കള്ളപ്പണം വെളുപ്പിക്കൽ; തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിക്കെതിരെ കുറ്റം ചുമത്തി കോടതി

2023 ജൂണിൽ ഡിഎംകെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ കീഴിൽ വൈദ്യുതി മന്ത്രിയായിരിക്കെ ഉയർന്ന അഴിമതി ആരോപണത്തിലാണ് സെന്തിൽ ബാലാജിയെ ഇഡി കസ്റ്റഡിയിലെടുക്കുന്നത്
സെന്തിൽ ബാലാജി
സെന്തിൽ ബാലാജി
Published on

തമിഴ്‌നാട് മുൻ മന്ത്രി വി സെന്തിൽ ബാലാജിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി ചെന്നൈയിലെ പ്രത്യേക കോടതി. അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സർക്കാരിന് കീഴിൽ മന്ത്രിയായിരിക്കവെയാണ് അഴിമതി നടന്നതെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) പറയുന്നു. 2011നും 2015നും ഇടയിൽ വി സെന്തിൽ ബാലാജി തമിഴ്‌നാട് ഗതാഗത മന്ത്രിയായിരിക്കെയാണ് കേസിനാസ്‌പദമായ സംഭവം. 

വ്യാഴാഴ്ച ചെന്നൈ പ്രത്യേക കോടതിയിൽ ഹാജരായ സെന്തിൽ കുറ്റം നിഷേധിച്ചു. ഇത് രാഷ്ട്രീയ പകപോക്കലാണെന്നും സാക്ഷികളെ വിസ്തരിക്കാൻ ആഗ്രഹിക്കുന്നുവെന്നും മുൻ മന്ത്രി പറഞ്ഞു. എന്നാൽ, കൂടുതൽ വിചാരണക്കായി കോടതി കേസ് ഓഗസ്റ്റ് 16ലേക്ക് മാറ്റിവെച്ചു.

2023 ജൂണിൽ ഡിഎംകെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ കീഴിൽ വൈദ്യുതി മന്ത്രിയായിരിക്കെ ഉയർന്ന അഴിമതി ആരോപണത്തിലാണ് സെന്തിൽ ബാലാജിയെ ഇഡി കസ്റ്റഡിയിലെടുക്കുന്നത്. മന്ത്രിയെ തമിഴ്‌നാട് സർക്കാർ പ്രകടമായി പിന്തുണച്ചെങ്കിലും രാഷ്ട്രീയത്തിന് പൊതുധാർമ്മികതയെ മറികടക്കാൻ കഴിയില്ലെന്ന മദ്രാസ് ഹൈക്കോടതി പ്രസ്താവനക്ക് പിന്നാലെ, ഈ വർഷം ഫെബ്രുവരിയിൽ സെന്തിൽ രാജിവച്ചു. എന്നാൽ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്ന് ഡിഎംകെ ആരോപിച്ചു.

അതേസമയം കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കേസുകളിലെ കുറഞ്ഞ ശിക്ഷാനിരക്ക് ചൂണ്ടിക്കാട്ടി, പ്രോസിക്യൂഷൻ്റെയും തെളിവുകളുടെയും ഗുണനിലവാരത്തിൽ ഇഡി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ബുധനാഴ്ച സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. 2014 മുതൽ 5,200 കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ ഇഡി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 40 കേസുകളിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ പറഞ്ഞതിന് പിന്നാലെയാണ് കോടതി നിരീക്ഷണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com