വഖഫ് ഭേദഗതി ബില്‍ ദുരുദ്ദേശ്യപരം; കേന്ദ്ര നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് മുസ്ലീം ലീഗ്

ന്യായമായും സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)യില്‍ മുസ്ലീം ലീഗിന്റെ ഒരു പ്രതിനിധി വരേണ്ടതായിരുന്നു എന്ന് കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു.
വഖഫ് ഭേദഗതി ബില്‍ ദുരുദ്ദേശ്യപരം; കേന്ദ്ര നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് മുസ്ലീം ലീഗ്
Published on

വഖഫ് ഭേദഗതി ബില്‍ ദുരുദ്ദേശപരമെന്ന് മുസ്ലീം ലീഗ്. കേന്ദ്രത്തിന്റെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. അതിന് വേണ്ടി പ്രതിപക്ഷ നേതാക്കളുമായും എല്ലാ മതേതര കക്ഷികളുമായും ഒരുമിച്ച് കൂടിയാലോചനകള്‍ നടത്തുമെന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ പ്രതിപക്ഷം, പ്രത്യേകിച്ച് ഇന്ത്യ സഖ്യത്തില്‍ വരുന്ന പ്രതിപക്ഷ കക്ഷികള്‍ ശക്തമായി തന്നെ ബില്ലിനെ എതിര്‍ത്തിട്ടുണ്ട്. അതില്‍ വലിയ ചാരിതാര്‍ഥ്യമുണ്ട്. അതിന് അഭിനന്ദനവും നന്ദിയും രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു.

ജെപിസിയില്‍ കേരളത്തില്‍ നിന്നുള്ള മുസ്ലീം എംപിമാര്‍ക്കും പ്രാതിനിധ്യമില്ല. ഇക്കാര്യം യോഗം വിലയിരുത്തി. ദേവസ്വം ബോര്‍ഡ് ആണെങ്കില്‍ അതുമായി ബന്ധപ്പെട്ട വിശ്വാസി സമൂഹം ഉണ്ടാകുമെന്നാണ് ഇതുവരെയുള്ള കീഴ്‌വഴക്കം. അതുപോലെ ന്യായമായും സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)യില്‍ മുസ്ലീം ലീഗിന്റെ ഒരു പ്രതിനിധി വരേണ്ടതായിരുന്നു എന്ന് കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു.


ലോക്‌സഭയില്‍ വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതൊക്കെ ദുരുദ്ദേശ്യപരമായി ചെയ്യുന്ന കാര്യങ്ങളാണ്. ഇപ്പോള്‍ അവര്‍ക്ക് ഭൂരിപക്ഷം ഉള്ള ഒരു കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. ഇത് മൗലിക അവകാശങ്ങള്‍ക്ക് തന്നെ എതിരാണ്. ഭരണഘടനാ നിര്‍മാണം നടത്തിയവര്‍ ഇതൊക്കെ വളരെ സുരക്ഷിതമായി ചെയ്ത കാര്യങ്ങളാണ്. പക്ഷെ ഇപ്പോള്‍ അതിലെല്ലാം ഇടപെടുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്.

മതേതര ശക്തികള്‍ ഇതിനെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. ബിജെപിയുടെ കൂടെയുള്ള കക്ഷികള്‍ക്ക് തന്നെ ഇത് അത്ര ദഹിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നത്. അവരുടെ എതിര്‍പ്പ് കൂടി ഇടയ്ക്ക് പ്രകടമായിരുന്നു. അതുകൊണ്ട് ഒരു നിലയ്ക്കും രാജ്യത്തെ അന്തരീക്ഷത്തില്‍ യോജിച്ച ഒന്നല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബില്ലിനെതിരായ പരിപാടികളും പദ്ധതികളും ആസൂത്രണം ചെയ്ത് അതാത് സമയത്ത് തന്നെ പറയും. വഖഫ് സ്വത്ത് സദുദ്ദേശ്യത്തോടു കൂടി, മതപരമായ കാര്യത്തിന് ദൈവപ്രീതി മാത്രം ലക്ഷ്യം വെച്ച് പലരും നല്‍കുന്നതാണ്. ദേവസ്വം പോലെ തന്നെ വഖവും ദൈവത്തിന് വിട്ടുകൊടുക്കുന്നതു പോലെ ആളുകള്‍ വിട്ടുകൊടുക്കുന്ന ഭൂമിയാണ്. അതിലൊക്കെ കൈ കടത്തുന്നത് ശരിയായ നടപടിയല്ല.

ബില്‍ പിന്‍വലിക്കണമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് യോഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു. വഖഫ് സംരക്ഷണത്തെ അട്ടിമറിക്കുന്നത് ഭരണഘടന-ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും നിയമവിരുദ്ധമായ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വഖഫ് ബോര്‍ഡ് നിവേദനം നല്‍കുമെന്നും ചെയര്‍മാന്‍ അഡ്വ. എംകെ സക്കീര്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com