11,000 വര്‍ഷം പഴക്കമുള്ള രഹസ്യങ്ങള്‍! 2025-ലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങള്‍

ഈ കണ്ടെത്തലുകള്‍ നമ്മുടെ വേരുകള്‍ എത്രമാത്രം ആഴമുള്ളതാണെന്ന് ഓര്‍മ്മിപ്പിക്കുന്നു
NEWS MALAYALAM24x7
NEWS MALAYALAM24x7
Published on
Updated on

2025 ല്‍ ലോകത്തിലെ പല ഭാഗങ്ങളിലായി നടന്ന നാല് പ്രധാന കണ്ടെത്തലുകള്‍. ഈ കണ്ടെത്തലുകളെല്ലാം ചേര്‍ന്ന് പറഞ്ഞുതരുന്നത് മനുഷ്യന്‍ ആഹാരം തേടി നടന്ന മൃഗങ്ങളില്‍ നിന്ന് എങ്ങനെ ചിന്തിക്കുന്ന, വികാരം പങ്കുവെക്കുന്ന, സംഘടിതമായി ജീവിക്കുന്ന ഒരു വര്‍ഗ്ഗമായി മാറിയെന്ന കഥയാണ്.

തുർക്കിയിലെ മനുഷ്യമുഖമുള്ള കൽത്തൂൺ

തുര്‍ക്കിയിലെ സാന്‍ലൂര്‍ഫ പ്രവിശ്യയിലുള്ള പ്രസിദ്ധമായ പുരാവസ്തു ഗവേഷണ കേന്ദ്രമാണ് കരഹന്‍ ടെപെ. നിയോലിതിക് കാലഘട്ടത്തിലെ മനുഷ്യ നിര്‍മിതികളെ കുറിച്ചുള്ള ധാരണകളെ തിരുത്തിയെഴുതുന്ന കണ്ടുപടിത്തുങ്ങളാണ് വര്‍ഷങ്ങളായി ഇവിടെ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 2025 ലും അതിനു മാറ്റമുണ്ടായിട്ടില്ല.

ഏകദേശം 11,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന പ്രധാനപ്പെട്ട രണ്ട് നിര്‍മിതികള്‍ 2025 ല്‍ ഗവേഷകര്‍ ഇവിടെ നിന്ന് കണ്ടെത്തി. മനുഷ്യ ചരിത്രത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ തന്നെ മാറ്റി മറിക്കുന്നവയാണ് ഈ കണ്ടെത്തലുകള്‍.

Image: Instagram

അതില്‍ ആദ്യത്തേത് മനുഷ്യന്റെ മുഖത്തോടു കൂടിയ കല്‍ത്തൂണാണ്. ടി ആകൃതിയിലുള്ള കല്‍ത്തൂണുകളാണ് ഇവിടെ നിന്നും കൂടുതലായി കണ്ടെത്തിയിരുന്നത്. ഇവ മനുഷ്യരൂപങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്ന് പണ്ടേ കരുതിയിരുന്നെങ്കിലും ആദ്യമായാണ് ഒരു മനുഷ്യമുഖം വ്യക്തമായി കൊത്തിയെടുത്ത ഒരു തൂണ്‍ കണ്ടെത്തുന്നത്. ഏകദേശം 4.4 അടി ഉയരമുള്ള പാറയില്‍ കൊത്തിയെടുത്ത തൂണ്‍ ഒമ്പതാം സഹസ്രാബ്ദത്തില്‍ നിര്‍മിക്കപ്പെട്ടതാണ്. അക്കാലത്തെ മനുഷ്യര്‍ തൂണുകളെ വെറും കല്ലുകളായല്ല, മറിച്ച് മനുഷ്യരുടെ പ്രതീകങ്ങളായാണ് കണ്ടിരുന്നത് എന്നതിന്റെ സൂചനയാണ് മനുഷ്യ മുഖമുള്ള ഈ തൂണ്‍ നല്‍കുന്ന സൂചന.

NEWS MALAYALAM24x7
Stranger Thingsല്‍ പറയുന്നത് യഥാര്‍ത്ഥ സംഭവങ്ങളോ? എന്തായിരുന്നു സിഐഎയുടെ രഹസ്യ പദ്ധതി?

ഇസ്താംബുള്‍ സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകനായ നെജ്മി കരുല്‍ കണ്ടെത്തിയ ചില വസ്തുക്കളാണ് രണ്ടാമത്തെ പ്രധാന കണ്ടെത്തല്‍. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള 'ത്രിമാന കഥാഖ്യാനം' ആയാണ് ഇത് കണക്കാക്കപ്പെടുന്നത്.

കുഴിച്ചു മൂടപ്പെട്ട ഒരു കെട്ടിടത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയ ഒരു കല്‍പ്പാത്രത്തില്‍ ഒരു താലം, വടികള്‍, കാട്ടുപന്നി, കഴുകന്‍, കുറുക്കന്‍ എന്നിവയുടെ ചെറിയ ശില്പങ്ങളും ഉണ്ടായിരുന്നു. വെറും 1.3 ഇഞ്ച് മാത്രം ഉയരമുള്ള ഈ ശില്പങ്ങളുടെ തലയില്‍ ചുണ്ണാമ്പുകല്ല് കൊണ്ടുള്ള മോതിരങ്ങള്‍ അണിയിച്ചിരുന്നു.

എന്താണ് ഇതിന്റെ അര്‍ത്ഥം?

വരിവരിയായി ക്രമീകരിച്ചിരിക്കുന്ന ഈ മൃഗങ്ങള്‍ ഒരു പ്രത്യേക സംഭവം വിവരിക്കാനാണെന്നാണ് കരുതുന്നത്. ഒരേ വിധി പങ്കിടുന്നതോ അല്ലെങ്കില്‍ ഒരേ സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതോ ആയ മൃഗങ്ങളെയാകാം ഇത് സൂചിപ്പിക്കുന്നത്.

എന്തുകൊണ്ടാണ് ഈ കണ്ടെത്തലുകള്‍ വിസ്മയിപ്പിക്കുന്നത്?

12,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന മനുഷ്യര്‍ക്ക് ഇത്രയും ആഴത്തിലുള്ള പ്രതീകാത്മക ചിന്താശേഷിയും വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള കഴിവും ഉണ്ടായിരുന്നു എന്നത് അത്ഭുതകരമാണ്. ആ കാലഘട്ടത്തിലെ ആളുകള്‍ കെട്ടിടങ്ങളെ ജീവനുള്ളവയെപ്പോലെയാണ് കണ്ടിരുന്നത്. ഒരു കെട്ടിടം ഉപേക്ഷിക്കുമ്പോള്‍, അത് 'മരിച്ചു' എന്ന് സങ്കല്‍പ്പിക്കുകയും ഇത്തരം ശില്പങ്ങള്‍ അതിനുള്ളില്‍ അടക്കം ചെയ്യുകയും ചെയ്തിരുന്നു.

നവീന ശിലായുഗത്തിലെ മനുഷ്യര്‍ക്ക് അവരുടെ സന്ദേശങ്ങളും വികാരങ്ങളും കൈമാറാന്‍ കഴിഞ്ഞിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ കണ്ടെത്തലുകള്‍.

കരഹന്‍ ടെപെയിലെ കണ്ടെത്തലുകള്‍ മനുഷ്യന്റെ ട്യായീഹശര ഠവീൗഴവ)േ ന്റെ തുടക്കത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു കല്ലിനെ വെറും കല്ലായി കാണാതെ, അതില്‍ ഒരു മുഖം കൊത്തുക വഴി തങ്ങളെത്തന്നെ പ്രതിനിധീകരിക്കാന്‍ മനുഷ്യന്‍ പഠിച്ചു. ഇത് പിന്നീട് ഭാഷയിലേക്കും എഴുത്തിലേക്കും കലയിലേക്കും വളര്‍ന്നു. ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഇമോജികള്‍ മുതല്‍ സിനിമകള്‍ വരെ കരഹന്‍ ടെപെയിലെ ആ ത്രിമാന കഥാഖ്യാനത്തിന്റെ പരിഷ്‌കരിച്ച രൂപങ്ങളാണ്. വികാരങ്ങള്‍ പങ്കുവെക്കാനുള്ള ആഗ്രഹം അന്നേ തുടങ്ങിയിരുന്നു എന്ന് വ്യക്തം.

മായൻ സാമ്രാജ്യത്തിലെ മുഖംമൂടി

1993ല്‍ പര്യവേക്ഷണം നിര്‍ത്തി അവസാനിപ്പിച്ചയിടത്തു നിന്നും ഗവേഷക ദമ്പതികളായ അര്‍ലന്‍ ചേസും ഡയാന്‍ ചേസും തുടങ്ങിയപ്പോള്‍ തുറക്കപ്പെട്ടത് മായന്‍ സംസ്‌കാരത്തെ കുറിച്ച് ലോകത്തിന് ഇതുവരെ അജ്ഞാതമായ ഒരു വാതിലായിരുന്നു. ബെലീസിലെ മായന്‍ നഗരമായ കാരക്കോളില്‍ നാല് പതിറ്റാണ്ടിലേറെ നീണ്ട ഖനനത്തിനൊടുവിലായിരുന്നു ആ കണ്ടെത്തല്‍.

ഹൂസ്റ്റണ്‍ സര്‍വ്വകലാശാലയിലെ പുരാവസ്തു ഗവേഷകരായ അര്‍ലന്‍ ചേസിന്റെയും ഡയാന്‍ ചേസിന്റെയും നേതൃത്വത്തിലുള്ള സംഘം കുഴിച്ചു കുഴിച്ച് ചെന്നെത്തിയത് കാരക്കോള്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ടെ കബ് ചക്കിന്റെ ശവകുടീരത്തിലേക്കായിരുന്നു.

മായന്‍ ഗവേഷണത്തില്‍, ചരിത്രരേഖകളിലും ലിഖിതങ്ങളിലും പരാമര്‍ശിക്കപ്പെട്ട ഒരു വ്യക്തിയുടെ ഭൗതികാവശിഷ്ടങ്ങള്‍ നേരിട്ട് കണ്ടെത്തുക എന്നത് അത്യപൂര്‍വ്വമായ കാര്യമാണ്. മാത്രമല്ല, കാരക്കോളില്‍ നിന്ന് ഇതുവരെ കണ്ടെത്തിയ ഒരേയൊരു ഭരണാധികാരിയുടെ ശവകുടീരവും ഇതാണ്.

93 ല്‍ കൂടുതല്‍ ഒന്നുമില്ലെന്ന നിഗമനത്തില്‍ പര്യവേക്ഷണം അവസാനിപ്പച്ച സ്ഥലത്ത് വീണ്ടും പരിശോധന നടത്തിയതാണ് വഴിത്തിരിവായത്. കണ്ടത് ഏഴടി ഉയരമുളള ചതുരാകൃതിയിലുള്ള മുറി. ചായില്യം പൂശിയ ചുമരുകള്‍. മരിച്ച വ്യക്തി വലിയ പദവിയുള്ള ആളായിരുന്നു എന്നതിന്റെ സൂചനയാണിത്. അറയില്‍ മണ്‍പാത്രങ്ങളും ജേഡ് രത്നക്കല്ലുകള്‍ കൊണ്ടുള്ള ആഭരണങ്ങളും കൊത്തുപണികളുള്ള അസ്ഥി കൊണ്ടുള്ള കുഴലുകളും ഉണ്ടായിരുന്നു. കക്കകളും ജേഡ് കല്ലുകളും കൊണ്ട് നിര്‍മിച്ച അതിമനോഹരമായ ഒരു മുഖം മൂടി രാജാവിന്റെ മുഖത്ത് അണിയിച്ചിരുന്നു. ഇതാണ് ഇവിടെ നിന്നു കണ്ടെത്തിയ ഏറ്റവും സവിശേഷമായ വസ്തു.

NEWS MALAYALAM24x7
3I/ATLAS|7 ബില്യണ്‍ വര്‍ഷം പഴക്കമുള്ള Interstellar Comet ഭൂമിക്ക് ഭീഷണിയോ?

കാരക്കോളിലെ ശവകുടീരം സൂചിപ്പിക്കുന്നത് അധികാര കേന്ദ്രീകരണം എങ്ങനെ രൂപപ്പെട്ടു എന്നതാണ്. ഒരു സമൂഹത്തിന് ഒരു നേതാവ് വേണമെന്ന ചിന്തയും, ആ നേതാവിനെ മരണശേഷവും ആദരിക്കണമെന്ന ബോധ്യവും ഭരണകൂടം എന്ന സങ്കല്‍പ്പത്തിലേക്ക് നയിച്ചു. ലിഖിതങ്ങളിലെ പേരും ഭൗതികാവശിഷ്ടവും ഒത്തുചേരുന്നത് വ്യക്തിയുടെ ചരിത്രപരമായ ഐഡന്റിറ്റിക്ക് പ്രാധാന്യം നല്‍കുന്നു.

പാമ്പാ ലാ ക്രൂസിലെ സംസ്കാരിക കൈമാറ്റം

പുരാതന തെക്കേ അമേരിക്കന്‍ സംസ്‌കാരങ്ങളുടെ പരിവര്‍ത്തന കാലഘട്ടത്തെ കുറിച്ച് നിര്‍ണായകമായ വിവരങ്ങള്‍ നല്‍കുന്നതായിരുന്നു പെറുവിലെ പാമ്പാ ലാ ക്രൂസ് എന്ന സ്ഥലത്ത് കണ്ടെത്തിയ ആഡംബര ശവകുടീരം. എ.ഡി. 850-നും 1000-നും ഇടയില്‍ നിര്‍മിക്കപ്പെട്ട ഈ ശവകുടീരം സ്വാധീനം കുറയുന്ന പഴയ സംസ്‌കാരത്തിന്റേയും ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന പുതിയ സംസ്‌കാരത്തിന്റേയും സാക്ഷ്യമാണ്.

ഇവിടുത്തെ പ്രാദേശികമായ മോച്ചെ സംസ്‌കാരവും മലയോര മേഖലയിലെ വാരി സംസ്‌കാരവും തമ്മിലുള്ള സങ്കര ശൈലിയാണ് ഇവിടെ കാണപ്പെടുന്നത്. രണ്ട് പ്രായമായ പുരുഷന്മാരുടെ ഭൗതികാവശിഷ്ടങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.

ഇതില്‍ ആദ്യത്തെയാളെ വാരി സംസ്‌കാരത്തിന് സമാനമായി പദ്മാസന രീതിയിലാണ് അടക്കം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ഒരു മരക്കണ്ണാടി കൂടി ഉണ്ടായിരുന്നു. വാരി സാങ്കേതിക വിദ്യയില്‍ നിര്‍മിച്ചതാണെങ്കിലും അതിന്റെ ശൈലി പ്രാദേശികമായ മോച്ചെ രൂപങ്ങളുടേതാണ്. കൂടാതെ, കൂടാതെ രത്നങ്ങളും ചിപ്പികളും പതിച്ച ഒരു കര്‍ണ്ണാഭരണവും ഇവിടെ നിന്നും കണ്ടെത്തി.

ശവകുടീരത്തിലെ രണ്ടാമത്തെ വ്യക്തിയേയും ഇരിക്കുന്ന നിലയിലാണ് അടക്കം ചെയ്തിരിക്കുന്നത്. ചെമ്പ് ലോഹസങ്കരം കൊണ്ട് നിര്‍മിച്ച ഒരു കത്തിയും മൃതദേഹത്തിനടുത്തുണ്ടായിരുന്നു. കത്തിയില്‍ മോച്ചെ ശൈലിയില്‍ കൊത്തിയെടുത്ത ആയുധം കയ്യിലേന്തിയ ഒരു രൂപവും കാണാം.

ഇവിടെ നിന്ന് ലഭിച്ച മണ്‍പാത്രങ്ങള്‍ ഈ കാലഘട്ടത്തിന്റെ പരിവര്‍ത്തന സ്വഭാവത്തിന് കൂടുതല്‍ ഉദാഹരണങ്ങള്‍ നല്‍കുന്നതാണ്. ഉദാഹരണത്തിന്, പദ്മാസന രീതിയില്‍ ഇരിക്കുന്ന വ്യക്തിയുടെ കൂടെ കണ്ടെത്തിയ ഒരു പാത്രം, മലയോര മേഖലയിലെ മാതൃകകള്‍ ഉള്‍ക്കൊള്ളുന്നതാണ്. എന്നാല്‍ ഈ പാത്രം പൂര്‍ണ്ണമായും മലയോര ശൈലിയിലുള്ളതോ അല്ലെങ്കില്‍ പൂര്‍ണ്ണമായും മോച്ചെ ശൈലിയിലുള്ളതോ അല്ല.

പാമ്പാ ലാ ക്രൂസ് കണ്ടെത്തല്‍ പെറുവിന്റെ വടക്കന്‍ തീരത്തെ സാമൂഹികവും രാഷ്ട്രീയവുമായ പുനഃക്രമീകരണത്തിന്റെ നിര്‍ണ്ണായക കാലത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഫ്ലോറിഡ സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകനായ ഗബ്രിയേല്‍ പ്രീറ്റോ ചൂണ്ടിക്കാട്ടുന്നു.

പാമ്പാ ലാ ക്രൂസിലെ കണ്ടെത്തല്‍ വ്യത്യസ്ത സംസ്‌കാരങ്ങളുടെ കൂടിച്ചേരലിനെയാണ് കാണിക്കുന്നത്. മോച്ചെ, വാരി എന്നീ രണ്ട് വ്യത്യസ്ത ശൈലികള്‍ ഒരുമിച്ച് ഒരു ശവകുടീരത്തില്‍ കാണപ്പെടുന്നത് മനുഷ്യര്‍ എപ്പോഴും സങ്കര സംസ്‌കാരങ്ങളിലൂടെയാണ് വളര്‍ന്നത് എന്നതിന്റെ തെളിവാണ്. പുതിയതിനെ സ്വീകരിക്കുകയും പഴയതിനെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്ന ഈ രീതിയാണ് മനുഷ്യനെ കൂടുതല്‍ കാലം അതിജീവിക്കാന്‍ സഹായിച്ചത്.

തുർക്കിയിലെ 'ഫെര്‍ട്ടിലിറ്റി ഗോഡസ്'

യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടിയ ലോകത്തിലെ ആദ്യകാല നഗരങ്ങളില്‍ ഒന്നാണ് തുര്‍ക്കിയിലെ അനറ്റോളിയയിലുള്ള കാറ്റല്‍ ഹുയുക്. ശിലായുഗ കാര്‍ഷിക ഗ്രാമമായ കാറ്റല്‍ ഹുയുകിനെ കുറിച്ചുള്ള പ്രധാന വിവരവും ഈ വര്‍ഷം ഗവേഷകര്‍ കണ്ടെത്തി.

സ്ത്രീ കേന്ദ്രീകൃതമായ മാട്രിയാര്‍ക്കല്‍ സമൂഹമായിരുന്നു അവിടെ നിലനിന്നിരുന്നത് എന്നതിന് ശക്തമായ ജനിതക തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പണ്ട് മുതല്‍ക്കേ ഇവിടെ നിന്ന് വലിയ സ്ത്രീ രൂപങ്ങള്‍ ലഭിച്ചിരുന്നു. ഇവയെ 'ഫെര്‍ട്ടിലിറ്റി ഗോഡസ്' എന്നാണ് ഗവേഷകര്‍ വിളിച്ചിരുന്നത്. എന്നാല്‍ ഈ ശില്പങ്ങള്‍ക്കപ്പുറം സ്ത്രീകളാണോ പുരുഷന്മാരാണോ അവിടെ ഉയര്‍ന്ന സ്ഥാനം കൈകാര്യം ചെയ്തിരുന്നത് എന്നതിന് വ്യക്തമായ തെളിവുകള്‍ ഇല്ലായിരുന്നു. പുതിയ ഡി.എന്‍.എ പഠനങ്ങള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ്.

മിഡില്‍ ഈസ്റ്റ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ 131 പേരുടെ ഡി.എന്‍.എ പരിശോധിച്ചു. തലയോട്ടിയിലെ 'പെട്രസ് ബോണ്‍', പല്ലുകള്‍ എന്നിവയില്‍ നിന്നാണ് ഈ ജനിതക വിവരങ്ങള്‍ ശേഖരിച്ചത്. അസ്ഥികൂടങ്ങളില്‍ നിന്ന് മാത്രം ലിംഗനിര്‍ണ്ണയം നടത്താന്‍ കഴിയാതിരുന്ന കുഞ്ഞുങ്ങളുടെ ഡി.എന്‍.എ പരിശോധിച്ചപ്പോള്‍ അതിശയകരമായ ഒരു കാര്യം വ്യക്തമായി.

ആണ്‍കുഞ്ഞുങ്ങളെ അപേക്ഷിച്ച് പെണ്‍കുഞ്ഞുങ്ങളുടെ ശവകുടീരങ്ങളില്‍ അഞ്ച് മടങ്ങ് കൂടുതല്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കണ്ടെത്തി. ഇത് പെണ്‍കുട്ടികള്‍ക്ക് സമൂഹത്തിലുണ്ടായിരുന്ന ഉയര്‍ന്ന സ്ഥാനത്തെയാണ് സൂചിപ്പിക്കുന്നത്.ഒരേ വീട്ടില്‍ അടക്കം ചെയ്യപ്പെട്ടവര്‍ അമ്മ വഴിയുള്ള ബന്ധുക്കളാണെന്ന് പഠനം തെളിയിച്ചു.

സ്ത്രീകള്‍ സ്വന്തം വീടുകളില്‍ തന്നെ തുടരുകയും പുരുഷന്മാര്‍ വിവാഹശേഷം അവരുടെ പങ്കാളികളുടെ വീടുകളിലേക്ക് മാറുകയും ചെയ്തിരുന്നു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.

സ്ത്രീകള്‍ക്ക് സാമൂഹിക കാര്യങ്ങളില്‍ കൂടുതല്‍ സ്വാധീനമുണ്ടായിരുന്നത് കാറ്റല്‍ ഹുയുകില്‍ വലിയ തോതിലുള്ള വര്‍ഗ്ഗവിവേചനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഹായിച്ചിരിക്കാം എന്ന് ഗവേഷകയായ എറെന്‍ യുന്‍കു അഭിപ്രായപ്പെടുന്നു. എല്ലാവര്‍ക്കും തുല്യമായ പരിഗണന ലഭിക്കുന്ന ഒരു 'സമത്വ അധിഷ്ഠിത' ബന്ധം നിലനിര്‍ത്താന്‍ ഈ സ്ത്രീ കേന്ദ്രീകൃത രീതി സഹായിച്ചിരിക്കാം എന്നാണ് നിഗമനം.

സാമൂഹിക നീതിയെയും സമത്വത്തെയും കുറിച്ചുള്ള പാഠമാണ് കാറ്റല്‍ ഹുയുക് നല്‍കുന്നത്. ഇന്നത്തെ പുരുഷാധിപത്യ സമൂഹത്തിന് മുമ്പേ തന്നെ സമത്വമുള്ള മാട്രിയാര്‍ക്കല്‍ രീതി ഉണ്ടായിരുന്നു എന്ന് കാണിക്കുകയാണ് കാറ്റല്‍ ഹുയുക്.

നമ്മളങ്ങനെ ഇങ്ങനെയായി...

കരഹന്‍ ടെപെയില്‍ നിന്ന് തുടങ്ങിയ ഭാവന കാറ്റല്‍ ഹൊയൂക്കിലെ സമത്വമുള്ള ഗോത്രങ്ങളായി വളര്‍ന്ന് കാരക്കോളിലെ വലിയ സാമ്രാജ്യങ്ങളായി വികസിച്ചു പാമ്പാ ലാ ക്രൂസിലെ പോലെ സാംസ്‌കാരികമായി പരിവര്‍ത്തനം ചെയ്യപ്പെട്ടു.

ഇന്ന് നമ്മള്‍ കാണുന്ന ജനാധിപത്യം, മതം, കല, കുടുംബം എന്നീ വ്യവസ്ഥകളെല്ലാം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ട ഈ പ്രക്രിയയുടെ ഫലങ്ങളാണ്. ഈ കണ്ടെത്തലുകള്‍ നമ്മുടെ വേരുകള്‍ എത്രമാത്രം ആഴമുള്ളതാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com