
മാന്നാർ കല കൊലപാതകക്കേസിൽ ഒന്നാം പ്രതി അനിൽകുമാറിനെ ഇസ്രയേലിൽ നിന്ന് നാട്ടിലെത്തിക്കാൻ കേന്ദ്ര ഏജൻസികളുടെ സഹായം തേടി പൊലീസ്. പ്രതിയുടെ വിവരങ്ങൾ പൊലീസ് സിബിഐയ്ക്ക് കൈമാറി. കസ്റ്റഡിയിൽ തുടരുന്ന ജിനു, സോമൻ, പ്രമോദ് എന്നിവരെ ഇന്നും ചോദ്യം ചെയ്യും. പ്രതികളുമായി തെളിവെടുപ്പ് നടത്തുന്ന കാര്യത്തിൽ അന്വേഷണ സംഘം ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.
ആറ് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ അന്വേഷണ സംഘം തുടർച്ചയായി രണ്ടാം ദിവസവും പ്രതികളെ ചോദ്യം ചെയ്തിട്ടും കാര്യമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ തന്നെയാണോ ഉപേക്ഷിച്ചതെന്ന സംശയം പൊലീസിനുണ്ട്. കൊലപാതകത്തിൻ്റെ സൂത്രധാരൻ ഒന്നാംപ്രതി അനിൽകുമാറിനെ നാട്ടിലെത്തിച്ചാൽ മാത്രമേ മൃതദേഹം മറവ് ചെയ്തത് അടക്കം ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കൂ.
പ്രതികളുടെ കസ്റ്റഡി കാലാവധി കഴിയുന്നതിന് മുൻപ് അനിൽകുമാറിനെ നാട്ടിൽ എത്തിക്കാൻ പൊലീസ് നടപടികൾ വേഗത്തിലാക്കി. അനിൽകുമാറിൻ്റെ വീടിൻ്റെ പരിസരത്ത് ഭൂമിക്ക് അടിയിൽ മറ്റേതെങ്കിലും നിർമാണങ്ങളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി പ്രദേശ വാസികളെയും ചോദ്യം ചെയ്‌തേക്കും. എന്നാൽ പ്രതികളെ അനിൽകുമാറിൻ്റെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തുന്ന കാര്യത്തിൽ ഇനിയും തീരുമാനം ആയിട്ടില്ല. സെപ്റ്റിക് ടാങ്കിൽ നിന്നു ശേഖരിച്ച വസ്തുക്കളുടെ ഫോറൻസിക് പരിശോധന ഫലം വേഗത്തിൽ ലഭ്യമാക്കണമെന്ന് ജില്ലാ പൊലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷ എട്ടാം തീയതി പരിഗണിക്കാനിരിക്കെ പരമാവധി തെളിവുകൾ കണ്ടെത്താനാണ് പൊലീസിൻ്റെ ശ്രമം.