ഉരുൾപൊട്ടൽ സ്വാഭാവിക ദുരന്തം; മെഗാ വികസനങ്ങൾ താങ്ങാൻ കേരളത്തിനാകില്ല: ഡോ. കെ. ജി. താര

ദുരന്തമേഖലയിലെ പാറകളിൽ വിള്ളലുകൾ ഉണ്ട്. ഉരുൾപൊട്ടൽ പ്രഭവസ്ഥാനത്ത് സൂക്ഷ്മതലത്തിലുള്ള പരിശോധന അനിവാര്യമാണ്
ഡോ. കെ. ജി. താര
ഡോ. കെ. ജി. താര
Published on

വയനാട് ഉരുൾപൊട്ടൽ സ്വാഭാവിക ദുരന്തമാണെന്നും, മഴ കൂടുതലായി പെയ്യുന്നത് കൊണ്ട് മാത്രമല്ല ഉരുൾപൊട്ടൽ ഉണ്ടാകുന്നതെന്നും സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെൻറ്​ സെൻറർ മുൻ മേധാവിയും, ഡിസാസ്റ്റർ മാനേജ്മെൻറ്​ വിദഗ്ദ്ധയുമായ ഡോക്ടർ കെ. ജി. താര. ദുരന്തമേഖലയിലെ പാറകളിൽ വിള്ളലുകൾ ഉണ്ട്. ഉരുൾപൊട്ടൽ പ്രഭവസ്ഥാനത്ത് സൂക്ഷ്മതലത്തിലുള്ള പരിശോധന അനിവാര്യമാണ്. വയനാട്ടിലെ മൂന്നു താലൂക്കുകൾ അത്യന്തം പരിസ്ഥിതി ദുർബല പ്രദേശമാണ്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഇത് വ്യക്തമാക്കിയിട്ടുണ്ട്. വൻതോതിലുള്ള ഒരു നിർമാണ പ്രവർത്തനവും ഈ മേഖലയിൽ നടത്താൻ പാടില്ലെന്നും കെ. ജി. താര ന്യൂസ് മലയാളത്തോട് പറഞ്ഞു.

"ദുരന്ത സാധ്യത മാപ്പുകളിൽ കൃത്യതയില്ല, വിഹഗ വീക്ഷണം മാത്രമാണ് ദുരന്തസാധ്യത മാപ്പുകളിൽ ഉള്ളത്. ഈ മാപ്പ് വെച്ച് പ്രാദേശിക തലത്തിൽ ഒരു ആസൂത്രണവും നടത്താൻ കഴിയില്ല. അതിർത്തി തിരിച്ച് വ്യക്തമായ സർവ്വേ നടത്തി കർമ്മ പദ്ധതി തയ്യാറാക്കണം. കേരളം പോലെ ഇത്രയധികം പരിസ്ഥിതി ദുർബലമായ പ്രദേശം വേറെയില്ല. മെഗാ പദ്ധതികൾ കേരളത്തിന് താങ്ങാൻ കഴിയില്ല, വികസന സങ്കല്പങ്ങൾ മാറ്റിയില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. തുരങ്കപാത വയനാടിന് യോജിച്ചതല്ല. മുല്ലപ്പെരിയാറിനെക്കാൾ വലിയ ദുരന്ത സാധ്യതകൾ കേരളത്തിൽ വേറെയുണ്ട്. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് കേരളവും തമിഴ്നാടും ചേർന്ന് പഠനം നടത്തണം. രണ്ടു സംസ്ഥാനങ്ങളും തമ്മിൽ നല്ല സൗഹൃദമാണ് നിലവിലുള്ളത്. 999 വർഷത്തെ ഉടമ്പടി ഒന്നും എവിടെയും കാണാൻ കഴിയുന്നതല്ല. മുല്ലപ്പെരിയാറിലെ ജലം തമിഴ്നാടിന് ലഭ്യമാക്കണം," കെ. ജി. താര പറഞ്ഞു.

ക്വാറികൾ ഉരുൾപൊട്ടലിന് പ്രധാന കാരണമായി പറയാനാവില്ലെന്നും കെ. ജി. താര പറഞ്ഞു. ദുർബല മേഖലകളിൽ ക്വാറികൾ ദുരന്ത സാധ്യത ഉണ്ടാക്കും. ദുർബല പ്രദേശങ്ങളിൽ ക്വാറി പാടില്ല എന്ന് ഗാഡ്ഗിൽ കമ്മിറ്റി നിർദേശമുണ്ട്. ഉപയോഗശൂന്യമായ ക്വാറികൾ മരണക്കെണികളാണ്. ബദൽ നിർമാണ സാമഗ്രികൾ കണ്ടെത്തേണ്ടത് അനിവാര്യമാണ്. ഉരുൾപൊട്ടൽ സാധ്യതയുള്ള 150 പഞ്ചായത്തുകളിൽ വാർഡ് തലത്തിൽ, ദുരന്ത സാധ്യത മാപ്പ് തയ്യാറാക്കണമെന്നും ഡോക്ടർ കെ. ജി. താര കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com