
സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുവെന്നാരോപിച്ച് ജയിലിലടക്കപ്പെട്ട എംപിയായ കാൻ അത്തലായയുടെ പാർലമെൻ്റ് അംഗത്വം സംബന്ധിച്ചുണ്ടായ വാഗ്വാദത്തിനിടെ ടർക്കിഷ് പാർലമെൻ്റിൽ കൂട്ടത്തല്ല്. പ്രസംഗത്തിനിടെ ഭരണപക്ഷ പാർട്ടിക്കെതിരെയുള്ള പ്രതിപക്ഷ ഡെപ്യൂട്ടി അഹമ്മദ് സിക്കിൻ്റെ 'തീവ്രവാദി' പരാമർശത്തെ തുടർന്ന് ഭരണപക്ഷ അംഗമായ അൽപേയ് ഒസാലൻ പോഡിയത്തിലെത്തി സിക്കിനെ മർദിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഇരുപക്ഷവും തമ്മിൽ പാർലെമെൻ്റിനകത്ത് കൂട്ടത്തല്ല് നടന്നു.
ഭരണകക്ഷിയായ എകെപി പാർട്ടിയുടെ എംപിമാർ അഹ്‌മത് സിക്കിനെ തല്ലുവാൻ പാഞ്ഞടുക്കുന്നതും ചിലർ ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കൈയ്യാങ്കളിയിൽ രണ്ട് എംപിമാർക്ക് പരുക്കേറ്റു.
“നിങ്ങൾക്കൊപ്പം നിൽക്കാത്ത എല്ലാവരെയും വിളിക്കുന്നതുപോലെ, കാൻ അത്ലായിയേും തീവ്രവാദി എന്ന് വിളിക്കുന്നതിൽ ഞങ്ങൾക്ക് അത്ഭുതമില്ല, പക്ഷേ ഈ സീറ്റുകളിൽ ഇരിക്കുന്നവരാണ് ഏറ്റവും വലിയ തീവ്രവാദികൾ ” എന്ന ഭരണപക്ഷത്തെ പരാമർശിച്ചുള്ള പ്രതിപക്ഷ ഡെപ്യൂട്ടി അഹമ്മദ് സിക്കിൻ്റെ വാക്കുകളാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്.
2013-ൽ രാജ്യവ്യാപകമായി ഗെസി പാർക്ക് പ്രതിഷേധം സംഘടിപ്പിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് 2022-ൽ അത്ലായ് 18 വർഷം തടവിന് ശിക്ഷിക്കപ്പെട്ടത്.തനിക്കെതിരെയുള്ള ആരോപണങ്ങൾ അത്ലായ് നിഷേധിച്ചിരുന്നു.തടവിലായിരുന്നിട്ടും, വർക്കേഴ്‌സ് പാർട്ടി ഓഫ് തുർക്കിയെ (ടിഐപി) പ്രതിനിധീകരിച്ച് കഴിഞ്ഞ വർഷം മേയിൽ അത്ലായ് പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാർലമെൻ്റ് അദ്ദേഹത്തിൻ്റെ സീറ്റ് നീക്കം ചെയ്‌തങ്കിലും, ഓഗസ്റ്റ് 1-ന് ഭരണഘടനാ കോടതി അദ്ദേഹത്തിൻ്റെ അംഗത്വം റദ്ദാക്കിയ നടപടി അസാധുവായി പ്രഖ്യാപിച്ചു.
സംഘർഷത്തെത്തുടർന്ന് ഡെപ്യൂട്ടി പാർലമെൻ്റ് സ്പീക്കർ പാർലമെൻ്റ് പിരിച്ചുവിട്ടു. പിന്നീട് മൂന്ന് മണിക്കൂറിലധികം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സെഷൻ വീണ്ടും ചേർന്നത്.ഇത്തവണ ഡെപ്യൂട്ടി സ്പീക്കറിന് പകരം പാർലമെൻ്റ് സ്പീക്കർ തന്നെയാണ് സെഷന് അധ്യക്ഷത വഹിച്ചത്. തുടർന്ന് എകെപിക്കെതിരായ പ്രസ്താവനകൾക്ക് ടിഐപിയുടെ സിക്കിനെയും സിക്കിനെ ശാരീരികമായി ആക്രമിച്ചതിന് എകെപിയുടെ അൽപേയ് ഒസാലനേയും പാർലമെൻ്റ് ശാസിച്ചു.
ഇത് ലജ്ജാകരമാണെന്ന് മുഖ്യ പ്രതിപക്ഷമായ സിഎച്ച്പി നേതാവ് പറഞ്ഞു. "പാർലമെൻ്റ് അംഗങ്ങൾ മറ്റു പാർലമെൻറ് അംഗങ്ങളേയും, സ്ത്രീകളെപ്പോലും അടിച്ചു. ഇത് അംഗീകരിക്കാനാവില്ല," സിഎച്ച് പി നേതാവ് ഓസ്ഗുർ ഓസെൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അക്രമത്തിലൂടെ പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനാണ് ഭരണപക്ഷത്തിൻ്റെ ശ്രമമെന്ന് കുർദിഷ് ഡിഇഎം പാർട്ടി ഗ്രൂപ്പ് ചെയർവുമൺ ഗുലിസ്ഥാൻ കോസിഗിറ്റും കുറ്റപ്പെടുത്തി.അത്ലായിയെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും ടിഐപി ആവശ്യപ്പെട്ടു.