കൊല്ലം പാപ്പച്ചൻ കൊലക്കേസ്; ആദ്യ നാല് പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊലപാതകം നടക്കുന്ന സമയത്ത് ഒന്നാം പ്രതി അനി മോന്‍റെയും, രണ്ടാം പ്രതി അനൂപിൻ്റെയും നമ്പറുകളുടെ ടവർ ലോക്കേഷനുകൾ ഒരേ ദിശയിലാണെന്ന കണ്ടെത്തൽ കേസിൽ നിർണായകമായ തെളിവായിരുന്നു.
കൊല്ലം പാപ്പച്ചൻ കൊലക്കേസ്; ആദ്യ നാല് പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
Published on

കൊല്ലം ആശ്രാമം സ്വദേശി പാപ്പച്ചനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നു മുതൽ നാലു പ്രതികളുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ ഇന്ന് കൊല്ലം അഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കൊലപാതകം നടക്കുന്ന സമയത്ത് ഒന്നാം പ്രതി അനി മോന്‍റെയും, രണ്ടാം പ്രതി അനൂപിൻ്റെയും നമ്പറുകളുടെ ടവർ ലോക്കേഷനുകൾ ഒരേ ദിശയിലാണെന്ന കണ്ടെത്തലാണ്  കേസിലെ നിർണായകമായ തെളിവായത്.

പാപ്പച്ചൻ കൊലക്കേസിൽ പഴുതടച്ചുള്ള കുറ്റപത്രം തയ്യാറാക്കുന്നതിൻ്റെ ഭാഗമായി കസ്റ്റഡി അപേക്ഷയിൽ അന്വേഷണ സംഘം ആറ് കാര്യങ്ങൾ ചൂണ്ടി കാട്ടിയിരുന്നു. ഇതിൽ നിർണായകമായ തെളിവ് ശേഖരിക്കൽ പൂർത്തിയായി. പാപ്പച്ചൻ നിക്ഷേപിച്ച പണം മുത്തൂറ്റ് നിധിയിലെ മാനേജരായ സരിതയും സഹപ്രവർത്തകനായ അനൂപും ചേർന്ന് പാപ്പച്ചന്‍റെ ഒപ്പ് പതിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാൻ സരിത, അനൂപ് എന്നീ പ്രതികളുടെ കൈയ്യക്ഷരം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പ്രതികളായ മാഹിൻ, അനൂപ് എന്നിവർ കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനും മേയ് 23ന് അപകട സ്ഥലത്തേക്ക് എത്തിച്ചേരുന്നതിനും ഉപയോഗിച്ച വാഹനങ്ങൾ അന്വേഷണ സംഘം കണ്ടെടുത്തു.

ഒന്നും രണ്ടും പ്രതികൾക്കു പ്രതിഫലമായി തുക നൽകിയ സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പും പൂർത്തിയാക്കി. ഗൂഗിള്‍ പേ വഴിയും ലാപ്ടോപ്പ് ഉപയോഗിച്ചും ഓണ്‍ലൈൻ ഇടപാട് വഴിയും ക്വട്ടേഷൻ സംഘത്തിന് പ്രതിഫലം നല്‍കിയെന്നാണ് സരിതയുടെ മൊഴി. അതിനാൽ സരിത ഉപയോഗിച്ച മറ്റൊരു ഫോണും ലാപ്ടോപ്പുമാണ് കേസിലെ മറ്റൊരു നിർണായക തെളിവായി അന്വേഷണ സംഘം പറയുന്നത്. കൊലപാതക ആസൂത്രണത്തിന് ഉപയോഗിച്ചതും ഈ ഫോണാണെന്നും സംശയിക്കുന്നു. അന്വേഷണ സംഘത്തിലെ സൈബർ സെൽ ഉദ്യോഗസ്ഥരാണ് ഇവ സരിത ഉപയോഗിച്ചതാണെന്നു കണ്ടെത്തിയത്.

എന്നാൽ പാപ്പച്ചൻ മറ്റു ബാങ്കുകളിൽ നിന്നു പിൻവലിച്ചെന്നു സംശയിക്കുന്ന അരക്കോടിയിൽ അധികം രൂപയുടെ കണക്ക് ഇനിയും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. തുകയുടെ അളവാണ് കുറ്റകൃത്യത്തിൻ്റെ വ്യാപ്തി നിശ്ചയിക്കുന്നത്. കേസിൽ അൻപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.

മുത്തൂറ്റ് നിധി ലിമിറ്റഡിലെ മാനേജരായ സരിത, ജീവനക്കാരനായ അനൂപ് എന്നിവരാണ് പാപ്പച്ചനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്. ഇതിന്‍റെ ഭാ​ഗമായി അനിമോൻ എന്നയാൾക്ക് ഇരുവരും ചേർന്ന് 19 ലക്ഷം രൂപ നൽകി. കൊലപാതകത്തിനായി മാഹീൻ, ഹാഷിം എന്നീ രണ്ട് കൂട്ടുപ്രതികളുടെ സഹായവും അനിമോൻ തേടി. അനൂപാണ് പാപ്പച്ചനെ ആശ്രാമത്തേക്ക് വിളിച്ച് വരുത്തിയത്. പിന്നീട് ക്വട്ടേഷൻ ഏറ്റെടുത്ത അനിമോൻ പാപ്പച്ചനെ കാറുപയോഗിച്ച് ഇടിച്ച് തെറിപ്പിച്ചു. സംഭവ സ്ഥലത്ത് പ്രതികളിലൊരാളായ ആസിഫ് ആംബുലൻസ് തയ്യാറാക്കി നിർത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.

കൊല്ലപ്പെട്ട പാപ്പച്ചന് സ്വകാര്യ ധനമിടപാട് സ്ഥാപനമായ മുത്തൂറ്റ് നിധി ലിമിറ്റഡിൽ 80 ലക്ഷത്തിന്‍റെ ഫിക്സ്ഡ് ഡെപ്പോസിറ്റുണ്ട്. അതിൽ പലതവണ സരിതയും അനൂപും തിരിമറി നടത്താൻ ശ്രമിച്ചിരുന്നു. ശേഷമായിരുന്നു കൊലപാതകശ്രമം. ആദ്യം മരണകാരണം സാധാരണമായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരുന്നത്. എന്നാല്‍, ഉയര്‍ന്നുവന്ന സംശയത്തെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. അതിനെത്തുടര്‍ന്നാണ് മരണം കൊലപാതകമാണ് എന്ന് കണ്ടെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com