

ചണ്ഡീഗഡ്: വെടിക്കെട്ട് ഫോമിലുള്ള മലയാളി ബാറ്റർ സഞ്ജു സാംസണെ കരയ്ക്കിരുത്തിയിട്ടും ടി20യിൽ മോശം ബാറ്റിങ് പ്രകടനം തുടർന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും ഉപനായകൻ ശുഭ്മാൻ ഗില്ലും. ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇരുവരും നടത്തിയത്.
2025ൽ കളിച്ച 17 ഇന്നിങ്സുകളിൽ നിന്ന് 201 റൺസ് മാത്രമാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിൻ്റെ സമ്പാദ്യം. ഒരു ഫിഫ്റ്റി പോലും താരത്തിന് ഇതിനിടയിൽ നേടാനായിട്ടില്ല. 14.35 ആണ് സൂര്യയുടെ ബാറ്റിങ് ആവറേജ്. 47 റൺസാണ് ഏറ്റവുമുയർന്ന സ്കോർ.
രണ്ടാം ടി20യിൽ മാർക്കോ ജാൻസൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡീ കോക്കിന് ക്യാച്ച് സമ്മാനിച്ചാണ് സൂര്യ മടങ്ങിയത്. മത്സരത്തിന് ശേഷം ഇന്ത്യയുടെ തോൽവിയുടെ ഉത്തരവാദിത്തം താൻ ഉൾപ്പെട്ട ബാറ്റർമാരുടേതാണെന്ന് ക്യാപ്റ്റൻ തുറന്നുസമ്മതിച്ചു.
എല്ലാ തവണത്തേയും പോലെ ടീമിൻ്റെ ഇന്നിങ്സിൽ അഭിഷേക് ശർമയെ അമിതമായി ആശ്രയിക്കാനാകില്ലെന്നും തനിക്കും ശുഭ്മാൻ ഗില്ലിനും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ബാറ്റ് ചെയ്യാൻ ശ്രമിക്കാമായിരുന്നു എന്നും സൂര്യ പറഞ്ഞു. ഈ മത്സരത്തിൽ നിന്ന് കൂടുതൽ പാഠങ്ങൾ പഠിക്കാനായെന്നും തെറ്റ് തിരുത്തി അടുത്ത മത്സരത്തിൽ കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും സൂര്യ മത്സര ശേഷം പറഞ്ഞു.
ടി20യിൽ വൈസ് ക്യാപ്ടനായ ശുഭ്മാൻ ഗില്ലിൻ്റെ പ്രകടനവും മോശമാണ്. ഇന്ന് നേരിട്ട ആദ്യ പന്തിൽ തന്നെ ലുങ്കി എങ്കിടിക്ക് വിക്കറ്റ് സമ്മാനിച്ചാണ് താരം മടങ്ങിയത്. കരിയറിൽ ഇന്ത്യക്കായി 35 മത്സരങ്ങൾ കളിച്ച ഗിൽ 28 റൺസ് ആവറേജിൽ ആകെ നേടിയത് 841 റൺസാണ്. മൂന്ന് ഫിഫ്റ്റികളും ഒരു സെഞ്ച്വറിയും ഗിൽ നേടിയിട്ടുണ്ടെങ്കിലും, ഇന്ത്യ ഇന്ന് പുറത്തിരുത്തിയ സഞ്ജുവിൻ്റെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ മോശം പ്രകടനമാണ്. ടി20യിൽ സമീപകാലത്ത് ഇന്ത്യക്കായി കളിച്ച 11 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറികൾ നേടിയ സഞ്ജു, സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെൻ്റിൽ തകർപ്പൻ ഫോമിലായിരുന്നു.
ഗംഭീറിൻ്റെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയുടെ ആദ്യ രണ്ട് മത്സരങ്ങൾ കഴിയുമ്പോൾ മലയാളികളായ ക്രിക്കറ്റ് ആരാധകർക്ക് തോന്നിയത്. സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ കളിപ്പിക്കാതിരുന്നാൽ ആ നഷ്ടം രാജ്യത്തിൻ്റേതാണെന്നും സഞ്ജുവിൻ്റേത് മാത്രമല്ലെന്നുമാണ് പണ്ട് ഗംഭീർ പറഞ്ഞിരുന്നത്.
സൂര്യകുമാർ യാദവ് നായകനായപ്പോൾ സഞ്ജുവിന് അല്ലറ ചില്ലറ അവസരങ്ങളൊക്കെ ലഭിച്ചുവെന്നത് നേരാണ്. ഇന്ത്യൻ ജഴ്സിയിൽ തുടർച്ചയായി 21 കളികളിൽ ഡക്കായാലും സഞ്ജുവിനെ പുറത്താക്കില്ലെന്ന് ഉറപ്പുനൽകിയ ഗംഭീറിന് ബോധക്ഷയം വന്ന അവസ്ഥയാണ് ഇപ്പോൾ. നന്നായി കളിച്ചിരുന്ന മലയാളി പയ്യന് ഇപ്പോൾ അവസരങ്ങൾ കുറഞ്ഞുവരികയാണ്.