മുല്ലപ്പെരിയാർ ഡാം; പുതിയ ഡാം വേണമെന്ന ആവശ്യവുമായി കേരളത്തിൽ നിന്നുള്ള എംപിമാർ

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്നും നിലവിലെ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള എംപി മാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്
Mullaperiyar Dam
Mullaperiyar Dam
Published on

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യവുമായി കേരളത്തിൽ നിന്നുള്ള എംപിമാർ. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് അടക്കമുള്ള എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്നും നിലവിലെ ഡാം ഡീ കമ്മീഷൻ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എംപിമാരായ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ബെന്നി ബെഹ്‌നാൻ എന്നിവരാണ് നോട്ടീസ് നൽകിയത്. ഡാമിന് സമീപമുള്ള ജനങ്ങളുടെ ജീവൻ അപകടത്തിലാണെന്നും എംപിമാർ പറഞ്ഞു. കേരളത്തിലെ അഞ്ചു ജില്ലകളിലെ ജനങ്ങൾക്ക് ഡാം ഭീഷണിയാണെന്നും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് പറഞ്ഞു.

അതേസമയം, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണം എന്നാവശ്യപ്പെട്ടും, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിസംഗതയിൽ പ്രതിഷേധിച്ചും ഇടുക്കി ഉപ്പുതറയിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു . പെരിയാർവാലി പ്രൊട്ടക്ഷൻ മൂവ്മെന്റിന്റെ നേതൃത്വത്തിലാണ് സംഘടനകളെ ഏകോപിപ്പിച്ചത്.

കാലാവസ്ഥാ വ്യതിയാനവും, അതിതീവ്രമായ മഴ മുന്നറിയിപ്പും പരിഗണിച്ച് അടിയന്തിരമായി ഡാം ഡീ കമ്മീഷൻ ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണും വരെ പ്രക്ഷോഭം തുടരാനും ഓഗസ്റ്റ് 11 ന് വിപുലമായ പ്രതിഷേധ കൺവൻഷൻ നടത്താനുമാണ് പ്രതിഷേധക്കാരുടെ തീരുമാനം.

136 അടിയായ ജലനിരപ്പ് സുപ്രീംകോടതി നിർദേശപ്രകാരം 142 ആക്കിയിരുന്നു. ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. എന്നാൽ, പുതിയ ഡാം നിർമിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. അതേസമയം, മുല്ലപ്പെരിയാറിൻറെ വൃഷ്ടി പ്രദേശനങ്ങളിൽ മഴ കുറഞ്ഞു. മുല്ലപ്പെരിയാർ ഡാമിലെ ഇന്നത്തെ ജലനിരപ്പ് 131.40 അടിയാണ്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com