
2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാര്‍ച്ചില്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നതിന് ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണങ്ങള്‍ക്കിടെ നടത്തിയ 173 പ്രസംഗങ്ങളില്‍ 110 എണ്ണവും ഇസ്ലാമോഫോബിക് പരാമര്‍ശങ്ങള്‍ അടങ്ങിയതെന്ന് അന്താരാഷ്ട്ര എന്‍.ജി.ഒ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്ആര്‍ഡബ്ല്യു). കഴിഞ്ഞ ദിവസമാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അവരുടെ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഹിന്ദു മതവിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നതിനായാണ് തെറ്റായ വിവരങ്ങള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുന്നതെന്നും എച്ച്ആര്‍ഡബ്ല്യു പറയുന്നതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷെയ്ഖ് ഹസീന രാജിവെച്ചതിന് പിന്നാലെ ബംഗ്ലാദേശിലെ ഹിന്ദുക്കളടക്കമുള്ള എല്ലാ ന്യൂനപക്ഷങ്ങളുടെയും സുരക്ഷയില്‍ അടുത്തിടെ മോദി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികളില്‍ ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലീങ്ങള്‍ക്കെതിരെ മോദി വലിയ രീതിയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് എച്ച്ആര്‍ഡബ്ല്യു റിപ്പോര്‍ട്ടില്‍ പറയുന്നു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ ഒരു പരിപാടിയില്‍ പ്രധാനമന്ത്രി മുസ്ലീങ്ങളെ നുഴഞ്ഞു കയറ്റക്കാര്‍ എന്നും, കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവര്‍ എന്നും വിശേഷിപ്പിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ സ്വത്തുക്കള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും മോദി പറഞ്ഞിരുന്നു.
സമാനമായ രീതിയില്‍ മോദി നടത്തിയ മറ്റു പരാമര്‍ശങ്ങളും എച്ച്ആര്‍ഡബ്ല്യു അവരുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ പരാമര്‍ശങ്ങളില്‍ നടപടികള്‍ ഒന്നും എടുത്തിട്ടില്ലെന്നും എച്ച്ആര്‍ഡബ്ല്യു ചൂണ്ടിക്കാണിക്കുന്നു.
ബിജെപിയുടെ എല്ലാ താര പ്രചാരകരോടും വിദ്വേഷ പ്രചാരണങ്ങള്‍ നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ മോദിയെ മാത്രം വിദ്വേഷ പ്രചരണങ്ങളില്‍ നിന്ന് വിലക്കിയിട്ടില്ല. മാത്രമല്ല, മോദി പ്രചാരണങ്ങളിലുടനീളം വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതായും എച്ച്ആര്‍ഡബ്ല്യു പറയുന്നു.
അധികാരത്തിലെത്തിയ ശേഷം പത്ത് വര്‍ഷത്തോളമായി മോദിയും മറ്റു ബിജെപി നേതാക്കളും മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, മറ്റു ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവര്‍ക്കെതിരായി നടത്തിവരുന്ന ഇത്തരം വിദ്വേഷ പ്രസംഗങ്ങളും പരാമര്‍ശങ്ങളും സാധാരണമെന്ന് തോന്നിക്കുന്ന വിധത്തിലായി മാറിയിട്ടുണ്ടെന്ന് എച്ച്ആര്‍ഡബ്ല്യുവിന്റെ ഏഷ്യ ഡയറക്ടര്‍ എലൈന്‍ പെയേഴ്‌സണ്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വോട്ട് നേടാനായി ഒരു ജാതിയെയോ മത വികാരത്തെയോ വ്രണപ്പെടുത്തുന്ന രീതിയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് മാതൃകാ പെരുമാറ്റ ചട്ടം പറയുന്നത്. എന്നാല്‍ ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പുകളില്‍ മുസ്ലീങ്ങളെ അധികൃതരും ടാര്‍ഗറ്റ് ചെയ്‌തെന്നും എച്ച്ആര്‍ഡബ്ല്യു പറയുന്നു.
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും കന്‍വാര്‍ യാത്ര കടന്നു പോകുന്ന വഴിയിലെ ഹോട്ടല്‍ കച്ചവട ഉടമക്കാര്‍ അവരുടെ പേരുകള്‍ കടകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവും ബീഫ് കണ്ടെത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ വീടുകള്‍ തെരഞ്ഞുപിടിച്ച് പൊളിച്ചു കളഞ്ഞതും ഇതിന് ഉദാഹരണമാണെന്നും എച്ച്ആര്‍ഡബ്ല്യു പറയുന്നു.
ബിജെപി അധികാരത്തിലെത്തിയ 2014ന് ശേഷമാണ് മുസ്ലീം വിരുദ്ധ പ്രചാരണങ്ങള്‍ വര്‍ധിച്ചതെന്നും എച്ച്ആര്‍ഡബ്ല്യു ചൂണ്ടിക്കാണിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനപരമായ നിലപാട് മൂന്നാമതും അധികാരത്തിലേറിയ ശേഷമെങ്കിലും തിരുത്താന്‍ തയ്യാറാവണമെന്നും പെയേഴ്‌സണ്‍ പറഞ്ഞു.