കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപക പണിമുടക്കില്‍ ഐഎംഎ ഉന്നയിക്കുന്ന പ്രധാനപ്പെട്ട അഞ്ച് ആവശ്യങ്ങള്‍...

രാജ്യത്തെ നടുക്കിയ കൊലപാതകമായിരുന്നു കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ ആശുപത്രിയില്‍ നടന്നത്.
Untitled design
Untitled design
Published on

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഐഎംഎ പ്രഖ്യാപിച്ച 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്കില്‍ കേരളത്തില്‍ നിന്നടക്കം വന്‍ പങ്കാളിത്തമാണ് ഉള്ളത്. രാജ്യത്തെ നടുക്കിയ കൊലപാതകമായിരുന്നു കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ ആശുപത്രിയില്‍ നടന്നത്.

36 മണിക്കൂര്‍ നീണ്ട തുടര്‍ച്ചയായ ഷിഫ്റ്റിന് ശേഷം വിശ്രമിക്കുന്നതിനിടെയാണ് ഡോക്ടറും പിജി വിദ്യാര്‍ഥിനി കൂടിയായ യുവതി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

തുടര്‍ച്ചയായി ആശുപത്രികളില്‍ ഡോക്ടര്‍മാരും മറ്റു ആരോഗ്യ പ്രവര്‍ത്തകരും ആക്രമണത്തിന് ഇരയാകുന്നതിനിടെയാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള വനിതാ ഡോക്ടറുടെ കൊലപാതക വാര്‍ത്തകളും പുറത്തുവന്നത്. ഈ സാഹചര്യത്തില്‍ പ്രധാനമായും അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഡോക്ടര്‍മാര്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ALSO READ: കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; ഐഎംഎ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി


ഐഎംഎ മുന്നോട്ട് വെക്കുന്ന അഞ്ച് ആവശ്യങ്ങള്‍

1. ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരായ ആക്രമണങ്ങള്‍ തടയുന്നതിന് സുപ്രധാന നയം കൊണ്ടു വരേണ്ടതുണ്ട്. 1897ലെ എപിഡമിക് ഡിസീസ് ആക്ടില്‍ 2023ല്‍ വരുത്തിയ ഭേദഗതികള്‍ 2019ലെ ഹോസ്പിറ്റല്‍ പ്രൊട്ടക്ഷന്‍ ബില്ലുമായി ചേര്‍ത്ത് ഒരു കേന്ദ്ര നിയമം ഉണ്ടാക്കണമെന്ന് ഡോക്ടമാര്‍ ആവശ്യപ്പെടുന്നു. ഇത് 25 സംസ്ഥാനങ്ങളിലായി നിലവിലുള്ള നിയമ നിര്‍മാണത്തെ ശക്തിപ്പെടുത്താന്‍ കഴിയുന്നതായിക്കുമെന്നും ഐഎംഎ നിര്‍ദേശിക്കുന്നു.

2. ഒരു ആശുപത്രിയിലെ സുരക്ഷ എന്ന് പറയുന്നത് ഒരു വിമാനത്താവളത്തിലെ സുരക്ഷ പോലെയാക്കി മാറ്റണം. കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി ആശുപത്രികളെ സേഫ് സോണുകളാക്കി പ്രഖ്യാപിക്കുന്നതാകണം ആദ്യ പടി. സിസിടിവി ക്യാമറകള്‍, സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കല്‍ തുടങ്ങി, പിന്തുടരാന്‍ സാധിക്കുന്ന തരത്തിലുള്ള എല്ലാ പ്രോട്ടോക്കോളുകളും പാലിക്കാവുന്നതാണ് എന്ന് ഐഎംഎയുടെ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.

3. ജൂനിയര്‍ ഡോക്ടര്‍മാരുടെ തൊഴില്‍ സാഹചര്യവും ജീവിത സാഹചര്യവും കൃത്യമായി പരിശോധിക്കണം. 36 മണിക്കൂര്‍ തുടര്‍ച്ചയായി ഷിഫ്റ്റ് എടുക്കുന്നതും വിശ്രമിക്കാന്‍ സ്ഥലമില്ലാത്ത സാഹചര്യവും പരിശോധിക്കപ്പെടണം.

4. അതിക്രമിച്ചു കയറി കൊല്‍ക്കത്തയിലെ ആശുപത്രി തകര്‍ത്ത സംഭവത്തില്‍ കൃത്യതയോടെയുള്ള അന്വേഷണം ഉണ്ടാകണമെന്നും സംഭവത്തില്‍ ശിക്ഷ ഉറപ്പാക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

5. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് മാന്യമായ നഷ്ടപരിഹാരം നല്‍കണം - എന്നിവയാണ് പ്രധാനമായും ഐഎംഎ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com