ഗാസയിൽ വീണ്ടും കൂട്ടക്കുരുതി, സ്കൂളിന് നേരെ വ്യോമാക്രമണം, നൂറിലേറെ പേർ കൊല്ലപ്പെട്ടു

ആക്രമണം നടത്തിയ സ്കൂൾ ഹമാസിൻ്റെ കൺട്രോൾ സെൻ്ററായിരുന്നെന്നും, ഇവിടെ ഹമാസ് ഭീകരരും കമാൻഡർമാരും ഒളിച്ചു താമസിച്ചിരുന്നെന്നും ഇസ്രയേൽ സൈന്യം ആരോപിച്ചു
ഗാസയിൽ വീണ്ടും കൂട്ടക്കുരുതി, സ്കൂളിന് നേരെ വ്യോമാക്രമണം, നൂറിലേറെ പേർ കൊല്ലപ്പെട്ടു
Published on



ഗാസയിൽ അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന സ്കൂളിന് നേരെ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ആക്രമണത്തിൽ നൂറിലധികം ആളുകൾ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരുക്കേറ്റതായും പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഹമാസിൻ്റെ ഒളിത്താവളത്തിലായിരുന്നു ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിൻ്റെ വാദം. കഴിഞ്ഞ ദിവസവും സമാനമായി അഭയാർഥി ക്യാമ്പുകളിലേക്ക് ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു.

ഗാസ സിറ്റിയിലെ അൽ-സഹാബ പ്രദേശത്തെ അൽ-തബയിൻ സ്കൂളിലാണ് ഇന്ന് പുലർച്ചെയോടെ വ്യോമാക്രമണമുണ്ടായത്. പുലർച്ചെ ആളുകൾ ഫജർ പ്രാർഥനയ്‌ക്കെത്തിയ സമയത്തായിരുന്നു ഇസ്രയേലിൻ്റെ വ്യോമാക്രമണം. ഇതിനാലാണ് മരണസംഖ്യ ഇത്രയധികം ഉയർന്നതെന്ന് ഹമാസിന് കീഴിലുള്ള സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു. ഇതൊരു ഭയാനകമായ കൂട്ടക്കൊലയാണ് എന്നായിരുന്നു ഗാസയിലെ സിവിൽ ഡിഫൻസ് ഡയറക്ടർ മഹമൂദ് ബാസൽ പറഞ്ഞത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും ബാസൽ വ്യക്തമാക്കി.

എന്നാൽ അൽ-തബയിൻ സ്കൂൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹമാസ് നേതാക്കളെയാണ് ലക്ഷ്യം വെച്ചതെന്ന് ഇസ്രയേലി സൈന്യം വാദിച്ചു. സ്കൂൾ ഹമാസിൻ്റെ കൺട്രോൾ സെൻ്ററായിരുന്നെന്നും ഇവിടെ ഹമാസ് ഭീകരരും കമാൻഡർമാരും ഒളിച്ച് താമസിച്ചിരുന്നെന്നും സൈന്യം പറയുന്നു.

കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിലായി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടിരുന്നു. സെൻട്രൽ ഗാസയിലെ അൽ-ബുറൈജ് ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 15 പേരായിരുന്നു കൊല്ലപ്പെട്ടത്. മറ്റൊരു ക്യാമ്പിൽ നടന്ന ആക്രമണത്തിൽ നാല് പേരും കൊല്ലപ്പെട്ടു. ഏറ്റവും കൂടുതൽ ജനവാസമുള്ള ക്യാമ്പുകൾ കേന്ദ്രീകരിച്ചായിരുന്നു ഇസ്രയേലിന്‍റെ ആക്രമണം. എന്നാൽ യുദ്ധം വ്യാപിക്കുമെന്ന ആശങ്കകൾക്കിടെ ഓഗസ്റ്റ് 15ന് വെടിനിർത്തൽ ചർച്ചകൾ പുനരാരരംഭിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com