബജറ്റ് ഭാഷ്യം. അതിനാല്‍, വിലയിരുത്തല്‍ നടത്തി നിലവിലുള്ള എന്‍.പി.എസ് പെന്‍ഷന്‍ സംവിധാനം പരിഷ്കരിക്കുമെന്നും പറയുന്നു. അതായത് വലിയ തുക ആവശ്യമായി വരുന്ന പദ്ധതികളും, പരിഷ്കാരങ്ങളും ഉടനടി ഉണ്ടാകുമോ എന്നോ എപ്പോള്‍ ഉണ്ടാകുമെന്നോ വ്യക്തമാക്കിയിട്ടില്ല.

CM V.D. Satheesan
"കേന്ദ്ര സർക്കാരിൻ്റെ ആശയം ഉൾക്കൊണ്ട ബജറ്റ്"; കേരള തീരത്തെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനുള്ള നീക്കമെന്ന് പ്രതിപക്ഷ നേതാവ്

റവന്യൂ കമ്മി 35,355 കോടി രൂപ

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും ബാധ്യതകളും വിശദീകരിക്കുന്ന ബജറ്റ്, സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനുമാണ് മുൻഗണന നൽകുന്നത്. പുതുക്കിയ ബജറ്റിലെ എസ്റ്റിമേറ്റ് പ്രകാരം 1,69,646.37 കോടി രൂപയാണ് റവന്യൂ വരവ് കണക്കാക്കുന്നത്. റവന്യൂ ചെലവ് കണക്കാക്കുന്നത് 2,05,001.67 കോടി രൂപയും. ഇതോടെ, 35,355.30 കോടി രൂപയാണ് റവന്യൂ കമ്മി. അതിനാല്‍, നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചും, തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും സാമ്പത്തിക സ്ഥിരത ഉറപ്പാക്കിക്കൊണ്ടാകും വി.ഡി. സതീശന്‍ സര്‍ക്കാര്‍ പുതിയ പദ്ധതികളിലേക്കും ഗ്യാരന്റികളിലേക്കും ഇറങ്ങിത്തിരിക്കുക.

News Malayalam 24x7
newsmalayalam.com