
ചന്ദ്രനിലെ പാറകളും മണ്ണും ഭൂമിയിലേക്ക് കൊണ്ടുവരാനൊരുങ്ങി ഐഎസ്ആർഒ. ചന്ദ്രയാന്‍ 4, 5 ദൗത്യങ്ങളിലൂടെ അതിനായുള്ള ശ്രമം നടക്കുകയാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥ് പറഞ്ഞു. പദ്ധതിയുടെ പൂർത്തിയായ രൂപരേഖ കേന്ദ്ര സർക്കാരിന് സമർപ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണ് ഐഎസ്ആർഒ.
ചന്ദ്രയാൻ മൂന്നിൻ്റെ ഉജ്വലവിജയത്തിൻ്റെ കരുത്തിൽ തുടർദൗത്യത്തിനുള്ള ഒരുക്കത്തിലാണ് ഐഎസ്ആർഒ. ചന്ദ്രയാൻ 4, 5 ദൗത്യങ്ങളിലൂടെ ചന്ദ്രനിൽ നിന്ന് കല്ലുകളും പാറകളും ഉൾപ്പെടെ ഭൂമിയിലെത്തിക്കുകയാണ് ലക്ഷ്യം. 2028ൽ ചന്ദ്രയാൻ നാല് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ, 2040നകം പദ്ധതി പൂർത്തിയാക്കാനാകുമെന്നും ദൗത്യത്തിൻ്റെ രൂപരേഖ പൂർത്തിയായതായും ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു.
അടുത്ത അഞ്ച് വർഷത്തിനിടെ 70ഓളം ഉപഗ്രഹ വിക്ഷേപണങ്ങൾ നടത്താൻ പദ്ധതിയിടുന്നുണ്ട്. ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളുടെ ഒരു പരമ്പര വിക്ഷേപിക്കാനാണ് പദ്ധതി. നേരത്തെ ആസൂത്രണം ചെയ്തിരുന്ന ശുക്രനിലേക്കുള്ള ദൗത്യം ഇപ്പോള്‍ സജീവമല്ല, അതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നതേയുള്ളൂവെന്നും ചെയര്‍മാന്‍ വെളിപ്പെടുത്തി.