
തമിഴ്നാട് ബിഎസ്‌പി നേതാവ് കെ. ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോൺഗ്രസ് പ്രവർത്തകനായ അശ്വത്താമനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ അരുൾ ആണ് അശ്വത്താമൻ്റെ പേര് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. അറസ്റ്റ് ചെയ്യപ്പെട്ട പ്രവർത്തകനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കോൺഗ്രസ് അറിയിച്ചു.
കഴിഞ്ഞ മാസം, ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെ മറ്റൊരു പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. തെളിവെടുപ്പിനായി മാധവരത്തിന് സമീപത്ത് എത്തിച്ചപ്പോഴായിരുന്നു സംഭവം. കൊലക്കേസിൽ അറസ്റ്റിലായ ഗുണ്ടാനേതാവ് തിരുവെങ്കടത്തിനു നേരെയാണ് പൊലീസ് വെടിയുതിർത്തത്.
ജൂലൈ അഞ്ചിനാണ് ബിഎസ്‌പി നേതാവ് ആംസ്ട്രോങ്ങ് കൊല്ലപ്പെടുന്നത്. പെരമ്പൂരിൽ ബൈക്കിലെത്തിയ ആറംഗ സംഘം ആംസ്‌ട്രോങ്ങിനെ വീടിന് സമീപത്തു വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റ് ചോരവാര്‍ന്ന അവസ്ഥയിലായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ വർഷം ഗുണ്ടാസംഘത്തിലെ ആർക്കോട് സുരേഷിനെ കൊലപ്പെടുത്തിയതിന് പ്രതികാരമെന്നോളമാണ് ബിഎസ്‌പി നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നുമാണ് പൊലീസിൻ്റെ കണ്ടെത്തൽ. ആംസ്ട്രോങ്ങിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 22 പേരാണ് അറസ്റ്റിലായത്.