
ചൂരല്‍മല ദുരന്തത്തില്‍ കണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് അഞ്ചാം ദിവസത്തിലേക്ക്. ഇന്നും ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഊർജിതമായ തെരച്ചിൽ നടത്തും. ഇവിടെ ആറു മേഖലകളായി തിരിച്ചായിരിക്കും തെരച്ചിൽ നടത്തുന്നത്. രാവിലെ മഴയുള്ളത് തെരച്ചിലിന് വെല്ലുവിളിയേക്കും.
ഇന്ന് ആറ് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെ റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് ഡ്രോൺ ഉപയോഗിച്ച് തെരച്ചൽ നടത്തും. ഇന്നലെ മൃതദേഹങ്ങൾ കിട്ടിയ പുഞ്ചിരിമറ്റം മേഖലയിൽ ഇന്നും പരിശോധന നടത്തും. വെള്ളാർമല സ്കൂള്‍ പരിസരത്തും പരിശോധന നടത്തും. പുഴ കേന്ദ്രീകരിച്ചുള്ള പരിശോധ നിരന്തരമായി നടത്തുമെന്നും ജില്ലാഭരകൂടം അറിയിച്ചു. ചാലിയാർ കേന്ദ്രീകരിച്ചുള്ള തെരച്ചിലും ഇതോടൊപ്പം നടക്കും. നാട്ടുകാരെയും തെരച്ചിലിൽ ഉൾപ്പെടുത്തും.
ഇന്നലെ നിരവധി മൃതദേഹങ്ങള്‍ ചാലിയാര്‍ ഭാഗത്ത് നിന്നും കണ്ടെത്തിയിരുന്നു. ബന്ധുക്കൾക്ക് പോലും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലായിരുന്നു മൃതദേഹങ്ങള്‍. ഇന്നത്തെ തെരച്ചിലിൽ കൂടുതൽ ഉദ്യോഗസ്ഥർ അണിനിരക്കും. വിവിധ സേനകളിൽ നിന്നായി 640 പേരാണ് തെരച്ചിലിൽ പങ്കെടുക്കുന്നത്. അതേസമയം, ഇന്നലെ സേനാ വിഭാഗങ്ങളും പൊലീസും ഫയർ ആന്‍റ് റെസ്ക്യൂ വിഭാഗവുമാണ് തെരച്ചിലിന് നേതൃത്വം നൽകിയത്. ഒപ്പം ഈ രംഗത്ത് പ്രാവീണ്യമുള്ള സന്നദ്ധ പ്രവർത്തകരും സ്വകാര്യ കമ്പനികളും പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത യോഗത്തിലെ തീരുമാനപ്രകാരം ദുരന്തമേഖലയെ ആറ് സെക്ടറുകളാക്കി വിഭജിച്ചാണ് കഴിഞ്ഞ ദിവസവും തെരച്ചിൽ നടത്തിയത്. 68 മണ്ണുമാന്തി യന്ത്രങ്ങളാണ് അവശിഷ്ടങ്ങള്‍ നീക്കുന്നതിനായി ദുരന്ത മേഖലയിലുള്ളത്. രണ്ട് ഹെലിക്കോപ്റ്ററുകളും എട്ട് ഡ്രോണുകളും ആകാശനിരീക്ഷണം നടത്തുന്നതിനായി ഇന്നലെ ഉപയോഗിച്ചു. ക്രെയിനുകള്‍, കോൺക്രീറ്റ് കട്ടറുകള്‍, വുഡ് കട്ടറുകള്‍ എന്നിവയും ഉപയോഗിക്കുന്നുണ്ട്. ഇന്ധനം, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിനായി ടാങ്കറുകള്‍, ആംബുലന്‍സുകള്‍ എന്നിവയും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ടായിരുന്നു.